അനുരാഗിന്റെ മനസ് തരളിതമായി. താന്‍ ഏറെക്കാലമായി പിന്നാലെ നടന്നു മോഹിച്ച പെണ്ണ് ഇപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടിരിക്കുന്നു. പക്ഷെ അവള്‍ വലിയ ഒരു അപകടത്തിലാണ്. അവളെ അതില്‍ നിന്നും താന്‍ രക്ഷിച്ചാല്‍, പിന്നെ അവളെ തന്നില്‍ നിന്നും അകറ്റാന്‍ ഒരാള്‍ക്കും സാധിക്കില്ല; ഒരാള്‍ക്കും. അവള്‍ നേരിടുന്ന ഭീഷണി തന്നെക്കൊണ്ട് തടയാന്‍ സാധിക്കില്ല എന്നറിയാമായിരുന്നെങ്കിലും അവള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ അവന്‍ സ്വന്തം മനസ്സിനെ സജ്ജമാക്കി. എങ്ങനെയും തന്റെ മോഹം സാധിക്കണം! വലിയ വലിയ മോഹങ്ങള്‍ക്ക് വിലയും കൂടും. അവനത് അറിയാമായിരുന്നു.
“നീ പേടിക്കണ്ട ദിവ്യെ..നീ സ്കൂളിലേക്ക് പോകുന്ന വഴിയില്‍ ഞാനും നിന്റെ കൂടെക്കാണും..ഒരുത്തനും നിന്നെ തൊടില്ല..പക്ഷെ അവര്‍ നിന്റെ വീട്ടില്‍ വീണ്ടും വന്നാല്‍?” അവന്‍ ചോദിച്ചു.
“ഇനി അവര്‍ വീട്ടില്‍ വന്നേക്കില്ല എന്നാണ് എസ് ഐ പറഞ്ഞത്..അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പരും തന്നിട്ടുണ്ട്..എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ വിളിക്കാന്‍”
“ഹും..ഈ പോലീസിനെ കൊണ്ട് ഒരു ഗുണവുമില്ല. അന്ന് നിന്റെ വീട്ടില്‍ അവര്‍ കയറിയിട്ട് അയാള്‍ എന്ത് ചെയ്തു? ഒരു മൊബൈല്‍ നമ്പര്‍..നിനക്ക് ഞാനുണ്ട് ദിവ്യെ..നിന്നെ പിടിക്കാന്‍ വരുന്നവരെ എനിക്കൊന്നു കാണണം” അവന്‍ തന്റെ മസിലുകള്‍ ഉരുട്ടി.
ദിവ്യ കണ്ണുകള്‍ തുടച്ചു.
“സമയമായി…ഞാന്‍ പോട്ടെ..”
“ഉം..നിനക്ക് വിരോധമില്ലെങ്കില്‍ എന്നും എന്റെ ബൈക്കില്‍ ഞാന്‍ നിന്നെ കൊണ്ടുവിടാമായിരുന്നു..” അവന്‍ പറഞ്ഞു.
“യ്യോ ഇപ്പോള്‍ അതൊന്നും വേണ്ട. നാട്ടുകാര്‍ ആരെങ്കിലും അച്ഛനോട് പറഞ്ഞാല്‍ എന്നെ കൊല്ലും..”
“സാരമില്ല മോളെ..ഉച്ചയ്ക്ക് സ്കൂള്‍ വിടുമ്പോള്‍ ഞാനവിടെ കാണും..എന്റെ സൈക്കിളില്‍..”
ദിവ്യ പുഞ്ചിരിയോടെ തലയാട്ടി. പിന്നെ സൈക്കിളില്‍ കയറി അവള്‍ മുന്‍പോട്ടു ചവിട്ടി നീങ്ങി. അവള്‍ പോകുന്നത് നോക്കി നിന്ന അവന്‍ വേഗം മൊബൈല്‍ എടുത്ത് ഒരു നമ്പര്‍ ഡയല്‍ ചെയ്തു.
