മേഴ്‌സി ഇതെല്ലാം അറിഞ്ഞാലുള്ള പുകിലറിയാല്ലോ? ദേഷ്യം വന്നാൽ അവൾ താടകയാ. നിന്നെ കൂടെക്കൊണ്ടു നടന്ന് ചീത്തയാക്കുന്നത് ഞാനാണെന്നാ അവളുടെ വാദം. സത്യം അതല്ലെങ്കിലും. ഇനി നീയായിട്ട് എന്റെ പിള്ളേർക്ക് അപ്പനില്ലാണ്ടാക്കരുത്. നീ വാ, കാറിൽ കയറ്. പ്ലീസ്…” സോണി കാറിലേക്ക് കയറി. ജിതിൻ സിഗരറ്റ് കത്തിക്കാതെ വലിച്ചെറിഞ്ഞു കളഞ്ഞ് കാറിൽ കയറി.
“ആ വിൻഡോ അടച്ചിടാൻ മറക്കണ്ട.” ഗിയർ മാറ്റുന്നതിനിടയിൽ സോണി പറഞ്ഞു. ജിതിൻ സീറ്റിലേക്ക് ചാരിയിരുന്ന് കണ്ണുകളടച്ചു. ഒന്നരക്കൊല്ലം മുൻപ് നടന്ന സംഭവത്തിലേക്ക് അവന്റെ മനസ്സ് ചെന്നെത്തി.
അന്ന് പാലക്കാട് വച്ച്……
ലോഡ്ജിൽ ചെന്ന് തുണിയും മണിയുമെല്ലാം വാരി വലിച്ച് ബാഗിലാക്കി, ലോഡ്ജിന്റെ ചാവിയും കൊടുത്ത് അവനിറങ്ങി, ഇനി വീട്ടിലേക്ക്. വീട്ടുകാരോട് ഇനിയെന്തു പറയും? അവൻ വണ്ടി കുറച്ചു മാറ്റിയിട്ട്, അടുത്തുള്ള കടയിൽ നിന്നും ഒരു സിഗരറ്റ് വാങ്ങി കൊളുത്തി. രണ്ടു പുകയെടുത്തു നിന്നപ്പോൾ ഫോൺ റിങ് ചെയ്തു. ഗൾഫ് നമ്പർ. അവൻ കട്ട് ചെയ്തു. രണ്ടാമതും കോൾ വന്ന് കട്ട് ചെയ്തിട്ടും വീണ്ടും കോൾ വന്നപ്പോൾ ജിതിൻ ഫോണെടുത്തു.
“എന്താടാ മൈരേ നിനക്ക് വേണ്ടത്??”
“ഹാലോ.. ഹാലോ ജിത്തുവല്ലേ?”
“അല്ല നിന്റെ തന്ത. വെക്കടാ മൈരേ ഫോൺ…” അവൻ കോൾ കാട്ടാക്കി. സിഗരറ്റ് വലിച്ചു തീരുന്നത് വരെ അവൻ ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്നു. അവൻ സോണിയെ തിരിച്ചു വിളിച്ചു.
“അളിയാ… ഇപ്പൊ എന്താ ഇണ്ടായെ? നീയെന്തിനാ എന്റെ തന്തക്ക് വിളിച്ചെ?”
“അവള് പോയി മൈരേ…”
“ആര്?”
“ഈ സമയത്തും പൊട്ടൻ കളിക്കണോ സോണി? അവള് പോയെടാ. അവന്റെ ഒടുക്കത്തെ കരിന്നാക്ക്. അവള് കല്യാണം കഴിഞ്ഞ് എങ്ങോട്ടോ പോയി. പോവട്ടെ. എങ്ങോട്ടെങ്കിലും പോയി തുലയട്ടെ. എനിക്കാരും വേണ്ട….” ജിതിന്റെ തൊണ്ടയിടറി. അവന്റെ ഗൗരവമുള്ള മുഖഭാവത്തിനിടക്കും കണ്ണുകൾ നിറഞ്ഞൊഴുകി.
“നീയെന്തൊക്കെയാ ജിത്തൂ ഈ പറയണത്? ആരാ നിന്നോടിതൊക്കെ പറഞ്ഞത്?”
“ഞാനറിഞ്ഞു. എല്ലാം. എനിക്ക്…. എനിക്കെന്തു ചെയ്യണം എന്നറിയില്ല അളിയാ… ചങ്കൊക്കെ വേദനിക്കുന്നു.”
“ജിത്തൂ… നീയാദ്യം എവിടെയെങ്കിലും ഒന്നിരിക്ക്. എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. നീയൊന്ന് തണുക്ക് ആദ്യം.”
ജിതിൻ കാർ തുറന്ന് അകത്തു കയറി എ. സി. ഓണാക്കി ഇരുന്നു.
“ജിത്തൂ, ഞാൻ പറയുന്നത് ശ്രദ്ധിക്ക്. ഞാൻ വിദ്യാ മിസ്സുമായി സംസാരിച്ചു.”
“ഹും, ഇനിയത് കൊണ്ടൊക്കെ എന്തു പ്രയോജനം അളിയാ… “