“യ്യോ ഇത് റോഡ് ആണ്..വികാരം കൊണ്ട് ചളമാക്കല്ലേ” ദിവ്യ കുടുകുടെ ചിരിച്ചുകൊണ്ട് പറഞ്ഞു.
“സത്യമാണ് മോളെ..എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ല..സത്യം..”
“പക്ഷെ എനിക്കത്ര വിശ്വാസം ഒന്നുമില്ല” അവന്റെ ഭാവം നിരീക്ഷിച്ചുകൊണ്ട് അവള്‍ പറഞ്ഞു. അനുരാഗിന്റെ മുഖം പെട്ടെന്ന് വാടി.
“എന്റെ ചങ്ക് പറിച്ച് കാണിക്കാന്‍ പറ്റുമായിരുന്നെങ്കില്‍ ഞാനത് ചെയ്തേനെ; പ്ലീസ്, എന്റെ സ്നേഹത്തെ നീ സംശയിക്കല്ലേ മോളെ പ്ലീസ്.” ഒരു യാചകന്റെ ഭാവത്തോടെ അവന്‍ പറഞ്ഞു. തന്റെ സൌന്ദര്യത്തിന്റെ പൂര്‍ണ്ണ അടിമയായി അവന്‍ മാറിയിരിക്കുകയാണ് എന്ന് ആത്മഹര്‍ഷത്തോടെ മനസിലാക്കിയ ദിവ്യ സൈക്കിളില്‍ നിന്നുമിറങ്ങി അതില്‍ ചാരി നിന്നുകൊണ്ട് അവന്റെ കണ്ണുകളിലേക്ക് നോക്കി.
“അങ്ങനെയാണെങ്കില്‍ എന്നോടുള്ള അനുരാഗിന്റെ സ്നേഹം തെളിയിക്കാന്‍ ഒരു ചാന്‍സ് വരുന്നുണ്ട്..” അവള്‍ പറഞ്ഞു.
“നിനക്ക് വേണ്ടി എന്റെ ജീവന്‍ അര്‍പ്പിക്കാന്‍ പോലും ഞാന്‍ തയാറാണ് ദേവീ…..” വികാരവിവശാനായി, ഭ്രാന്തമായ ആവേശത്തോടെ അവന്‍ പറഞ്ഞു.
“അതൊന്നും വേണ്ട..എന്റെ മാനം സംരക്ഷിക്കാനുള്ള കരുത്തുമാത്രം ഉണ്ടായാല്‍ മതി. അനുരാഗിനറിയുമോ..ഈ അടുത്തിടെ ഞങ്ങളുടെ വീട്ടില്‍ കയറി ചിലര്‍ എന്നെ നശിപ്പിക്കാന്‍ ശ്രമിച്ചു..” ദുഖഭാവത്തോടെ അവള്‍ പറഞ്ഞു. അനുരാഗ് ഞെട്ടലോടെ അവളെ നോക്കി.
“ങേ? സത്യമാണോ? ആര്? ആരാണവര്‍? അവന്റെയൊക്കെ കുടല്‍ ഞാനെടുക്കും..പറ മുത്തെ..ആരാണത് ചെയ്തത്?” അവന്റെ ആവേശം അണപൊട്ടി.
