കോകില മിസ്സ് 9 [കമൽ]

Posted by

ഫൈസലിന്റെ ഭാഗത്തു നിന്നും കുറഞ്ഞത് ഒരു കൂക്കു വിളിയെങ്കിലും പ്രതീക്ഷിച്ചു ജിതിൻ. എന്നാൽ ഫൈസൽ തല തിരിച്ച് പുറകെ ഇരുന്ന ജിതിനെ നിർജ്ജീവമായ കണ്ണുകൾ കൊണ്ട് നോക്കുകയാണുണ്ടായത്. അവനെന്താണ് ഉദ്ദേശിച്ചതെന്ന് ജിതിന് പിടി കിട്ടിയില്ല.
“കൂടുതൽ ഒന്നും പറഞ്ഞു ഞാൻ ബോറടിപ്പിക്കുന്നില്ല. നന്നായി പഠിക്കുക. ലൈഫിൽ ഇടക്ക് എവിടെയെങ്കിലും ഒരു കല്ലിൽ തട്ടി വീണാലും, ആ കല്ലിനെ തടസ്സമായി കാണാതെ മുന്നോട്ടുള്ള വഴിയിലെ മൈൽ സ്റ്റോണായി കാണുക. വിഷ് യു ഓൾ ഗുഡ് ലക്. ബൈ…”
അവൾ പറഞ്ഞു തീർത്ത് തിരികെ നടന്നു. ഒരു നോട്ടമോ ചിരിയോ ജിതിൻ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. എന്തിന്? താൻ അവർക്ക് എല്ലാവരെയും പോലെ തന്നെയല്ലേ? തനിക്ക് മാത്രം എന്ത് സ്പെഷ്യൽ? അവൻ ചിരിച്ചു. സോണി അവന്റെ കയ്യിൽ പിടിച്ചു, ആശ്വസിപ്പിക്കാനെന്നോണം. അതിനും ജിതിന്റെ മറുപടി ഒരു ചിരിയായിരുന്നു. അവസാനമായി കാണുന്ന നാൾ, അവസാനമായി കാണുന്ന നിമിഷം, അതിങ്ങനെയാണല്ലോ? ജിതിന്റെ പേശികളെല്ലാം തളർന്നു പോയി. അവൾ പോകുന്ന നിമിഷം അപ്പോൾ തളർന്നു പോവാതിരിക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ ഉള്ളിൽ പല തവണ പ്രാക്ടീസ് ചെയ്തതാണ്. എന്നിട്ടും, മനസ്സ് നമ്മളെ തോൽപ്പിക്കുന്ന ആ നിമിഷം. അത് നമ്മുടെ നിയന്ത്രണത്തിലല്ലല്ലോ? സോണിയോടൊപ്പം സ്കൂൾ വിട്ട് പോകുന്ന വഴി, അവൻ പലവുരു തിരിഞ്ഞു നോക്കി. ഫൈനൽസല്ലേ? അവളെ ഒരു നോക്ക് കൂടി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ? പതിവിന് വിപരീതമായി സോണി നിശ്ശബ്ദനായിരുന്നു.
“നമുക്ക് ഒന്നാ ബസ്സ് സ്റ്റോപ്പ് വരെ പോയി നോക്കിയാലോ?” മനസ്സിന്റെ ആശയടക്കാൻ ഒരു മാർഗം തേടി ജിത്തു ചോദിച്ചു.
“പോയിട്ട്?”
“പോയിട്ട്… അവളെ ഒന്നു കൂടി ഒന്ന് കാണാൻ….”
“മം… ശെരി. ഞാൻ നിന്റെ കൂടെ വരാം. പക്ഷെ ഒരു കണ്ടീഷൻ. ഇപ്പൊ അങ്ങു പോയാൽ, പിന്നെ നീ അവളെയും കൊണ്ടേ തിരിച്ചു പോരാവു. പറ്റ്വോ?”
“സോണിമോനെ…” ജിതിൻ അപേക്ഷാ രൂപത്തിൽ അവനെ വിളിച്ചു.
“അളിയാ, നിന്റെ വിഷമം എനിക്ക് മനസ്സിലാവും. പക്ഷെ, നീയിപ്പോ അങ്ങു പോയി, കുറെ കാത്തിരുന്ന് അവരെ കണ്ടു എന്നു തന്നെയിരിക്കട്ടെ. അവൾക്ക് നിന്നോട് ഇതുവരെ തോന്നാത്തത് ഇപ്പൊ തോന്നും എന്ന് നീ കരുതുന്നുണ്ടോ? അങ്ങിനെയാണെങ്കിൽ പോവാം.”
“പിന്നെ ഞാൻ എന്ത് ചെയ്യാനാ സോണി? എനിക്കറിയില്ല അളിയാ. അവളില്ലാണ്ട്… എനിക്ക്…. എനിക്ക് പറ്റില്ല അളിയാ… ചങ്ക് പൊടിഞ്ഞു പോണ പോലെ…” ജിതിന്റെ കണ്ണു നിറഞ്ഞു.
“ഡാ… ജിത്തൂ, ഇങ്ങോട്ട് നോക്കിയേ… എടാ, ഇനിയും അവളെ കണ്ടാലേ, നിനക്ക് നിന്റെ മനസ്സിന്റെ പിടി വിട്ടു പോവും. വേണ്ടളിയാ, നീ ശവം പോലെ ഇരിക്കുന്നത് ഞാൻ പല വട്ടം കണ്ടതാ. എന്തു ചീത്ത വിളിച്ചാലും, നീ എനിക്ക്… നീ തന്നെയല്ലേ? എന്നോട് കുറച്ചെങ്കിലും സ്നേഹമുണ്ടെങ്കിൽ വേണ്ടളിയാ… വിട്ടേക്ക്. ഞാൻ പറയുന്നതിന് നീ കുറച്ചെങ്കിലും വില കല്പിക്കുന്നുണ്ടെങ്കിൽ വാ, നമുക്ക് വീട്ടിൽ പോവാം. ആരും കാണാതെ നീ കരഞ്ഞോ. ഒരു കുഴപ്പോമില്ല. നീ ഉള്ളിൽ കരയുവാണെന്ന് എനിക്കറിയാം. അത് വേറെയാരെയും കാണിക്കേണ്ട മുത്തേ. വാ….”

Leave a Reply

Your email address will not be published. Required fields are marked *