ലോകത്തെ ഏറ്റവും വലിയ സുഖങ്ങളിൽ ഒന്ന് അനുഭവിച്ചു കൊണ്ടിരിക്കുമ്പോൾ ഇതാരാണ് മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ ആയിട്ട് വിളിക്കുന്നത്. ഒരു മഗ് വെള്ളത്തിൽ അവിടെ ഒന്ന് കഴുകി വൃത്തിയാക്കി ക്ലോസറ്റിലെ ഫ്ലഷ് ഇട്ട് വേഗം ബാത്റൂമിനു പുറത്തേക്ക് വന്നു.
അപ്പോഴേക്കും റിങ് അവസാനിച്ചു കഴിഞ്ഞിരുന്നു. മൊബൈൽ കൈയ്യിൽ എടുത്തു നോക്കിയപ്പോൾ,
‘ വൺ മിസ് കോൾ ഫ്രം നമ്പൂതിരി സാർ ‘ എന്ന് കണ്ടു.
ഇന്നലെ വിളിച്ച അതേ സമയത്ത് തന്നെയാണല്ലോ ഇന്നും സാറിൻറെ വിളി , വീട്ടിലെത്തി കഴിഞ്ഞിട്ട് സാറിനെ വിളിക്കണം എന്ന് കരുതിയതാണ് പക്ഷേ കുട്ടികളുടെ പുറകെയുള്ള ഓട്ടമായിരുന്നത് കൊണ്ട് വിളിക്കുവാൻ സാധിച്ചില്ല. നേരിട്ട് കണ്ട് ഒരു യാത്ര പറയാതെ അവിടെ നിന്നും തിരികെ വന്നത് തെറ്റായിപ്പോയി എന്ന് മനസ്സ് പറയുന്നു , പക്ഷേ ആ സാഹചര്യത്തിൽ മകൻറെ കാര്യത്തിൽ സാർ എന്തൊക്കെയോ ഒളിക്കുന്നത് പോലെ തോന്നി. പിന്നീട് അവിടെ നിൽക്കാൻ മനസ്സനുവദിച്ചില്ല അതു കൊണ്ട് തിരികെ പോന്നു.
കാര്യമെന്തായാലും ചെയ്തത് തെറ്റായിപ്പോയി എന്ന് എനിക്ക് തോന്നുന്നു . ഒരുപാട് കടപ്പാട് ഉള്ള ഒരു വ്യക്തിയോട് നേരിട്ട് യാത്ര പറയാതെ തിരികെ പോരുക , ഒന്ന് തിരികെ വിളിച്ചാലോ .. പ്രശാന്ത് ഏട്ടൻ സംസാരിച് ഫോൺ വെച്ചല്ലോ, ഇനി നാളയെ വിളിക്കൂ ..ആരും അറിയാൻ പോകുന്നില്ല .. തിരികെ വിളിക്കാൻ വേണ്ടി ഫോണിൻറെ ടച്ച് സ്ക്രീനിൽ വിരലുകൾ അമർന്നപ്പോഴേക്കും മാഷിൻറെ രണ്ടാമത്തെ വിളി ഫോണിലേക്ക് വന്നു. ആദ്യം റിങ്ങ് മുഴുമിപ്പിക്കുന്നതിനു മുൻപു തന്നെ ഞാൻ കോൾ അറ്റൻഡ് ചെയ്തു.
“വീണ .. ഉറങ്ങിയിരുന്നോ .. ആദ്യം വിളിച്ചപ്പോൾ എടുത്തില്ല എങ്കിൽ ഒന്നുകൂടി വിളിച്ചു നോക്കാം എന്ന് കരുതി “
“ഇല്ല സർ ഞാൻ വാഷ് റൂമിൽ ആയിരുന്നു .. “
“അസമയത്ത് വിളിച്ചതിൽ ക്ഷമ ചോദിക്കുകയാണ് കുറച്ചു കാര്യങ്ങൾ പറയണമെന്നുണ്ട് വീണ യോട് .. ഇന്ന് എന്നോട് എന്തോ നീരസം തോന്നിയിട്ടാണ് വീണ അവിടെ നിന്നും പെട്ടെന്ന് തിരിച്ചു പോന്നത് എന്ന് എനിക്ക് മനസ്സിലായി ”
“അയ്യോ .. അങ്ങനെയൊന്നുമില്ല സർ വീട്ടിൽ തിരികെ വന്നിട്ട് കുറച്ചു ആവശ്യം …”
എന്നെ പറഞ്ഞു മുഴുമിപ്പിക്കാൻ വിടാതെ മാഷ് ഇടയ്ക്കു കയറി പറഞ്ഞു ,
“വീണ .. വെറുതെ കള്ളം പറയേണ്ട തൻറെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും ഒരു പക്ഷേ അങ്ങനെയൊക്കെ ചെയ്യുകയുള്ളൂ “
“സത്യമാണ് സർ എനിക്ക് എന്തോ വിഷമം തോന്നി എന്നുള്ളത് “
“ഇതുവരെ മറ്റാരോടും പറയാത്ത കാര്യങ്ങൾ , അത് എല്ലാം ഒരു പക്ഷേ ഞാൻ വീണയോട് ഷെയർ ചെയ്യുവാൻ ആഗ്രഹിക്കുന്നു .. അത് എന്തു കൊണ്ട് എന്ന് ചോദിച്ചാൽ ഒരു പക്ഷെ ഞാൻ വീണ യെ എനിക്ക് ജനിക്കാതെ പോയ മകളുടെ സ്ഥാനത്ത് കാണുന്നത് കൊണ്ടായിരിക്കാം.. എന്തായാലും ഇപ്പോൾ ഞാൻ വിളിച്ചത് വീണ യേ നാളെ ഒന്ന് നേരിട്ട് കാണുവാൻ സാധിക്കുമോ എന്നറിയുവാൻ ആണ് ”
“അതിനെന്താ സാർ കാണാമല്ലോ ”
പെട്ടന്ന് എനിക്ക് അങ്ങനെ പറയുവാൻ ആണ് തോന്നിയത്.
“എങ്കിൽ നാളെ രാവിലെ 10 മണിക്ക് ടൗൺ ലൈബ്രറി വരെ ഒന്നു വരാമോ അവിടെ വെച്ച് നമുക്ക് മീറ്റ് ചെയ്യാം ?”