“ഭ ഒരുത്തനോ..പോലീസുകാരെ നീ ഒരുത്തനും വരത്തനും എന്നാണോടാ വിളിക്കുന്നത്?” ഒരു പോലീസുകാരന്‍ അവനോടു കയര്‍ത്തു.
“നീ വല്ല കേസിലും അകപ്പെട്ടു പിടിയിലായപ്പോള്‍ ഏതെങ്കിലും സ്റ്റേഷനില്‍ വച്ചു കണ്ടതായിരിക്കും” മറ്റേ പോലീസുകാരന്‍ പുച്ഛം കലര്‍ന്ന ചിരിയോടെ പറഞ്ഞു.
“അല്ല സാറെ..അല്ല..അവന്‍ പോലീസല്ല എന്നാണ് എനിക്ക് തോന്നുന്നത്”
അതെ കേട്ടതോടെ പോലീസുകാര്‍ ഞെട്ടി. അവര്‍ അന്ധാളിച്ചു പരസ്പരം നോക്കി.
“എടാ പുല്ലേ നീ മനുഷ്യനെ ഒരുമാതിരി തീ തീറ്റിക്കല്ലേ..എടൊ ഇയാള് വേഗം ചെന്ന് അവര്‍ പോയോന്ന് നോക്ക്. പോയിട്ടില്ലെങ്കില്‍ പൌലോസ് സാറിനെ വിളിച്ചു സംസാരിച്ച ശേഷം വിട്ടാല്‍ മതി..” ഒരു പോലീസുകാരന്‍ മറ്റേ ആളോട് പറഞ്ഞു. അയാള്‍ കേട്ട പാടെ പുറത്തേക്കോടി.
“നിനക്കിങ്ങനെ ഒരു സംശയം ഉണ്ടായിരുന്നെങ്കില്‍ എന്താടാ നേരത്തെ പറയാഞ്ഞത്?” അയാള്‍ അസീസിനോട് ചോദിച്ചു.
“അയാള്‍ എനിക്ക് മുഖം തരാതെയാണ് സാറേ ഇവിടെ നിന്നത്..പോകാന്‍ നേരം മാത്രമാണ് അവന്റെ മുഖത്തിന്റെ ഒരു വശം ഞാന്‍ കണ്ടത്..അവന്‍ പോലീസല്ല..പക്ഷെ ഞാനവനെ എവിടെയാണ് കണ്ടത് എന്ന് ഓര്‍മ്മയും കിട്ടുന്നില്ല. വണ്ടി ഇടിച്ചതോടെ എന്റെ ഓര്‍മ്മയ്ക്ക് നല്ല കുഴപ്പമുണ്ട്”
“ഛെ..നീ പറഞ്ഞത് നേരാണെങ്കില്‍ സാറ് ഞങ്ങളെ കൊല്ലും..ഇനി എന്തൊക്കെ പുകില്‍ ഉണ്ടാകുമോ എന്തോ..”
അയാള്‍ പരിഭ്രാന്തനായി മുറിയില്‍ തലങ്ങും വിലങ്ങും ഉലാത്തിക്കൊണ്ട് താഴേക്ക് പോയ ആള്‍ വരുന്നുണ്ടോ എന്ന് കൂടെക്കൂടെ നോക്കി. പെട്ടെന്ന് അയാള്‍ ഓടിക്കിതച്ച് ഉള്ളിലെത്തി.
“അളിയാ ഞാന്‍ ചെന്നപ്പോഴേക്കും അവര് പൊയ്ക്കളഞ്ഞു..വണ്ടി പോലും കാണാന്‍ പറ്റിയില്ല..”
“ആകെ പുലിവാലായല്ലോ..ഇനിയിപ്പോ എന്ത് ചെയ്യുമടോ?”
“ഇവന് ചിലപ്പോള്‍ തോന്നിയതായിരിക്കും..വണ്ടി ഇടിച്ച് തല മൊത്തം ലൂസായി കിടക്കുവല്ലേ” അയാള്‍ സ്വയം ആശ്വസിക്കാനെന്നോണം പറഞ്ഞു.
“അല്ല സാറെ..അവന്‍ പോലീസല്ല” അസീസ് ആവര്‍ത്തിച്ചു.
“ദേ അവനത് തന്നെ വീണ്ടും പറയുന്നു..എന്തെങ്കിലും ഒരു വഴി പറയടോ”
“ഒരു പിടിയുമില്ല..ഒരു വെളുത്ത മാരുതി വാനിലാണ് അവര്‍ വന്നത് എന്നാണ് അവിടെ ഉണ്ടായിരുന്ന ചിലര്‍ പറഞ്ഞത്” താഴേക്ക് പോയ പോലീസുകാരന്‍ പറഞ്ഞു.
“എന്തായാലും സാറിനെ വിളിച്ച് കാര്യം പറ…വേഗം…വരുന്നത് വരട്ടെ..അബദ്ധമാണ് പറ്റിയതെങ്കില്‍ നമ്മള്‍ അറിയിച്ചില്ല എന്ന് വരരുതല്ലോ?”
“താന്‍ വിളിക്ക്..എനിക്ക് ധൈര്യം പോരാ”
അതോടെ മറ്റെയാള്‍ ഫോണെടുത്തു പൌലോസിന്റെ നമ്പര്‍ അമര്‍ത്തി.
ആശുപത്രിയില്‍ നിന്നും എസിപി ഓഫീസിലേക്ക് പോകുന്ന വഴിക്കാണ് പൌലോസിനു ഫോണ്‍ വന്നത്. അയാള്‍ വേഗം ഫോണെടുത്തു.
“പൌലോസ്”
“സാറേ സാറിങ്ങോട്ട് പോലീസിനെ അയച്ചിരുന്നോ?” മറുഭാഗത്ത് നിന്നും പരിഭ്രമം കലര്‍ന്ന സ്വരം അയാള്‍ കേട്ടു.
“ഞാന്‍ മാഡത്തെ വിളിച്ചു പറഞ്ഞിട്ടുണ്ട്..നമ്മുടെ സ്റ്റേഷനില്‍ വനിതാ പോലീസുകാര്‍ ആരും ഇപ്പോള്‍ ഇല്ലല്ലോ..”
“മാഡം പോലീസിനെ അയച്ചതാണോ സര്‍..നാലു പോലീസുകാരെത്തി അവളെ കൊണ്ടുപോയി”
“ങേ ഇത്ര പെട്ടെന്നൊ?” പൌലോസിന്റെ നെറ്റിയില്‍ ചുളിവുകള്‍ വീണു.
“അതെ സാറെ..അതുകൊണ്ടാണ് ഞങ്ങള്‍ സാറിനെ വിളിച്ചത്. മാത്രമല്ല ഇവിടെ കിടക്കുന്നവന്‍ പറയുന്നു അവരില്‍ ഒരാളെ അവനെവിടെ വച്ചോ കണ്ടിട്ടുണ്ടെന്നും അവന്‍ പോലീസല്ല എന്നും…”