“ഞാന്‍ വാസു..ഒരല്‍പം സംസാരിക്കാനുണ്ടായിരുന്നു..ഒന്ന് പുറത്തോട്ടു വരാമോ”
ഷാജി വണ്ടി തുറന്ന് പുറത്തിറങ്ങി അവന്റെ അരികിലേക്ക് ചെന്നു.
“ഉം പറ..എന്താ കാര്യം?”
“ഷാജി ഏട്ടാ.. ഞാന്‍ ഏട്ടനെ കാണാന്‍ വീട്ടില്‍ ചെന്നിരുന്നു..അവര് വല്ലതും പറഞ്ഞിരുന്നോ?” വാസു വിനയത്തോടെ ചോദിച്ചു.
“ഓ..അതാണോ…നിന്നോട് വാപ്പ എല്ലാം പറഞ്ഞില്ലേ? പിന്നെയും നീ പണി ഇരന്നു വാങ്ങാന്‍ ഇറങ്ങിയിരിക്കുകയാണോ?” ഷാജി ചോദിച്ചു.
“ഷാജിയേട്ടാ വാപ്പ പഴയ ആളാണ്..മനസ് ആ പഴയ ടൈപ് ആണ്..നമ്മളൊക്കെ ചെറുപ്പക്കാര്‍ അല്ലെ..നമ്മുടെ പ്രായമുള്ള ഒരു പാവം പെങ്കൊച്ചിനു നീതി വാങ്ങി കൊടുക്കാന്‍ വേണ്ടിയാണ് ഞാനിതില്‍ ഇടപെടുന്നത്..നല്ല ആരോഗ്യമുള്ള ചേട്ടന് എന്ത് ജോലിയും കിട്ടും..ഒരു ജോലിക്ക് വേണ്ടി മുതലാളിമാരെ സംരക്ഷിക്കേണ്ട ഗതികേട് ചേട്ടനുണ്ടോ?”
ഷാജി ചിരിച്ചു.
“നിന്റെ ഈ വിനയോം സംസാരോം ഒക്കെ എനിക്ക് ഇഷ്ടപ്പെട്ടു. അതുകൊണ്ട് ഞാന്‍ നിനക്കൊരു ഉപദേശം തരാം. നീ ഈ സ്ഥലം വിട്ടു പൊക്കോ. അര്‍ജുന്‍ മുതലാളിയുടെ പെങ്ങളെ കൈവച്ചതിന് അങ്ങേരുടെ തന്തപ്പടി ഗൌരീകാന്ത് നിനക്ക് നല്ല ഒന്നാന്തരം പണി വച്ചിട്ടുണ്ട്..അങ്ങേരെ നിനക്ക് അറിയുമോ എന്നറിയില്ല.. മംഗലാപുരം അധോലോകം അയാളുടെ കൈവെള്ളയില്‍ ആണ്..സംഗതി പത്രക്കാരൊക്കെ അറിഞ്ഞത് കൊണ്ട് അത് താമസിക്കുന്നു എന്നെ ഉള്ളു..ഇനി നീ ഇവിടം വിട്ടു പോയാലും നിനക്ക് പണി ഉറപ്പാണ്…എങ്കിലും ഇവിടെ നില്‍ക്കുന്നത്ര പ്രശ്നം മാറി നിന്നാല്‍ കാണില്ല. എന്നെ നീ ചേട്ടന്‍ എന്ന് വിളിച്ച സ്ഥിതിക്ക് ഒരു അനുജനോടുള്ള സ്നേഹം കൊണ്ട് പറയുന്നതാണ് എന്ന് കരുതിയാല്‍ മതി..ഉം..മോന്‍ പോ..”
ഷാജി അവനെ ഒന്ന് നോക്കിയിട്ട് തിരിഞ്ഞു നടന്നു.
“ഷാജിയേട്ടാ..ഒരു മിനിറ്റ്” വാസു വീണ്ടും അവനെ വിളിച്ചു.
“ഉം?”
“നോക്ക്..അന്ന് മുംതാസിനെ വണ്ടിയില്‍ പിടിച്ചു കയറ്റി കൊണ്ട്പോയത് നിങ്ങളുടെ മുതലാളിമാരാണ് എന്നൊരു ഒറ്റ മൊഴി ചേട്ടന്‍ തന്നാല്‍ മതി. പിന്നെ ബാക്കി ഉള്ളവര്‍ ഞങ്ങളുമായി സഹകരിക്കാന്‍ തയാറാകും..പക്ഷെ ഏട്ടന്റെ മൊഴിയാണ് ആദ്യം വേണ്ടത്….”
“മൊഴി എടുക്കാന്‍ നീ ആരാടാ നായിന്റെ മോനെ? പോലീസോ..എടാ കോപ്പേ..മേലാല്‍ നിന്നെ ഈ പരിസരത്ത് കണ്ടുപോകരുത്..നിന്റെ സംസാരത്തിലെ മര്യാദ കാരണം ഞാന്‍ തല്‍ക്കാലം കൈ വയ്ക്കുന്നില്ല..എന്റെ മുതലാളിമാര്‍ക്ക് എതിരെ നീയോ നിന്റെ മറ്റവളോ ഇറങ്ങുന്നത് ശവപ്പെട്ടി വാങ്ങി വീട്ടില്‍ വച്ചിട്ടാകണം..ഓര്‍ത്തോ”
ഷാജി രൂക്ഷമായി അവന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞിട്ട് ചെന്നു വണ്ടിയില്‍ കയറി.
“പന്നീടെ മോനെ നിന്റെ നാട്ടില്‍ ഒരു പണിക്ക് പോയിട്ട് നടക്കാതെ തിരിച്ചു വരുന്ന വഴിയാ..ചൊറിയാന്‍ നിന്നാല്‍ കൊന്നു കായലില്‍ തള്ളും പറഞ്ഞേക്കാം” വണ്ടിക്കുള്ളില്‍ നിന്നും ഒരുത്തന്‍ പല്ല് ഞെരിച്ചുകൊണ്ട് വിളിച്ചു പറഞ്ഞു.
വാസുവിന്റെ കണ്ണുകള്‍ തിളങ്ങി. എന്റെ നാട്ടില്‍ പണിയാന്‍ പോയിട്ട് വരുന്നെന്നോ! അപ്പോള്‍ അല്‍പം മുന്‍പ് അമ്മ വിളിച്ചു പറഞ്ഞത് ഇവരുടെ കാര്യമാണ്. ഇവരാണ് ദിവ്യയെ തട്ടികൊണ്ടുപോകാന്‍ നോക്കിയവര്‍. അവന്റെ മുഖത്തേക്ക് രക്തം ഇരച്ചുകയറി.
“എന്താ പറഞ്ഞത്? എവിടെപ്പോയെന്നാ?” വാസു വണ്ടിയില്‍ കൈവച്ചുകൊണ്ട് ചോദിച്ചു.