മൃഗം 15 [Master]

Posted by

വാസു വണ്ടി സ്റ്റാന്റില്‍ വച്ച ശേഷം ഇറങ്ങിച്ചെന്നു. ഉള്ളില്‍ നിന്നും ഷാജിയുടെ ഭാര്യ വാതില്‍ക്കലെത്തി അതിഥികളെ നോക്കി. പിന്നാലെ സക്കീറിന്റെ ഭാര്യയും ഇറങ്ങി വന്നു.
“ഉം..ആരാ..എന്ത് വേണം?” ആ സ്ത്രീ ചോദിച്ചു.
“ഷാജിയെ ഒന്ന്‍ കാണാന്‍ വന്നതാ ഉമ്മാ” ഡോണ പുഞ്ചിരിച്ചു. സക്കീറിന്റെ കണ്ണുകള്‍ വാസുവിനെ ഉഴിയുകയായിരുന്നു അപ്പോള്‍. തഴക്കവും പഴക്കവും വന്ന ഗുണ്ടയായ സക്കീറിന് ഒറ്റ നോട്ടത്തില്‍ത്തന്നെ വാസു സാധാരണക്കാരനല്ല എന്ന് മനസിലായിക്കഴിഞ്ഞിരുന്നു.
“അതേയ് ഒരല്‍പം സംസാരിക്കാനുണ്ട്..അങ്ങോട്ട്‌ ഇരിക്കാമോ?” വാസു അയാളോട് ചോദിച്ചു.
“ഉം..കേറി ഇരിക്ക്..”
അയാളുടെ അടുത്തുകിടന്ന രണ്ടു കസേരകളിലായി അവനും ഡോണയും ഇരുന്നു.
“അതേയ്..മുന്‍പ് ഇവളിവിടെ വന്നു നിങ്ങളോട് സംസാരിച്ച അതേ കാര്യം തന്നെ ഒന്നുകൂടി സംസാരിക്കാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. എന്റെ പേര് വാസു; മരിച്ചുപോയ മുംതാസിന്റെ വാപ്പ മൂസാക്ക എന്റെ ഒരു സുഹൃത്താണ്..” വാസു മെല്ലെ വിഷയത്തിലേക്ക് വന്നു.
“അയിന്?” സക്കീര്‍ മയമില്ലാതെ ചോദിച്ചു.
“മാമന്‍ ആ വീട്ടുകാരുടെ അവസ്ഥ ഒന്ന്‍ ആലോചിക്കണം. ഒരേയൊരു മകള്‍..അവള്‍ക്ക് വേണ്ടി മാത്രമാണ് രാപകലില്ലാതെ മൂസാക്ക കഷ്ടപ്പെട്ട് ജീവിച്ചിരുന്നത്..അവളെ തട്ടിക്കൊണ്ടു പോയി നശിപ്പിച്ചത് ആരാണ് എന്ന് മാമനും അറിയാമല്ലോ..മാമന്‍ മോനോട് പറഞ്ഞ് ആ സത്യം ഞങ്ങളോടും പിന്നീട് കോടതിയിലും പറയാന്‍ പറയണം. മുംതാസിനു നീതി വാങ്ങി കൊടുക്കുക എന്ന ഏക ഉദ്ദേശമേ ഞങ്ങള്‍ക്ക് ഉള്ളു..മാമന്‍ പറഞ്ഞാല്‍ ഷാജി കേള്‍ക്കും…” അവന്‍ പ്രതീക്ഷയോടെ അയാളെ നോക്കി.
“വേറെ?” അയാള്‍ ചോദിച്ചു.
“ഇത് പറയാനാണ് ഞങ്ങള്‍ വന്നത്”
“സരി..പറഞ്ഞല്ലോ..ഇനി പൊക്കോ”
“അപ്പോള്‍..മാമന്‍ ഇത് പറയില്ലേ?”
“നീ തനിയെ പോകുന്നോ അതോ ഞാന്‍ എഴുന്നെല്‍ക്കണോ?” അയാള്‍ സ്വതവേ ചുവന്ന കണ്ണുകള്‍ മുഴപ്പിച്ച് വാസുവിനെ നോക്കി.
“മാമാ..നിങ്ങളുടെ മകള്‍ക്കാണ് അങ്ങനെയൊരു ഗതി വന്നതെങ്കില്‍ എന്നൊന്ന് ആലോചിച്ചു നോക്ക്; അത് ഒരേയൊരു മകള്‍ കൂടിയാണെങ്കില്‍? നന്നായി ചിന്തിച്ചിട്ട് മാമനൊരു തീരുമാനം എടുക്ക്..” വാസു ഒന്നുകൂടി ശ്രമിച്ചുനോക്കി.
“എഴുന്നെല്‍ക്കാടാ നായെ” സക്കീര്‍ സ്വരം കടുപ്പിച്ചു.
ഡോണ വാസുവിനെ നോക്കി പോകാം എന്ന് കണ്ണ് കാണിച്ചു. അവിടെ നടക്കുന്ന കാര്യങ്ങള്‍ അവളുടെ പെന്‍ ക്യാമറ ഒപ്പിയെടുക്കുന്നുണ്ടയിരുന്നു. അയാള്‍ സഹകരിക്കില്ലെന്ന് കണ്ടതോടേ വാസുവും ഡോണയും എഴുന്നേറ്റു. അവന്‍ പടിക്കല്‍ നിന്നിരുന്ന ഷാജിയുടെ ഭാര്യയേയും ഉമ്മയെയും നോക്കി.
“നിങ്ങള്‍ രണ്ടു സ്ത്രീകള്‍ അല്ലെ..ഒരു പാവം പെണ്ണിനെ നശിപ്പിച്ച് അവളെ ആത്മഹത്യ ചെയ്യിപ്പിച്ച കുറെ കുറ്റവാളികളെ നിയമത്തിന്റെ മുന്‍പിലെത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. മാമന്‍ പക്ഷെ അത് മനസിലാക്കുന്നില്ല..നിങ്ങളെങ്കിലും ഷാജിയോട് അതൊന്നു പറഞ്ഞു മനസിലാക്കുമോ?” വാസു അവരെ നോക്കി ചോദിച്ചു.
“വാസൂ..” ഡോണ ഉറക്കെ അവനെ വിളിച്ചു. അപ്പോഴേക്കും അവന്‍ വരാന്തയില്‍ നിന്നും പുറത്ത് നിലത്തേക്ക് മലര്‍ന്നടിച്ചു വീണു കഴിഞ്ഞിരുന്നു. അവന്റെ കഴുത്തിനു പിടിച്ച് ശക്തമായി തള്ളിയ സക്കീര്‍ ഒരു വെട്ടുപോത്തിനെപ്പോലെ നിലത്തേക്ക് ചാടിയിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *