പൌലോസിന്റെ മനസ് ജാഗരൂകമായി. എന്തോ സംഭവിച്ചിരിക്കുന്നു.
“അവര്‍ എങ്ങോട്ടാണ് പോയത്..” അയാള്‍ വണ്ടിയുടെ വേഗത കുറച്ചുകൊണ്ട് ചോദിച്ചു.
“അറിയില്ല സര്‍..പക്ഷെ അവര്‍ ഒരു വെളുത്ത മാരുതി വാനിലാണ് വന്നത് എന്ന് അറിഞ്ഞിട്ടുണ്ട്”
“ഓക്കെ..ഞാന്‍ നോക്കട്ടെ”
പൌലോസ് ഫോണ്‍ വച്ച ശേഷം കണ്ട്രോള്‍ റൂമിലേക്ക് വിളിച്ച് വിവരം നല്‍കി. പിന്നെ വണ്ടിയുടെ സൈറന്‍ ഓണാക്കി നടുറോഡില്‍ അതിശക്തമായി വെട്ടിത്തിരിച്ചു. പല വണ്ടികളുടെയും ടയറുകള്‍ നിലത്തുരയുന്ന ശബ്ദം അവിടെ മുഴങ്ങി. പൌലോസിന്റെ ബൊലെറോ ഒരു പടക്കുതിരയെപ്പോലെ തിരികെ കുതിച്ചു. അയാളുടെ വേഗതയിലുള്ള വരവ് കണ്ടു വണ്ടികള്‍ പലതും വശങ്ങളിലേക്ക് മാറി.
“വാസൂ..ആ പോയത് നമ്മുടെ പൌലോച്ചന്‍ അല്ലെ? ഇയാള്‍ ഇതെങ്ങോട്ടാ ഇത്ര പാഞ്ഞു പോകുന്നത്” വാസുവിന്റെ പിന്നാലെ ബുള്ളറ്റില്‍ വരികയായിരുന്ന ഡോണ പോലീസ് വാഹനത്തിന്റെ കുതിപ്പ് കണ്ടു സംശയത്തോടെ ചോദിച്ചു.
“ഞാന്‍ ശ്രദ്ധിച്ചില്ല”
“എടാ ആ പോക്കില്‍ എന്തോ ഉണ്ട്..സംതിംഗ് ഫിഷി..നീ വേഗം വണ്ടി തിരിക്ക്..ഇന്നത്തേക്ക് ഒരു ഹോട്ട് ന്യൂസ് ഇതുവരെ കിട്ടിയിട്ടില്ല. ആ എഡിറ്റര്‍ക്ക് എന്നും വേണം ഓരോരോ ഐറ്റംസ്..”
“വേണോ..നിന്നെ കണ്ടാല്‍ മതി അങ്ങേര്‍ക്ക് കലി കേറാന്‍..”
“അതൊന്നും സാരമില്ല..ഇങ്ങനെ പലരുടെയും തെറി ഒക്കെ കേട്ടിട്ടാണ് ഞങ്ങള്‍ ഓരോരോ ന്യൂസ് ഒപ്പിക്കുന്നത്..ഇത് പക്ഷെ സംതിംഗ് സീരിയസ് ആണ്..നീ വണ്ടി തിരിക്ക്”
വാസു ബൈക്ക് നിര്‍ത്തിയിട്ടു തിരിച്ചു.
“എടാ ഒന്ന് വേഗം..നമുക്ക് അയാളുടെ ഒപ്പം എത്തണം” ഡോണ തിരക്ക് കൂട്ടി. വാസുവിന്റെ കൈ ആക്സിലേറ്ററില്‍ തിരിഞ്ഞു. ബുള്ളറ്റ് ഹുങ്കാരത്തോടെ കുതിച്ചു. പൌലോസിന്റെ വാഹനം തങ്ങളുടെ കണ്ണില്‍ നിന്നും മറഞ്ഞത് അവര്‍ മനസിലാക്കി.
“ഓ..എടാ ഒന്ന് വേഗം..കമോണ്‍” ഡോണ അസ്വസ്ഥതയോടെ വാസുവിനെ ഇടിച്ചു.
“എടി ഇങ്ങനെ റോക്കറ്റ് പോലെ പോയി റോഡില്‍ പടമായാല്‍ എന്ത് ചെയ്യും” വാസു വീണ്ടും വേഗത കൂട്ടിക്കൊണ്ട് ചോദിച്ചു.
“ഒന്നും പറ്റില്ല..നീയല്ലേ ഓടിക്കുന്നത്..ഹും ക്വിക്ക്”
“നിന്റെ ജീവനെനിക്ക് പ്രധാനമാണ്..എങ്കിലും ഇത്ര വിശ്വാസം എന്നിലുള്ള സ്ഥിതിക്ക്..ഒന്ന് മുറുകെ പിടിച്ചോ..തെറിച്ചു പോകാതിരിക്കാന്‍ വേണ്ടിയാണ്” വാസു പറഞ്ഞു. ഡോണ അവന്റെ ഇടുപ്പില്‍ പിടിച്ചു.
പിന്നെ ബൈക്ക് ഒരു കുതിപ്പായിരുന്നു. ഡോണ ഞെട്ടിപ്പോയി. ഡോണ മാത്രമല്ല ആ പോക്ക് കണ്ട പലരും. പോലീസ് റോഡില്‍ പലയിടത്തും പട്രോളിംഗ് നടത്തുന്നത് കണ്ടതോടെ ഡോണയുടെ ആകാംക്ഷ വര്‍ദ്ധിച്ചു.
“ദോ പൌലോസിന്റെ വണ്ടി..അയാള്‍ ഇടയ്ക്ക് നിര്‍ത്തി എന്ന് തോന്നുന്നു..ഗോ..ക്യുക്ക്”
ദൂരെ പൌലോസിന്റെ വണ്ടി കണ്ട ഡോണ പറഞ്ഞു. വാസു അതിവേഗത്തില്‍ മുന്‍പോട്ടു കുതിച്ചു. വാഹന പരിശോധന നടത്താനായി നിന്ന പോലീസുകാരില്‍ ചിലര്‍ ബൈക്കിന്റെ കുതിപ്പ് കണ്ട് എന്തോ പറഞ്ഞെങ്കിലും ഒരു കാറ്റ് പോകുന്നത് പോലെ മാത്രമേ അവര്‍ക്ക് തോന്നിയുള്ളൂ.
പൌലോസ് പല വഴിക്കുമുള്ള പോലീസ് പട്രോളിംഗ് ടീമുകള്‍ക്ക് മെസേജ് നല്‍കിക്കൊണ്ട് പായുകയായിരുന്നു. അവസാനം അയാള്‍ അത് കണ്ടു. കുതിച്ചു പായുന്ന ഒരു വെള്ള മാരുതി. പൌലോസ് വയര്‍ലെസ്സ് എടുത്ത് കണ്ട്രോള്‍ റൂമില്‍ സന്ദേശം നല്‍കി. സന്ദേശം എല്ലാ പോലീസ് വാഹനങ്ങളിലും അതെ സമയം തന്നെ എത്തി.