“എനിക്കറിയില്ല..പക്ഷെ അവര്‍ വളരെ അപകടകാരികള്‍ ആണ്..ഭാഗ്യം കൊണ്ടാണ് അന്ന് ഞാന്‍ രക്ഷപെട്ടത്..പക്ഷെ പോലീസ് പറയുന്നു ഇനിയും എന്നെത്തേടി അവരെത്തുമെന്ന്….എന്നെ തട്ടിക്കൊണ്ട് പോകാനാണത്രേ അവരുടെ പദ്ധതി. ഭയന്നുഭയന്നാണ് ഞങ്ങളിപ്പോള്‍ ജീവിക്കുന്നത്. ഏതു സമയത്തും അവരില്‍ നിന്നും ഒരു ആക്രമണം എന്റെ നേര്‍ക്ക് ഉണ്ടായേക്കാം. എനിക്ക് അവരില്‍ നിന്നും രക്ഷവേണം. വെറുമൊരു പെണ്ണായ എനിക്ക് കൊടും ക്രിമിനലുകളെ എങ്ങനെ നേരിടാന്‍ സാധിക്കും? എന്നെ അവരില്‍ നിന്നും രക്ഷിക്കാന്‍ അനുരഗിനു പറ്റുമോ?” അവന്റെ കണ്ണുകളിലേക്ക് നോക്കി അവള്‍ ചോദിച്ചു. അനുരാഗിന്റെ മുഖത്തെ മാംസപേശികള്‍ വലിഞ്ഞുമുറുകി; ഉറച്ച ശബ്ദത്തില്‍ അവന്‍ പറഞ്ഞു:
“എന്റെ മുത്തെ..എന്റെ ജീവന്‍ കളഞ്ഞും നിന്നെ ഞാന്‍ സംരക്ഷിക്കും. ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ഒരുത്തനും നിന്റെ ദേഹത്ത് തൊടില്ല. പറ, ആരാണവര്‍? അവരുടെ പേര് നീ പറ. അവന്മാര്‍ ആരായാലും ഇനി അങ്ങനെയൊരു കാര്യത്തിന് അവന്മാര്‍ ധൈര്യപ്പെടില്ല.” അവന്‍ തന്റെ കൈകളിലെ മസില്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി മുടി ഇളക്കി.
“അറേബ്യന്‍ ഡെവിള്‍സ് എന്ന് കേട്ടിട്ടുണ്ടോ?” ദിവ്യ ചോദിച്ചു.
അനുരാഗ് ഞെട്ടി. ഹൃദയം പെരുമ്പറ കൊട്ടാനാരംഭിച്ചത് അവനറിഞ്ഞു; അറേബ്യന്‍ ഡെവിള്‍സ്! അവരാണോ ഇവളെ നോട്ടമിട്ടിരിക്കുന്നത്?
“ഉണ്ട്..അവരാണോ ഇതിനു പിന്നില്‍?” ഉള്ളിലെ ഭീതി വിദഗ്ധമായി മറച്ചുകൊണ്ട് അവന്‍ ചോദിച്ചു.
“അതെ..അങ്ങനെയാണ് പോലീസ് പറഞ്ഞത്”
“പക്ഷെ അവര്‍ കൊച്ചിയിലുള്ള ഒരു ഗാംഗ് അല്ലെ? അവരെങ്ങനെ ഇവിടെ?”
“എന്റെ അച്ഛനുമായി ഉള്ള എന്തോ പ്രശ്നമാണ്..അങ്ങനെ അതിനായി വന്നപ്പോള്‍ ആണ് അവരെന്നെ കണ്ടത്..അതോടെ എന്നെ കിട്ടാനായി അവരുടെ ശ്രമം..അന്ന് ഞാന്‍ രണ്ടും കല്‍പ്പിച്ച് ഓടിയാണ് രക്ഷപെട്ടത്. അച്ഛന്‍ നാട്ടുകാരെ വിളിച്ചു കൂട്ടിയതുകൊണ്ട് അന്നവര്‍ പോയി..പക്ഷെ ഏതു സമയത്തും അവര്‍ എന്നെ തേടി വരും..എസ് ഐ പറഞ്ഞത് ഞാന്‍ സ്കൂളിലേക്ക് പോകുന്ന വഴിക്ക് സൂക്ഷിക്കണം എന്നാണ്..എനിക്ക് നല്ല പേടിയുണ്ട് അനുരാഗ്..ഞങ്ങള്‍ക്ക് ആരുമില്ല സഹായത്തിന്…” ദിവ്യ വിതുമ്പി.