“ബാഗില്‍ ഇല്ലേ?”
“ഇല്ലടി”
“നീ ഫോണ്‍ കൊണ്ടുവന്നിരുന്നോ?”
“ഉം..ഞാന്‍ ബാഗില്‍ വച്ചിരുന്നതാണ്”
“ശ്ശൊ..ഞാന്‍ ഒന്ന് വിളിച്ചു നോക്കാം” അവള്‍ വേഗം തന്റെ ഫോണെടുത്ത് ദിവ്യയുടെ നമ്പര്‍ ഡയല്‍ ചെയ്തു. അവളുടെ മുഖം ചുളിയുന്നത് ദിവ്യ മനസിലാക്കി.
“സ്വിച്ച് ഓഫ് ആണ്” രശ്മി പറഞ്ഞു.
ദിവ്യ ഞെട്ടി. താന്‍ ഒരിക്കലും ഫോണ്‍ സ്വിച്ചോഫ് ചെയ്യാറില്ല. അതിനര്‍ത്ഥം ആരോ തന്റെ ഫോണ്‍ എടുത്തിരിക്കുന്നു.
“രശ്മി..ഞാന്‍ ഉച്ചയ്ക്ക് പുറത്ത് പോയപ്പോള്‍ ആരെങ്കിലും നമ്മുടെ ക്ലാസില്‍ വന്നിരുന്നോ…” ദിവ്യ ചോദിച്ചു.
“ഉം…എടീ ഇലവന്‍ സിയിലെ ഫാത്തിമ നമ്മുടെ ക്ലാസില്‍ നിന്നും ഇറങ്ങുന്നത് ഞാന്‍ കണ്ടിരുന്നു..അവള്‍ പക്ഷെ ഇന്നവള്‍ നേരത്തെ പോയി…” രശ്മി പറഞ്ഞു.
“അവള്‍ എന്തിനാണ് ക്ലാസില്‍ വന്നത്?”
“അറിയില്ല..നീ ചെന്നു മിസ്സിനോട് പറ..നാളെ അവളെ വിളിച്ചു ചോദിക്കാം…”
ദിവ്യ തലയാട്ടിയ ശേഷം ദേഷ്യത്തോടെ ടീച്ചേഴ്സ് റൂമിലേക്ക് നടന്നു. മിസ്സിനോട് വിവരം പറഞ്ഞപ്പോള്‍ വേണ്ടത് അടുത്ത ദിവസം ചെയ്യാം എന്ന് അവര്‍ ഉറപ്പ് നല്‍കി. വിഷമത്തോടെയും നിരാശയോടെയും അവള്‍ പുറത്തിറങ്ങി. മിക്ക കുട്ടികളും പോയിക്കഴിഞ്ഞിരുന്നു. അവള്‍ സൈക്കിള്‍ എടുത്ത് റോഡിലേക്ക് ഇറങ്ങിയപ്പോള്‍ അല്‍പ്പം അകലെ നില്‍ക്കുന്ന അനുരാഗിനെ കണ്ട് അവന്റെ അരികിലേക്ക് ചെന്നു സൈക്കിള്‍ നിര്‍ത്തി.
“എന്താ മോളെ മുഖത്തൊരു വാട്ടം?” അവളുടെ ഭാവം കണ്ട അനുരാഗ് ചോദിച്ചു.
“എന്റെ ഫോണ്‍ കാണുന്നില്ല..ആരോ എടുത്തെന്നാണ് തോന്നുന്നത്…” അവള്‍ പറഞ്ഞു.
“ങേ? ഏത് അലവലാതി ആകും അത് ചെയ്തത്? നീ മിസ്സിനോട് പറഞ്ഞില്ലേ?”
“പറഞ്ഞു..നാളെ കുട്ടികളോട് ചോദിക്കാം എന്ന് മിസ്സ് പറഞ്ഞു..ഇന്നെല്ലാരും പോയില്ലേ..ഛെ..എനിക്കാകെ ടെന്‍ഷന്‍ തോന്നുന്നു” ദിവ്യ അസ്വസ്ഥതയോടെ അവനെ നോക്കി.
