“പോയ യാത്രകളിലെല്ലാം, കണ്ട കാഴ്ചകളിലെല്ലാം തിരയുമായിരുന്നു ഞാൻ നിന്റെ മുഖം. മുകളിലുള്ളവൻ എപ്പോഴെങ്കിലും എവിടെയെങ്കിലും വെച്ചു കാണിച്ചു തരുമെന്ന് അറിയാമായിരുന്നു. ചുമ്മാ ഒരു വിശ്വാസം. താൻ ഓർക്കുന്നുണ്ടോ, പഴയ സ്കൂൾ കാലം? അന്നൊക്കെ ക്ലാസ് കഴിഞ്ഞ് താൻ പോവുമ്പോ, താൻ ഒടിച്ചിട്ടിരുന്ന ചോക്കിന്റെ കഷ്ണം വരെ ഞാൻ പെറുക്കിക്കൊണ്ടു പോയി സൂക്ഷിക്കുമായിരുന്നു. ചെറുപ്പത്തിലെയുള്ള ഓരോ ഭ്രാന്ത്… പക്ഷെ എന്നും ആ പഴയ നോട്ടീസ് ബോർഡിന് മുന്നിൽ ഞാൻ കാത്തുനിൽക്കാറുള്ളത്….”
ഒന്നു വെട്ടിത്തിരിഞ്ഞ് , ജിതിൻ പറഞ്ഞു തീർക്കുന്നതിന് മുൻപ് കോകില തന്റെ വലതു കരം കൊണ്ട് അവന്റെ വാ പൊത്തി. അവളുടെ ഉള്ളം കയ്യിലെ ചൂടും മണവും അവന്റെ മനസ്സിലേക്ക് പെട്ടെന്ന് കൊണ്ടു വന്നത്, സ്കൂൾ ആനുവൽ ഡെയ്ക്ക് അവൻ കോകിലയുടെ കൂടെ ചിലവഴിച്ച നിമിഷങ്ങളാണ്. സത്യം മാത്രമാകാണമേ എന്നാഗ്രഹിക്കുന്ന, അവന്റെ ഓർമ്മകളിൽ മാത്രമുള്ള ആ നിമിഷം.
“വേണ്ട…. പറയണ്ട ജിത്തൂ…. എനിക്കറിയാം.” അവൾ അവന്റെ നെഞ്ചിലേക്ക് കൈ ചേർത്തു. തന്റെ ഉൾത്തുടിപ്പു മനസ്സിലാക്കിയവന്റെ നെഞ്ചിലെ തുടിപ്പറിയാൻ അവളവന്റെ നെഞ്ചിലേക്ക് കാതു ചേർത്തു. അവരുടെ പഴയ ക്ലാസ് മുറിയുടെ ഗന്ധം തന്നെത്തേടിയെത്തിയത് പോലെ അവന് തോന്നി. ആഹ്ലാദം തിര തല്ലുന്ന മനസ്സുമായി അവൻ തന്റെ കരങ്ങളാൽ അവളെ മൂടിക്കൊണ്ടിരുന്നു.
“നഷ്ടപ്പെട്ടെന്നു കരുതിയതാ നിന്നെ. ഇനി കാണില്ലെന്ന് കരുതിയതാ. ഈ നെഞ്ചിലെ ചൂടാറിയാൻ കൊതിച്ചിട്ടുണ്ട് ഒരു കാലത്ത്. എത്ര നാൾ മറച്ചു വെച്ചു നടന്നു എന്നറിയാമോ….” അവന്റെ ഇടനെഞ്ചിന്റെ മിടിപ്പ് ശ്രവിച്ചു കൊണ്ടവൾ പറഞ്ഞു തുടങ്ങിയപ്പോൾ അവളുടെ അധരങ്ങളിൽ വിരൽ ചേർത്തു ജിതിൻ.
“ശ്… വേണ്ട. എനിക്കറിയാം.” അവനവളെ ഇറുക്കി പുണർന്നു. അവളുടെ മുഖം ചുവന്നു തുടുത്തു. കണ്ണു നനയുന്നതിനിടയിലും കോകിലയുടെ ചൊടികൾ വിരിഞ്ഞു. പൊഴിഞ്ഞു വീഴുന്ന വാകപ്പൂക്കൾക്ക് കീഴെ, ആ മരച്ചുവട്ടിൽ, ജന്മസാഫല്യം നേടിയ നിർവൃതിയിൽ, മനസ്സു കൊണ്ട് പരസ്പരം സംസാരിച്ച് അവർ ഒന്നായി നിന്നു.
“ജിത്തൂ….”
“എന്താ പെണ്ണേ…” അവളെ കെട്ടിപ്പിടിച്ചു നിന്നവൻ വിളി കേട്ടു.
“ബാഗെടുത്തില്ല.”
“ഏത് ബാഗ്?” തന്റെ നെഞ്ചിൽ കിടന്നവളെ അവൻ തല കുമ്പിട്ടു നോക്കി.
“എന്റെ ബാഗ്. ഓഫീസിലിക്കുവാ.”
“അതിൽ വിലപിടിപ്പുള്ളതെന്തെങ്കിലുണ്ടോ?”
“എന്റെ… ചോറ്റുപാത്രം…” കോകില തല പൊക്കി ലജ്ജയോടെ പറഞ്ഞു.
“എന്റെ പൊന്നു പെണ്ണേ…