പോകാന്‍ എഴുന്നേറ്റുകൊണ്ട് ഡോണ പറഞ്ഞു. ഇനി അവളോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസിലാക്കിയ പുന്നൂസ് ഒന്നും പറയാതെ പോകാന്‍ എഴുന്നേറ്റു.
———————
“ഹലോ ഏട്ടാ..നിങ്ങള്‍ എവിടെയാണ്”
സ്റ്റാന്‍ലിക്കും മാലിക്കിനും ഒപ്പമിരുന്ന് വാസുവിന്റെ വീട്ടില്‍ നടത്തേണ്ട ഓപ്പറേഷന്‍ ചര്‍ച്ച ചെയ്തുകൊണ്ട് മദ്യം നുണയുകയായിരുന്ന അര്‍ജുന്‍ അഞ്ജനയുടെ ഫോണ്‍ വന്നപ്പോള്‍ എടുത്ത് സംസാരിക്കുകയായിരുന്നു.
“ഞങ്ങള്‍ ഓഫീസിലുണ്ട്..” അവന്‍ പറഞ്ഞു.
“ടിവി കാണുന്നുണ്ടോ ഇപ്പോള്‍?”
“ഇല്ലടി എന്താ?”
“വേഗം എവര്‍ഗ്രീന്‍ ചാനല്‍ നോക്ക്..ഡോണയുടെ ഒരു ന്യൂസ് ഫീച്ചര്‍ വരുന്നുണ്ട്..വേഗം…” അവള്‍ പറഞ്ഞിട്ട് ഫോണ്‍ വച്ചു.
“എടാ അളിയാ ആ ടിവി ഒന്ന്‍ ഓണ്‍ ചെയ്യ്..എവര്‍ഗ്രീനില്‍ ഡോണയുടെ എന്തോ വാര്‍ത്താ പരിപാടി ഉണ്ടെന്നു അഞ്ജന വിളിച്ചു പറയുന്നു..” അര്‍ജുന്‍ മാലിക്കിനോട് പറഞ്ഞു. അവന്‍ ചെന്നു ടിവി ഓണാക്കി എവര്‍ഗ്രീന്‍ ചാനല്‍ വച്ചു.
ഇതേ സമയത്ത് ദിവ്യയും ടിവി കാണുകയായിരുന്നു. വാസു പ്രശ്നത്തില്‍ അകപ്പെട്ട ശേഷം അവള്‍ വൈകിട്ടുള്ള വാര്‍ത്ത കാണല്‍ ഒരു പതിവാക്കിയിരുന്നു. എല്ലാ ചാനലുകളും അവള്‍ നോക്കും വാസുവുമായി ബന്ധപ്പെട്ട വല്ല പരിപാടിയും ഉണ്ടോ എന്ന്. അന്നും അവള്‍ ചാനലുകള്‍ മാറ്റി വരുമ്പോഴാണ് അതിസുന്ദരിയായ ഒരു പെണ്‍കുട്ടി വാര്‍ത്തകള്‍ക്ക് പിന്നില്‍ എന്ന പരിപാടി അവതരിപ്പിക്കുന്നത് കണ്ടത്.
“ഹായ് ഗുഡ് ഈവനിംഗ്..അയാം ഡോണ എഗൈന്‍….കഴിഞ്ഞ രണ്ടു ദിവസങ്ങളായി മാധ്യമ ശ്രദ്ധ നേടിയ വളരെയധികം ഹൈപ്പ് ഉണ്ടാക്കിയ ഒരു വാര്‍ത്തയുടെ ചില പിന്നാമ്പുറ സത്യങ്ങളിലെക്ക് ഒന്നെത്തി നോക്കുകയാണ് ഇവിടെ. രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് കൊച്ചി നഗരത്തിലെ തിരക്കേറിയ ഒരു ജംഗ്ഷനില്‍ വച്ച് ഒരു മാധ്യമ പ്രവര്‍ത്തക ആക്രമിക്കപ്പെട്ട സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചതും, തെറ്റ് ചെയ്ത വ്യക്തിക്ക് എതിരെ വനിതാ സംഘടനകള്‍, മാധ്യമ സംഘടനകള്‍, സമൂഹത്തിലെ മറ്റ് പ്രശസ്തരായ വ്യക്തികള്‍ തുടങ്ങിയവര്‍ രംഗത്ത് വരുകയും അയാള്‍ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യപ്പെട്ടു നടത്തിയ വാര്‍ത്താ പരിപാടികള്‍ക്കും ഒക്കെ നമ്മള്‍ സാക്ഷ്യം വഹിക്കുകയുണ്ടായി. അതേത്തുടര്‍ന്ന് വളരെ നാടകീയമായ ചില കാര്യങ്ങള്‍ അരങ്ങേറുന്നതും നമ്മള്‍ കണ്ടു. അഞ്ജന എന്ന മാധ്യമ പ്രവര്‍ത്തകയുടെ പിതാവ് ശ്രീ ഗൌരീകാന്ത് തന്റെ മകള്‍ക്ക് പറ്റിയ തെറ്റ് ഏറ്റുപറഞ്ഞ് അവളെ മര്‍ദ്ദിച്ച വ്യക്തിയോട് നിരുപാധികം ക്ഷമിച്ചത് സത്യത്തില്‍ പലരിലും ഞെട്ടല്‍ ഉളവാക്കുക തന്നെ ചെയ്തു. കാരണം ഇവിടെ അക്രമത്തിന് ഇരയായത് ഒരു സ്ത്രീയാണ്. ഒരുപക്ഷെ ചിലരെങ്കിലും ഇതില്‍ മറിച്ചു ചിന്തിക്കുന്നവര്‍ കണ്ടേക്കും. അതായത് അഞ്ജന എന്ന പെണ്‍കുട്ടിയെ അകാരണമായി മര്‍ദ്ദിച്ച ഒരു വ്യക്തിയെ നിയമത്തിന്റെ മുന്‍പില്‍ ഹാജരാക്കി മാതൃകാപരമായി ശിക്ഷിക്കുന്നതിനു പകരം അയാളോട് നാടകീയമായ രീതിയില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയും ആ പെണ്‍കുട്ടിയുടെ പിതാവും ക്ഷമിച്ച് പ്രശ്നങ്ങള്‍ ഇല്ലാതാക്കിയത് ഒരുതരം ദുരൂഹത സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് എന്താണ് ഈ സംഭവത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം, ആരാണ് ഇതില്‍ ഉള്‍പ്പെട്ട അഞ്ജനയെ ആക്രമിച്ച വ്യക്തി എന്നിവ അന്വേഷിച്ചറിഞ്ഞു കണ്ടുപിടിച്ച് സത്യം മറ നീക്കി നിങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുകയാണ് ഇവിടെ….ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം നമ്മള്‍ അഞ്ജനയെ ക്രൂരമായി ആക്രമിച്ച വ്യക്തിയുമായി ഞങ്ങള്‍ നടത്തിയ ഇന്റര്‍വ്യൂവിലേക്ക് കടക്കുന്നതാണ്..”
“ഹും..എന്റെ വാസുവേട്ടനെ കുടുക്കാന്‍ ഇറങ്ങിയിരിക്കുകയാണ് ഇവള്‍..അമ്മെ..ഒന്നിങ്ങു വന്നെ..” ദിവ്യ ഡോണയുടെ സംസാരം അല്പം പോലും ഇഷ്ടപ്പെടാതെ പറഞ്ഞു. രുക്മിണി വേഗം അവിടെത്തി.
“അമ്മെ വാസുവേട്ടനോട് ക്ഷമിച്ചു എന്ന് ഇന്നലെ ആ പെണ്ണും അവളുടെ അച്ഛനും പറഞ്ഞതില്‍ എന്തോ പ്രശ്നം ഉണ്ടെന്നു പറഞ്ഞു ഈ ചാനലുകാര്‍ അത് കുത്തിപ്പൊക്കി വീണ്ടും കുഴപ്പം ഉണ്ടാക്കാന്‍ പോകുകയാണെന്ന് തോന്നുന്നു..അവര് വാസുവേട്ടനെ കണ്ടു പിടിച്ച് ഇന്റര്‍വ്യൂ എടുത്തത്രേ..ഇപ്പോള്‍ വരും”
“ഭഗവാനെ എന്റെ കുഞ്ഞിനെ ഒന്ന് കാണാന്‍ എങ്കിലും പറ്റുമല്ലോ…അച്ഛനെ വിളിക്കണോ മോളെ?’
“എന്തിനാ..പിന്നെയിത് നമ്മളെപ്പോലും കാണാന്‍ സമ്മതിക്കില്ല”
ഇടവേള കഴിഞ്ഞപ്പോള്‍ ഡോണ വീണ്ടും സ്ക്രീനിലെത്തി. ദിവ്യക്ക് അവളോട് മനസ്സില്‍ ശക്തമായ വിരോധം ഉടലെടുത്തുകഴിഞ്ഞിരുന്നു.
“വെല്‍ക്കം ബാക്ക്..ഇപ്പോള്‍ നമ്മുടെ ഒപ്പമുള്ളത് മിസ്സ് അഞ്ജനയെ മര്‍ദ്ദിച്ചു എന്ന് പറയപ്പെടുന്ന ആളാണ്..ഹായ് മിസ്റ്റര്‍ വാസു….