“സാരമില്ല..നാളെ നമുക്ക് നോക്കാം..കിട്ടിയില്ലെങ്കില്‍ എന്റെ മുത്തിന് ഞാന്‍ തന്നെ നല്ലൊരു ഫോണ്‍ വാങ്ങി നല്‍കാം..ടെന്‍ഷന്‍ അടിക്കാതെ മോള് വാ..നമുക്ക് പോകാം..”
ദിവ്യ ദീര്‍ഘനിശ്വാസത്തോടെ സൈക്കിളില്‍ കയറി. രണ്ടുപേരും സംസാരിച്ചുകൊണ്ട് മുന്‍പോട്ടു നീങ്ങി. അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ അല്‍പ്പം അകലെ മാറി പാര്‍ക്ക് ചെയ്തിരുന്ന വെള്ള മാരുതി വാന്‍ മെല്ലെ മുന്‍പോട്ടു നീങ്ങാന്‍ തുടങ്ങി. അതിനും വളരെ പിന്നിലായി ഒരു ഡസ്റ്റര്‍ നിര്‍ത്തിയിട്ടിരുന്നു. വാന്‍ നീങ്ങിക്കഴിഞ്ഞു കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ ഡസ്റ്റര്‍ സ്റ്റാര്‍ട്ട് ആയി. അതിനുള്ളില്‍ ഇരുന്നിരുന്ന ഷാജി വലിച്ചു തീര്‍ന്ന സിഗരറ്റ് ദൂരേക്ക് വലിച്ചെറിഞ്ഞു. വണ്ടി ഒരു മുരള്‍ച്ചയോടെ മുമ്പോട്ട് നീങ്ങി.
ഫോണ്‍ നഷ്ടമായതിന്റെ വിഷമത്തില്‍ ദിവ്യ ഒന്നും മിണ്ടാതെയാണ് സൈക്കിള്‍ ചവിട്ടിക്കൊണ്ടിരുന്നത്. സാധാരണ അവള്‍ അനുരാഗിനോട് പലതും സംസാരിച്ചുകൊണ്ടാണ് പോകാറുള്ളത്. ആരായിരിക്കും തന്റെ ഫോണ്‍ മോഷ്ടിച്ചിട്ടുണ്ടാകുക എന്ന ചിന്ത അവളെ വല്ലാതെ അലട്ടി.
“എന്താടാ കുട്ടാ..ഫോണ്‍ പോയതിന്റെ വിഷമമാണോ നിനക്ക്?” അവളുടെ മൌനം കണ്ട് അനുരാഗ് ചോദിച്ചു.
“ഉം..എനിക്കാകെ മൂഡ് ഓഫായി” ദിവ്യ അവനെ നോക്കാതെയാണ് അത് പറഞ്ഞത്.
“ആരെ എങ്കിലും നിനക്ക് സംശയമുണ്ടോ?”
“ഇലവന്‍ സിയിലെ ഫാത്തിമ ഞാന്‍ ബാത്ത്റൂമില്‍ പോയ സമയത്ത് ക്ലാസില്‍ വന്നിരുന്നു എന്ന് രശ്മി പറഞ്ഞു..അവളാണോ എടുത്തത് എന്നെനിക്ക് സംശയമുണ്ട്”
“അവള്‍ക്ക് നിന്നോട് വല്ല ഉടക്കോ ദേഷ്യമോ മറ്റോ ഉണ്ടോ?’
“ഏയ്…ഞാന്‍ അവളോട് സംസാരിച്ചിട്ടു പോലുമില്ല..”
“അവളുടെ വീടെവിടയാണ്..നമുക്ക് അവിടെപ്പോയി ചോദിക്കാം..ഇല്ലെങ്കില്‍ ഞാന്‍ തനിയെ പൊയ്ക്കോളാം..അഡ്രസ് അറിയാമോ മോള്‍ക്ക്..”
“അവളെ പരിചയമുണ്ട് എന്നല്ലാതെ വീട് എവിടെയാണ് എന്നറിയില്ല” ദിവ്യ നിരാശയോടെ പറഞ്ഞു.