ഞാന്‍ ഞെട്ടി. അയാള്‍ ആശുപത്രിയില്‍ ആണെന്നല്ലേ അച്ഛന്‍ പറഞ്ഞത്? പിന്നെ?
“അദ്ദേഹം ആശുപത്രിയില്‍ ആയിരുന്നില്ലേ?”
“ആരുന്നു. പക്ഷെ മരുന്ന് കഴിച്ചാലും മാറത്തില്ല എന്ന് ഡോക്ടര്‍ പറഞ്ഞോണ്ട് അവരിവിടെ ആക്കീട്ടുപോയി”
ആര്? ആരാണീ അവര്‍? ചോദിക്കണമെന്നുണ്ടായിരുന്നു; പക്ഷെ അവള്‍ വല്ലതും ധരിച്ചാലോ.
“ആശുപത്രിയില്‍ കെട്ടാന്‍ തന്ന പണമാണ്” ഞാന്‍ പറഞ്ഞു. അവളുടെ വദനം ചുവന്നുതുടുത്തു.
“പോവാണെങ്കില്‍ എടുത്തോളാം..”
എനിക്ക് ആകെ ആശയകുഴപ്പമായി. പത്മനാഭന്‍ നായര്‍ക്ക് കുറഞ്ഞത് അറുപതു വയസെങ്കിലും ഉണ്ടാകും. ഇവള്‍ക്ക് ഇരുപതിന് മീതെ എന്തായാലും പ്രായമില്ല. പിന്നെങ്ങനെ ഇവള്‍ അയാളുടെ ഭാര്യയായി? ചോദിക്കണോ? അയാള്‍ ഉള്ളിലുണ്ട്. കേട്ടാല്‍?
“എന്താ ആലോചിക്കുന്നേ” വിരല്‍ കടിച്ചുകൊണ്ട് അവള്‍ ചോദിച്ചു.
“മൊത്തത്തില്‍ കണ്‍ഫ്യൂഷന്‍” അറിയാതെ ഞാന്‍ പറഞ്ഞു. കണ്‍ഫ്യൂഷന്‍ എന്ന വാക്ക് അവള്‍ക്ക് മനസിലായില്ലെന്ന് തോന്നുന്നു. ചോദ്യഭാവത്തില്‍ അവളെന്നെ നോക്കി. ഞാന്‍ വിശദീകരിക്കാന്‍ ശ്രമിക്കാതെ ചായ കുടിച്ച് പാത്രം തിരികെ നല്‍കി.
“അപ്പറത്ത് വരാമോ. പറയാം” അവള്‍ മന്ത്രിക്കുന്ന മട്ടില്‍ പറഞ്ഞു. എന്റെ സംശയങ്ങള്‍ അവള്‍ക്ക് മനസിലായിരിക്കുന്നു. ഒരു നിമിഷം ഞാന്‍ ആലോചിച്ചു. വയസനും രോഗിയുമായ മനുഷ്യന്റെ തിളപ്പുള്ള, കൊഴുത്ത ചെറുപ്പക്കാരിയായ ഭാര്യ. ഇവള്‍ക്ക് അച്ഛന്‍ പണം കൊടുത്തുവിട്ടത് നായര്‍ക്ക് നല്‍കാന്‍ തന്നെയാണോ; ഒന്ന് കാണാതെ ഒന്ന് നല്‍കാത്ത എന്റെ അച്ഛന്‍?
“അതിലെ വാ. അയാളറിയണ്ട” അവള്‍ വീണ്ടും മന്ത്രിച്ചു. ഞാന്‍ തലയാട്ടി. അവള്‍ ചിരിച്ചിട്ട് ഉള്ളിലേക്ക് പോയി. എന്റെ മനസിന്റെ സന്തുലിതാവസ്ഥ എപ്പോഴേ തെറ്റിക്കഴിഞ്ഞിരുന്നതാണ്. രഹസ്യമയിട്ടുള്ള അവളുടെ ക്ഷണം അതിന്റെ ആക്കം കൂട്ടി.
“പോയോടി അവന്‍” നായരുടെ ശബ്ദം.
“പോയി”
“അവനെ എനിക്കിഷ്ടമല്ല. വാമനന്‍. എന്തിനാ അവന്‍ ചെറുക്കനെ അയച്ചത്?”
“പണം തരാന്‍. ഇവിടുത്തെ സ്ഥിതി അറിഞ്ഞോണ്ട്. ദാ”
“ആണോ..അവന്‍ പണം കൊടുത്തുവിട്ടോ. എടീ മാധവീ, ആ പപ്പുവിനോട് പറഞ്ഞു നീ രണ്ടു കുപ്പി വാങ്ങിക്കണം. എനിക്ക് കുടിക്കണം..” നായരുടെ ശബ്ദത്തിന്റെ ദൌര്‍ബല്യം മാറി ഉത്സാഹം നിറഞ്ഞിരിക്കുന്നു.
“വയ്യെങ്കിലും കുടിച്ചേ പറ്റൂ അല്ലെ?”
“ഭ പറേന്ന കേക്കടി ചോത്തീ..എന്നെ കൊണദോഷിക്കാന്‍ വരുന്നോ”
“നാളെയെ ഒക്കൂ. പണ്ടാരക്കാലന്‍. ഞാന്‍ കുളിക്കാമ്പോവാ. കണ്ടില്ലെന്നും പറഞ്ഞ് ഇവിടെ കിടന്ന് കാറല്ലേ”
“ഇന്നെന്താടി സന്ധ്യക്കൊരു കുളി..”