“വണ്ടി എടുക്ക്” അവള്‍ ബാഗിന്റെ സ്ട്രിപ് ശരിയാക്കിക്കൊണ്ട് പറഞ്ഞു.
“അങ്ങനെ ഇന്നത്തെ ഹോട്ട് ന്യൂസ് ആയി..ഹഹഹ്ഹ്ഹ…ഗുഹ്ഹ്ഹഹഹ” വാസു ചിരി നിര്‍ത്താന്‍ സാധിക്കാതെ ബൈക്കില്‍ കയറി. അവന്റെ കാല്‍ കിക്കറില്‍ അമര്‍ന്നപ്പോള്‍ ഡോണ പിന്നാലെ കയറിയിരുന്നു..
“കൂടുതല്‍ ഇളിക്കല്ലേ..നീ ഞാന്‍ പറയുന്നിടത്തോട്ടു വണ്ടി വിട്” ഡോണ അവന്റെ പുറത്ത് തന്നെ ഒരിടി പാസാക്കിക്കൊണ്ട് പറഞ്ഞു.
വാസു ചിരി നിര്‍ത്താതെ വണ്ടി മുന്‍പോട്ടെടുത്തു.
“അവന്മാരെ കിട്ടിയില്ല അല്ലെ പൌലോസ്”
എ സി പി ഓഫീസിലേക്ക് എത്തിയ പൌലോസിനോട് ഇന്ദുലേഖ ചോദിച്ചു.
“ഇല്ല മാം..പക്ഷെ കിട്ടും..ഇവളുമാരെ നമുക്ക് കിട്ടിയല്ലോ..”
“വെല്‍ ഡണ്‍ മിസ്റ്റര്‍ പൌലോസ്. ഞാനവരെ പിന്നിലെ മുറിയില്‍ ഇരുത്തിയിട്ടുണ്ട്. കമോണ്‍..നമുക്കവരെ ചോദ്യം ചെയ്യാം”
“അതിനുമുന്‍പ് മാഡം ദാ ഈ സിറിഞ്ച് ഒന്ന് പരിശോധനയ്ക്ക് അയയ്ക്കണം. ഇത് ആ നേഴ്സിന്റെ വേഷം ധരിച്ചവളുടെ കൈയില്‍ നിന്നും പിടിച്ചെടുത്തതാണ്. മര്‍ഡര്‍ അറ്റംപ്റ്റ് ആണ് നടന്നിരിക്കുന്നത്. ഞാനൊരു സെക്കന്റ് വൈകിയിരുന്നെങ്കില്‍ അസീസ് ഇപ്പോള്‍ ജീവനോടെ കാണില്ലായിരുന്നു”
നാദിയയുടെ കൈയില്‍ നിന്നും പിടിച്ചെടുത്ത സിറിഞ്ച് എ സി പിക്ക് കൈമാറിക്കൊണ്ട് പൌലോസ് പറഞ്ഞു. അവരത് വാങ്ങി പരിശോധിച്ച ശേഷം മേശ വലിപ്പില്‍ വച്ചു.
“ഹേയ് സര്‍..എന്താണ് സംഭവം..റോഡിലൂടെ താങ്കളുടെ മരണപ്പാച്ചില്‍ കണ്ടു പിന്തുടര്‍ന്നാണ് ഞാനിവിടെ എത്തിയത്”
പത്രപ്രവര്‍ത്തകന്‍ എന്ന് തോന്നിക്കുന്ന ഒരു യുവാവ് വേഗം ഉള്ളിലേക്ക് എത്തി പൌലോസിനോട് ചോദിച്ചു.
“നീ ആരാ?”
“ഞാന്‍ ഭാരത് ടൈംസിന്റെ റിപ്പോര്‍ട്ടര്‍ ആണ്..എബി കുര്യാക്കോസ്” അവന്‍ പറഞ്ഞു.
“ഫൈന്‍..നൌ യു ജസ്റ്റ് ഗെറ്റ് ഔട്ട്” പൌലോസ് മുരണ്ടു.
“സര്‍..ഞാനൊരു മീഡിയ പ്രവര്‍ത്തകന്‍ ആണ്. എന്താണ് പ്രശ്നം എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അത് അവരിലേക്ക് എത്തിക്കുകയാണ് ഞങ്ങളുടെ കര്‍ത്തവ്യം..സൊ യു ഹാവ് റ്റു ആന്‍സര്‍ മി..”
പൌലോസ് തിരിഞ്ഞ് ഇന്ദുലേഖയെ ഒന്ന് നോക്കി. എന്ത് വേണേലും ആയിക്കൊളാന്‍ അവര്‍ കണ്ണുകൊണ്ട് സിഗ്നല്‍ നല്‍കി.
“നിനക്ക് ഞാന്‍ മൂന്ന്‍ സെക്കന്റ് തരുന്നു..അതിനകം നീ ഈ ഓഫീസിന്റെ കാമ്പസിനും പുറത്ത് എത്തിയിരിക്കണം..കമോണ്‍..വണ്‍…” പൌലോസ് സെക്കന്റ് വച്ച് എണ്ണാന്‍ തുടങ്ങി.
“ഹേയ്..നിങ്ങള്‍ക്ക് എന്നെ അറിയില്ല…വിവരമറിയാതെ ഞാനിവിടെ നിന്നു പോകുന്ന പ്രശ്നമില്ല”
എബി നെഞ്ചു വിരിച്ചു നിന്നുകൊണ്ട് പൌലോസിനെ വെല്ലുവിളിച്ചു. പക്ഷെ നാവില്‍ നിന്നും ത്രീ എന്ന വാക്ക് വീണതും പൌലോസിന്റെ വലതുകാല്‍ എബിയുടെ നെഞ്ചില്‍ പതിഞ്ഞതും ഒരേ സമയത്തായിരുന്നു. എബി ഒരു മൂന്നു മീറ്റര്‍ ദൂരത്തേക്ക് തെറിച്ചു വീണു. പൌലോസ് പകയോടെ അവനുനേരെ പാഞ്ഞടുത്തു. അവന്‍ ഭീതിയോടെ ചാടി എഴുന്നേറ്റ് പുറത്തേക്ക് ഓടി. അപ്പോഴാണ് വാസുവും ഡോണയും കയറിയ ബൈക്ക് അവിടെത്തി നിന്നത്. ഏതോ പ്രതി ഓടി രക്ഷപെടാന്‍ ശ്രമിച്ചതാണ് എന്ന് കരുതി വാസു അവന്റെ ഷര്‍ട്ടിനു പിടിച്ചു തിരിച്ചു നിര്‍ത്തി. അവന്റെ ഷര്‍ട്ടില്‍ ഷൂസിട്ട കാല്‍ കൊണ്ടുള്ള ചവിട്ടിന്റെ പാട് അവര്‍ ഇരുവരും കണ്ടു.