ഞാൻ ചോദിക്കണോ വേണ്ടയോ എന്ന് പലവട്ടം ഓർത്തു, ഇല്ലേൽ ഒരു മനസമാധാനം കിട്ടില്ല നിനക്കെന്താ നിന്റെ അപ്പുറത്തെ ഗോകുലുമായി…
എന്ത്, ഞങ്ങള് നല്ല കൂട്ടാ.ഒന്നുല്ലേലും അയലോക്കം അല്ലേ അമ്മേ.
അതൊക്കെ ശരി, അതല്ലാതെ ഒന്നുല്ലല്ലോ.
എന്താ അമ്മേ ഇങ്ങനെ ഓരോന്നൊക്കെ ചോദിക്കണേ.
ഒന്നും ഉണ്ടായിട്ടല്ല.അങ്ങോട്ട് വരുമ്പോഴൊക്കെ നിങ്ങടെ പെരുമാറ്റം കാണുമ്പോ,എന്തോ?
അയ്യേ,ഇതാ കുഴപ്പം.ബാക്കി ആർക്കും തോന്നീല്ലല്ലോ.ഈ അമ്മക്ക് മാത്രം….
നിന്നെ പെറ്റുവളർത്തിയത് ഞാനാ. നീ എന്റെ തണലിലാ വളർന്നെ.ആ നിന്നിലെ ചെറിയ മാറ്റം പോലും പെറ്റ വയറിനു മനസിലാവും.പലപ്പോഴും പലതും ചോദിക്കണം എന്ന് കരുതും,ചോദിച്ചില്ല.എന്തേലും ഉണ്ടെ നീ പറയുല്ലോ എന്നുകരുതി.ഇതിപ്പോ എന്റെ ഉള്ളിലെന്തോ ആധിപോലെ.
ഒരു പൊട്ടിക്കരച്ചിലായിരുന്നു.അമ്മ അവളെ ബെഡിലേക്കിരുത്തി തോളോട് ചേർത്തു.പെയ്തൊഴിയട്ടെ എന്നുകരുതി.കുറച്ചുനേരത്തെ നിശബ്ദതക്കുശേഷം അവൾ പറഞ്ഞുതുടങ്ങി.ഇടക്കിടെയുള്ള ഏങ്ങലുകൾ അവളുടെ വാക്കുകൾ മുറിച്ചു.അവളുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ കേട്ട് അവളുടെ അമ്മയും തരിച്ചിരുന്നു.
അമ്മ കരുതുന്നപോലെ ഞാനും ഗോകുലും തമ്മിൽ അങ്ങനൊരു ബന്ധം ഇല്ല അങ്ങാനാവണമാരുന്നേൽ
എന്നെ ഈ മോൾക്ക് എന്നേ പറ്റുവാരുന്നു.പേടിയാരുന്നമ്മേ.
അന്നും ഇന്നും ശ്രീയേട്ടന് മാറ്റവൊന്നുമില്ല.പാതിരാത്രി വന്ന് കിടന്നുറങ്ങും.രാവിലെതൊട്ട് പതിവുപോലെതന്നെ.ഇതിനിടയിൽ ഞാൻ ഒരാൾ കൂടെ കിടക്കുന്നുണ്ട് എന്നുപോലും നോക്കാറില്ല.
പലപ്പോഴും പേടിച്ചിരുന്നിട്ടുണ്ട്.
അന്നത്തെ പ്രശ്നത്തിനു ശേഷാ അവനും അമ്മയും വന്ന് കൂട്ടുനിക്കുന്നെ.അതൊരു ആശ്വാസം.നൈറ്റ് ക്ലാസ്സ് തുടങ്ങിയേപ്പിന്നെ ക്ലബ്ബിൽ പോക്ക് നിന്നു.പുറത്ത് പിള്ളേരുടെ കൂടാ ഉറക്കം.അതോടെ ഗോമതിയമ്മയുടെ വരവും നിന്നു.ഒരു പെണ്ണ് ഒറ്റക്ക് അകത്തുണ്ട് എന്നൊരു ബോധം പോലും അങ്ങേർക്കില്ല.ചില ഞരമ്പുകൾ ഇടക്ക് ജനലിൽ മുട്ടിയതൊന്നും അങ്ങേർക്കറിയില്ല. അല്ലെങ്കിൽ വീട്ടിൽത്തന്നെ ഇതൊക്കെ ചെയ്യുവോ.