“എനിവേയ്സ്, ഞാന്‍ ആദ്യമായി വന്നതല്ലേ. ഗിവ് എനിതിംഗ് ഓഫ് യുവര്‍ ചോയ്സ്; ഒന്നും കുടിച്ചില്ലെന്ന് വേണ്ട”
ഞാന്‍ പുഞ്ചിരിച്ചിട്ട് ഉള്ളിലേക്ക് പോയി.
“അവര്‍ ആരായിരുന്നു മിസ്റ്റര്‍ മാത്തന്‍?” ഹരീഷ് ചോദിക്കുന്നത് ഞാന്‍ കേട്ടു.
“ഇവിടെയുള്ള കണ്ട്രികള്‍ ആണ്. നിങ്ങളെ കാണാനായി ഞാനിങ്ങോട്ട് കയറി വന്നപ്പോള്‍ അവന്മാര്‍ ദോ ആ ജനലിലൂടെ ഒളിച്ചുനോക്കുകയാണ്. കാണാന്‍ കൊള്ളാവുന്ന പെണ്ണുങ്ങളുള്ള വീടുകളില്‍ ഈ നായിന്റെമോന്മാര്‍ പാത്തും പതുങ്ങിയും ചെല്ലും. പെണ്ണുങ്ങള്‍ കഴുകിയും കഴുകാതെയും ഇടുന്ന അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോകും. ഞരമ്പുരോഗികളാണ്; ഇനി ഇവിടെ അവന്മാര്‍ കയറില്ല. നല്ല പെട കൊടുത്താണ് വിട്ടത്”
ജ്യൂസുമായി ചെന്ന എന്നെ ഹരീഷ് ഞെട്ടലോടെ നോക്കി.
“ഹിമ, യു ഹാവ് ടു ബി കെയര്‍ഫുള്‍. പകല്‍ നീ തനിച്ചല്ലേ കാണൂ ഇവിടെ”
“ഏയ് ഡോണ്ട് വറി. തൊട്ടപ്പുറത്ത് ഞാനുണ്ടല്ലോ” ജ്യൂസ് വാങ്ങിക്കൊണ്ട് അയാള്‍ പറഞ്ഞു.
ഹരീഷ് ദൈന്യതയോടെ എന്നെ നോക്കി. അവന്മാരെപ്പോലെയുള്ള ശല്യങ്ങള്‍ ധാരാളമായിരുന്നു സ്വതവേ സംശയമുള്ള ഹരീഷിന്റെ സമാധാനം പൂര്‍ണ്ണമായി കളയാന്‍.
“മിസ്സിസ് ഹരീഷ്, യുവര്‍ ജൂസ് ഈസ് എക്സലന്റ്. ഇത്ര നല്ലൊരു ഫ്രൂട്ട് ജ്യൂസ് ഞാന്‍ ഇതുവരെ രുചിച്ചിട്ടില്ല. ലക്കി മാന്‍. ഐ തിങ്ക് ഷി ഈസ് എ ക്വീന്‍ ഓഫ് ഗ്യാസ്ട്രോണമി”
ഹരീഷ് ചിരിക്കാന്‍ ശ്രമിച്ചു.
“എനിവേയ്സ്, ഞാന്‍ വന്നത് പരിചയപ്പെടാന്‍ മാത്രമല്ല. നിങ്ങള്‍ പുറത്തുനിന്നും പച്ചക്കറിയോ മീനോ കോഴിയോ മുട്ടയോ ഒന്നും വങ്ങേണ്ട എന്ന് പറയാനുമാണ്. എല്ലാം വേണ്ടത്ര അളവില്‍ ഞാന്‍ കൊടുത്തുവിട്ടോളാം. പണത്തിനല്ല, എന്റെ സന്തോഷത്തിന്. പിന്നെ മിസ്സിസ് ഹരീഷ്, ഇതെന്റെ കാര്‍ഡ്. ഫോണ്‍ നമ്പരുകള്‍ അതിലുണ്ട്. ഇഫ് യു നീഡ് എനിതിംഗ്, ജസ്റ്റ് കോള്‍ മി, ഓകെ? ഇവിടെ നിങ്ങള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകാതെ നോക്കേണ്ടത് എന്റെകൂടി കടമയല്ലേ” അയാള്‍ നീട്ടിയ കാര്‍ഡ് ഞാന്‍ വാങ്ങി.