“അളിയാ..അങ്ങനെ അവളും ഫ്ലാറ്റ് ആയി..ഞാന്‍ പറഞ്ഞിട്ടില്ലേടാ…അനുരാഗ് ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടാല്‍, അവള്‍ക്ക് തിരിച്ച് ഇഷ്ടപ്പെടാതിരിക്കാന്‍ പറ്റില്ല..ഇനി അവളെ എന്റെ ഏതിഷ്ടത്തിനും ഉപയോഗിക്കാന്‍ തക്ക നല്ലൊരു കാരണവും എനിക്ക് കിട്ടിയിട്ടുണ്ട്..എല്ലാം മഹാദേവന്റെ കൃപ..ഓം നമ ശിവായ” അവന്‍ ഉറക്കെ ചിരിച്ചു.
അങ്ങനെ അടുത്ത ദിവസം മുതല്‍ ദിവ്യ അനുരാഗിന്റെ ഒപ്പം പോക്കുവരവ് തുടങ്ങി. രാവിലെ പാടത്തിനരുകില്‍ അവന്‍ അവളെ കാത്ത് നില്‍ക്കും. അവള്‍ എത്തുമ്പോള്‍ ഇരുവരും രണ്ടു സൈക്കിളിലുകളില്‍ ആയി സ്കൂളിലേക്ക് പോകും. അനുരാഗ് ഒരു സുരക്ഷയുടെ ഭാഗമായി നല്ലൊരു കത്തിയും അരയില്‍ സൂക്ഷിച്ചിരുന്നു. അവന്‍ കൂടെ ഉള്ളതുകൊണ്ട് ദിവ്യയ്ക്ക് ഭയമൊന്നും തോന്നിയില്ല. അങ്ങനെ രണ്ടു ദിവസങ്ങള്‍ കഴിഞ്ഞു മൂന്നാം ദിനമെത്തി.
ഉച്ചയ്ക്ക് സ്കൂള്‍ വിട്ടപ്പോള്‍ ദിവ്യ ബാഗുമായി എഴുന്നേറ്റു. അനുരാഗ് വന്നാല്‍ അവള്‍ക്ക് മെസേജ് നല്‍കും. ഓരോ ദിവസവും വെവ്വേറെ സ്ഥലത്താണ് അവന്‍ കാത്തു നില്‍ക്കുന്നത്. സ്കൂളിന്റെ പരിസരത്ത് പൂവാല ശല്യം ഉള്ളതുകൊണ്ട് സ്കൂള്‍ വിടുന്ന സമയത്ത് പൌലോസ് രണ്ടു പോലീസുകാരെ അവിടെ അയയ്ക്കാറുണ്ട്. അവരുടെ കണ്ണില്‍ പെടാതിരിക്കാന്‍ ആണ് അവന്‍ മാറി മാറി നിന്നിരുന്നത്. അവന്റെ മെസേജ് വന്നിട്ടുണ്ടോ എന്നറിയാനായി ദിവ്യ ബാഗ് തുറന്നു. പക്ഷെ ഫോണ്‍ അതിനുള്ളില്‍ ഉണ്ടായിരുന്നില്ല. അവള്‍ ബാഗ് മേശപ്പുറത്ത് വച്ചിട്ട് മൊത്തം ഒന്നുകൂടി നോക്കി. ഇല്ല ഫോണില്ല. പുസ്ത്കങ്ങള്‍ മൊത്തം വെളിയില്‍ എടുത്ത് അവള്‍ പരിശോധിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം. അവള്‍ സംശയത്തോടെ അല്‍പനേരം നിന്നു. താന്‍ ഫോണ്‍ കൊണ്ട് വന്നതാണ്! പക്ഷെ ഇപ്പോള്‍ അതെവിടെപ്പോയി.
“എടീ രശ്മീ..ഒന്ന് നിന്നെ..എന്റെ ഫോണ്‍ കാണുന്നില്ല” തന്റെ തൊട്ടടുത്ത് ഇരിക്കുന്ന രശ്മിയോട് ദിവ്യ വിളിച്ചു പറഞ്ഞു. അവള്‍ പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു.