മൃഗം 15
Mrigam Part 15 Crime Thriller Novel | Author : Master
Previous Parts
“ഇപ്പോള്‍ ഞാന്‍ വെറും പൌലോസ് ആണ്..നിനക്ക് വേണ്ടി എന്റെ എസ് ഐ സ്ഥാനം തല്‍ക്കാലത്തേക്ക് മാറ്റി വയ്ക്കുന്നു….മക്കള് വാ..”
അവനെ പരസ്യമായി വെല്ലുവിളിച്ചിട്ട് പുറത്തേക്കിറങ്ങി. പോലീസുകാരും പരാതി കൊടുക്കാനെത്തിയവരും എല്ലാം അഭിനയമല്ലാത്ത യഥാര്‍ത്ഥ സംഘട്ടനം നേരില്‍ കാണാനുള്ള ഉത്സാഹത്തോടെ പലയിടങ്ങളിയായി നിലയുറപ്പിച്ചു. പൌലോസ് പുറത്തേക്ക് ചെന്നപ്പോള്‍ ജിപ്സികളില്‍ ഉണ്ടായിരുന്ന ഗുണ്ടകള്‍ വണ്ടികളില്‍ നിന്നുമിറങ്ങി.
“മാലിക്കെ..വേണ്ട..നീ ആ പിള്ളേരോട് പോകാന്‍ പറ..” മുസ്തഫ മാലിക്കിന്റെ കാതില്‍ മന്ത്രിച്ചു.
“ഇക്ക മിണ്ടാതിരിക്ക്..ഇവന്റെ കഴപ്പ് ഇവിടെ വച്ച് തന്നെ തീര്‍ത്തേക്കാം..”
“വേണ്ട…ഇപ്പോള്‍ വേണ്ട..ഞാന്‍ പറയുന്നത് കേള്‍ക്ക്..നീ പിന്നെ സൗകര്യം പോലെ ഇവനെ കണ്ടാല്‍ മതി..ഇവന്മാരെക്കൊണ്ട് നീ ഉദ്ദേശിക്കുന്നത് പറ്റില്ല…”
മുസ്തഫ ശക്തമായി അവനെ വിലക്കി. മാലിക്ക് മനസില്ലാമനസോടെ മൂളിയിട്ട് പൌലോസ് കാണാതെ അവന്മാരെ കണ്ണ് കാണിച്ചു. വേഗം തന്നെ അവര്‍ വണ്ടിയില്‍ കയറി പുറത്തേക്ക് പാഞ്ഞു. പൌലോസ് ചിരിച്ചുകൊണ്ട് തിരിഞ്ഞുനോക്കി.
“എന്താടാ വേണ്ടേ? എന്നാപ്പിന്നെ നീ ഒന്ന് ട്രൈ ചെയ്യുന്നോ? ഏതായാലും ഞാന്‍ ഉടുപ്പൂരി..”
“നിനക്കുള്ളത് ഞാന്‍ തരും..മുതലും പലിശയും എല്ലാം ചേര്‍ത്ത്…അതിനധികം സമയം വേണ്ടി വരില്ല..”
പകയോടെ അയാളെ നോക്കി അങ്ങനെ പറഞ്ഞിട്ട് മാലിക്ക് മുസ്തഫയെയും കൂട്ടി പുറത്തിറങ്ങി വണ്ടിയില്‍ കയറി. അടി കാണാന്‍ കൂടി നിന്നവര്‍ നിരാശരായി പരസ്പരം പിറുപിറുക്കുന്നത് നോക്കിക്കൊണ്ട് അവന്‍ വാഹനം പുറത്തേക്ക് ഓടിച്ചിറക്കി. പൌലോസ് ആ പോക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് ഉള്ളിലേക്ക് തിരിഞ്ഞു.
—————
“ദാ ആ കാണുന്ന വീടാണ്…”
ഡോണ അല്പം അകലെക്കണ്ട പച്ച പെയിന്റ് അടിച്ച വീട് കാണിച്ചു പറഞ്ഞു. വാസു ബുള്ളറ്റ് അങ്ങോട്ട് തിരിച്ചു. പലരും അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു; പ്രത്യേകിച്ചും ഡോണയെ.
“നിര്‍ത്ത്..ആ ഇരിക്കുന്ന കാട്ടാളനാണ് സക്കീര്‍”
ആ വീടിന്റെ മുന്‍പില്‍ എത്തിയപ്പോള്‍ ഡോണ വാസുവിന്റെ കാതില്‍ മന്ത്രിച്ചു. വാസു നോക്കി. കരിവീട്ടിയുടെ നിറമുള്ള, ആ നിറത്തിന് യോജിച്ച നീഗ്രോയുടെ ശരീരഘടനയും ഏതാണ്ട് അമ്പതിനുമേല്‍ പ്രായവുമുള്ള മൊട്ടത്തലയനും ആജാനുബാഹുമായ ഒരാള്‍ വരാന്തയിലെ ചാരുകസേരയില്‍ മലര്‍ന്നു കിടക്കുന്നത് അവന്‍ കണ്ടു. അയാളുടെ മുഖത്തെ സ്ഥായീഭാവം ക്രൂരതയാണ് എന്ന് വാസുവിന് തോന്നി. വണ്ടി വന്നുനിന്ന ശബ്ദം കേട്ടാണ് എന്ന് തോന്നുന്നു, ആറോ ഏഴോ വയസു പ്രായമുള്ള വെളുത്തു സുന്ദരിയായ, മാലാഖയെപ്പോലെയുള്ള ഒരു പെണ്‍കുട്ടി പുറത്തേക്ക് ഓടിവന്നു. ആ അന്തരീക്ഷത്തിന് ചേരാത്ത നിഷ്കളങ്കതയായിരുന്നു അവള്‍ക്കുണ്ടായിരുന്നത്.
“ശ്ശൊ..വാപ്പച്ചി അല്ല” പുറത്ത് നിന്ന വാസുവിനെയും ഡോണയെയും നോക്കി നിരാശയോടെ അങ്ങനെ ചിണുങ്ങിയിട്ട് അവള്‍ ഉള്ളിലേക്ക് തിരികെ പോയി.
“ഷാജിയുടെ മകളാണ്” ഡോണ പറഞ്ഞു. അവള്‍ വണ്ടിയില്‍ നിന്നും പുറത്തിറങ്ങി സക്കീറിനെ നോക്കി പുഞ്ചിരിച്ചു.
“നീ ആ ടിവിക്കാരി പെണ്ണല്ലേ..ഉം എന്താ കാര്യം?” അവളെ മുന്‍പരിചയം ഉണ്ടായിരുന്ന സക്കീര്‍ കാളയെപ്പോലെ മുരണ്ടു.
“ഷാജി ഉണ്ടോ കാക്കാ? ഒന്ന് കാണാന്‍ വന്നതാ”
“ഓനിവിടെ ഇല്ല”