ശ്രീ,ഇപ്പോഴും വൈകിയാ വരുന്നെങ്കിൽ ഞാൻ വൈകിട്ട് അങ്ങുവരാം.ബുദ്ധിമുട്ടാകുവോ മോൾക്ക്.
ഇല്ല,അമ്മ പോരെ.ഒന്നുല്ലേലും ആരോടേലും ഒന്ന് മിണ്ടിയും പറഞ്ഞും ഇരിക്കാല്ലോ.
വീട്ടിലെത്തുമ്പോൾ ഗോമതിയുടെ വാക്കുകൾ അവൾക്ക് കൊടുത്ത ആശ്വാസം ചെറുതല്ല.
വീട്ടുജോലിയൊക്കെ ഒതുക്കി, അലക്കിയിട്ടത് പെറുകുമ്പോഴാണ് ഗോകുൽ പുറത്തുനിന്നു തിരികെ വരുന്നത്.അവളെ കാണാതെ മുന്നോട്ടുനടന്ന അവനെ അവൾ വിളിച്ചു.
ഗോകുലേ ഒന്നു നിക്കുവോ.ഒരുകൂട്ടം ചോദിക്കട്ടെ.
ആ ചേച്ചി ഇവിടുണ്ടാരുന്നോ.കണ്ടില്ല. എന്താ ചേച്ചി.
ഒന്നുല്ല,ഇന്നലെ ഉണ്ടായതൊക്കെ വീട്ടിൽ പറഞ്ഞു അല്ലേ.
പറഞ്ഞു,അല്ലേലും അമ്മേടെ മുന്നിൽ എനിക്ക് അധികം ഒളിക്കാനൊന്നും പറ്റില്ല.അയ്യോ ബഹളം ഉണ്ടാക്കീന്നു മാത്രേ പറഞ്ഞുള്ളൂട്ടോ.അല്ലാതൊന്നുമില്ല.
മം,സോറിട്ടോ ഗോകുൽ.ആ സമയത്ത് അങ്ങനെയൊക്കെ പെരുമാറിയതിൽ.
ഹേയ്, അങ്ങനൊന്നുമില്ല.എനിക്ക് മനസിലാവും.
എന്നാലും,എനിക്കെന്തോ.ഫീലിംഗ് ബാഡ്.ആ നേരത്ത് അത്രേം വലിയൊരു സഹായം ചെയ്തിട്ട് അയാളെത്തന്നെ ഇറക്കിവിട്ടപ്പോ….
അങ്ങനൊന്നും വിചാരിക്കരുത്.ചേച്ചിയുടെ അവസ്ഥ ഞാനും നോക്കണ്ടേ.ഇനി ഇത് സംസാരിക്കണ്ട.അല്ല സാറിനോട് പറഞ്ഞോ.
ഇല്ല.പറഞ്ഞിട്ട് ഫലം ഒന്നുമുണ്ടാവില്ല.ശ്രീയെട്ടൻ ഇങ്ങനെ അല്ലാരുന്നേൽ അസ്സമയത്തു അയാൾക്ക് വന്നു കേറാൻ തോന്നുവോ.വളം വച്ചു കൊടുത്തിട്ട്….. പറഞ്ഞിട്ട് എന്തുകാര്യം.
പോട്ടെ ചേച്ചി,ശരിയാവും.സാറിനോട് ഞാൻ സംസാരിക്കാം.പിന്നെ അവന്റെ ആ സുരേടെ ശല്യം ഇനിയുണ്ടാവില്ല.അതിനുള്ളത് ഞാൻ ചെയ്തുവച്ചിട്ടുണ്ട്.