അന്ന് ആദ്യമായി ഭാര്യയോട്, സ്വന്തം കുടുംബത്തോട് നീതിപുലർത്താൻ ശ്രമിക്കാത്ത ശങ്കറിനോട് വെറുപ്പ് തോന്നിയ നിമിഷങ്ങൾ.രാധികയോട് സഹതാപം തോന്നിയ നിമിഷങ്ങൾ.
എപ്പോഴോ അവൻ ഉറക്കത്തിലേക്ക് വഴുതി.
വഴിമാറി നടന്നിരുന്ന ഗോകുൽ അന്ന് പതിവില്ലാതെ അതുവഴിയെത്തി.
വീട്ടിലേക്ക് നടക്കുമ്പോൾ പിന്നാമ്പുറത്തു അല്പം ജോലിയിലായിരുന്ന രാധിക
അവന്റെ മുന്നിൽപ്പെട്ടു.
ഗോകുൽ എന്താ പതിവില്ലാതെ ഇതുവഴി.നടപ്പൊക്കെ മാറിയിരുന്നല്ലോ.
അത്, ഇടക്ക് വെറുതെ…
ശരി, എന്നാ ചെല്ല്.അമ്മ നോക്കിയിരിക്കുന്നുണ്ടാവും.
ചേച്ചീ,ഇവിടെയിങ്ങനെ ഒതുങ്ങിക്കൂടാതെ പൊയ്ക്കൂടേ ഈ നരകത്തിൽനിന്ന്.നമ്മളെ
വേണ്ടാത്തവർക്ക് വേണ്ടി എന്തിനാ വെറുതെ…..
അടുക്കളയിലേക്ക് കാലെടുത്തുവച്ച രാധിക ഒരു ഞെട്ടലോടെ തിരിഞ്ഞു.
നടന്നുതുടങ്ങിയ അവന്റെ മുന്നിലേക്ക് കിറുകെനിന്നു.മുൻവശത്തേക്ക് ശ്രദ്ധിച്ചു.ട്യൂഷൻ മുന്നേറുകയാണ്
“നീയെന്താ പറഞ്ഞെ എന്താ നിനക്കിപ്പോ അങ്ങനെ തോന്നാൻ.അപ്പൊ നിനക്കെന്തൊ അറിയാം.എനിക്കറിയണം അത്”
പറയാം ചേച്ചി.ഇവിടെവച്ചു വേണ്ട.പിള്ളേരോ സാറോ ആരേലും ഇങ്ങോട്ടു വന്നാൽ…
നീ ചെല്ല്, ഏട്ടനോട് പറഞ്ഞ് ഞാനങ്ങോട്ടു വരാം.
ഗോമതിയമ്മയെ കാണണം എന്നുപറഞ്ഞവൾ അവിടെത്തി.അവനപ്പോൾ അലച്ചിലിന്റെ ക്ഷീണം തീർക്കാനെന്നോണം അമ്മ കൊടുത്ത കട്ടനും കുടിച്ചു ഉമ്മറത്തുണ്ട്.”അമ്മ എന്തിയെ ഗോകുലേ”ആ വിളിയാണ് ചിന്തയിൽ നിന്നും അവനെ ഉണർത്തിയത്.
അപ്പുറത്തെവിടയോ ഉണ്ട്. ഇരിക്ക് ചേച്ചി. ഞാൻ വിളിക്കാം.
അത് കുടിച്ചിട്ട് വാ അല്പം മാറിനിന്നു സംസാരിക്കാം.
തോട്ടുവക്കിൽ, അതിലൂടെ പാളിനടക്കുന്ന വരാലിൻകുഞ്ഞുങ്ങളെ നോക്കിക്കൊണ്ട് അവൻ പറഞ്ഞുതുടങ്ങി.ഇടയ്ക്കിടെ ചെറിയ കല്ലുകൾ പെറുക്കി തോട്ടിലേക്ക് എറിയുന്നുണ്ട്. അവൻ കേട്ട സത്യങ്ങൾ നിർവികാരമായി കേട്ടുനിൽക്കുമ്പോഴും അവൾക്ക് അത്ഭുതമൊന്നും തോന്നിയില്ല.
എല്ലാം പ്രതീക്ഷിച്ചപോലെ തന്നെ.