മൃഗം 20 [Master]

Posted by

“ഷുവര്‍. ഞാന്‍ പൌലോസിനോട്‌ പറഞ്ഞോളാം. പിന്നെ നീ ഇപ്പോള്‍ ഭാരത്‌ ടൈംസിന്റെ റിപ്പോര്‍ട്ടര്‍ പോയ പോക്ക് കണ്ടിരുന്നോ..പൌലോസ് ഒരു ചവിട്ട് ചവിട്ടി..ഫുട്ബോള്‍ തെറിച്ചു വീഴുന്നതുപോലെയാണ് അവന്‍ ചെന്നു വീണത്”
“കണ്ടു..അങ്ങേര്‍ക്ക് മീഡിയക്കാരെ കണ്ണെടുത്താല്‍ കണ്ടുകൂടാ”
“ശരി നീ പുറത്തോട്ടു നില്‍ക്ക്..ഞാന്‍ പൌലോസിനെ വിളിക്കട്ടെ”
“ശരിയടി” ഡോണ വാസുവിനെയും കൂട്ടി പുറത്തേക്ക് ഇറങ്ങി നിന്നു.
“പൌലോസ്..ഇന്നത്തെ സംഭവങ്ങള്‍ ഡോണ ചോദിക്കുന്നു. എനിക്ക് വേണമെങ്കില്‍ അവള്‍ക്ക് വിവരങ്ങള്‍ നല്‍കാമായിരുന്നു. പക്ഷെ നിങ്ങളുടെ അനുമതി ഉണ്ടെങ്കില്‍ മാത്രം ന്യൂസ് നല്‍കിയാല്‍ മതി എന്നാണ് അവള്‍ പറഞ്ഞത്. എന്ത് പറയുന്നു?”
പൌലോസ് അത്ഭുതത്തോടെ അവരെ നോക്കി. അയാളുടെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങള്‍ മിന്നിമറയുന്നത് ഇന്ദുലേഖ ശ്രദ്ധിച്ചു. താന്‍ പറഞ്ഞത് അയാളുടെ മനസിന്റെ ഏതോ കോണില്‍ സ്പര്‍ശിച്ചിട്ടുണ്ട് എന്ന് അവര്‍ക്ക് മനസ്സിലായി.
“മാഡത്തിന്റെ കൂട്ടുകാരിക്ക് ഇന്‍ഫര്‍മേഷന്‍ നല്‍കുന്നതിന് വെറും ഒരു സബ് ഇന്‍സ്പെക്ടര്‍ ആയ എന്റെ പെര്‍മിഷന്‍ എന്തിനാണ് മാഡം?” അവസാനം അയാള്‍ ചോദിച്ചു.
“എനിക്കല്ല..അവള്‍ക്കാണ് അത് വേണ്ടത്”
പൌലോസിന്റെ കണ്ണുകളില്‍ ചെറിയ നനവ് പടര്‍ന്നത് പോലെ ഇന്ദുലേഖയ്ക്ക് തോന്നി. അയാള്‍ വേറേതോ ലോകത്തെന്നപോലെ അല്‍പനേരം നിന്നുപോയി.
“ഒകെ മാം..ഐ ഹാവ് നോ ഇഷ്യു” ഒരു ദീര്‍ഘനിശ്വാസത്തോടെ പൌലോസ് പറഞ്ഞു.
“ഡോണ..കമോണ്‍ ഇന്‍”
പുറത്തേക്ക് നോക്കി ഇന്ദുലേഖ വിളിച്ചു പറഞ്ഞു. ഡോണ വാസുവിനെയും കൂട്ടി കയറി വന്നു. മുഖം കുനിച്ചാണ് അവള്‍ ഉള്ളിലേക്ക് വന്നത്. അവള്‍ അടുത്തെത്തിയപ്പോള്‍ പൌലോസ് അവളെ നോക്കി. ഡോണയും മുഖമുയര്‍ത്തി അയാളെ നോക്കി. ആദ്യമായി പൌലോസിന്റെ പകയില്ലാത്ത, ആര്‍ദ്രമായ കണ്ണുകള്‍ അവള്‍ കണ്ടു; വാസുവും.

“എന്താടീ വാടിയ ചേമ്പില പോലെ? ങേ? പേടിക്കണ്ട..നിന്റെ പൌലോസ് സാറ് സമ്മതിച്ചു”
ഇന്ദുലേഖ ഒരു കുസൃതിച്ചിരിയോടെ ഡോണയുടെ വാടിയ മുഖത്തേക്ക് നോക്കി പറഞ്ഞു. അവളുടെ മുഖം ഒരു ചെന്താമര പോലെ വിടരുന്നത് ഇന്ദുലേഖ കണ്ടു. അയാള്‍ സമ്മതിക്കണേ എന്ന് മനസ്സില്‍ പ്രാര്‍ഥിച്ചു കൊണ്ടായിരുന്നു ഡോണ പുറത്ത് നിന്നിരുന്നതും ഉള്ളിലേക്ക് വന്നതും എന്ന് ഇന്ദുലേഖ അറിഞ്ഞിരുന്നില്ല. പൌലോസിന്റെ കാര്യത്തില്‍ ഒരു ഊഹവും അവള്‍ക്ക് സാധ്യമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അയാള്‍ സമ്മതിച്ചു എന്ന് കേട്ടപ്പോള്‍ ഡോണ കുട്ടികളെപ്പോലെ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
“സത്യം? ആണോ സര്‍”
അവള്‍ ഇന്ദുലേഖയെയും പിന്നെ പൌലൊസിനെയും നോക്കി അത്യാഹ്ലാദത്തോടെ ചോദിച്ചു. പൌലോസ് ശാന്തമായി തലയാട്ടി.
“ഹാവൂ..ആശ്വാസമായി..” ഡോണ ആയാസരഹിതമായി ശ്വസിച്ചുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *