അച്ചു സുധിയുടെ കൂടെ ലക്ഷ്മിയുടെ അടുത്തേക്ക് ചെന്നു… നടന്നതെല്ലാം അവൾ അപ്പച്ചിയോട് പറഞ്ഞു… ലക്ഷ്മി സുധിയെ ചേർത്തു പിടിച്ച് നെറുകിൽ തലോടി…
“അമ്മയോട് ക്ഷമിക്ക് മോനേ…ഒന്നും അറിയാതെ മോനെ അമ്മ എന്തൊക്കെയൊ പറഞ്ഞു…മോൻ തെറ്റുകാരനല്ല എന്ന് അമ്മയ്ക്കും പിന്നെ ഈ കാന്താരിക്കും അറിയാലോ അതു മതി…നീ പറഞ്ഞ പോലെ വേറൊന്നും ആരും അറിയേണ്ട… ന്റെ അച്ചൂട്ടി ആർക്കും ഒരു സംസാരവിഷയം ആവേണ്ട…നിന്റെ സുധി ഉള്ളപ്പോൾ അച്ചുവിന് ഒന്നും സംഭവിക്കില്ല… അല്ലേടാ..”
“പിന്നല്ലാതെ…” അച്ചുവിന്റെ കണ്ണു നിറഞ്ഞു..
“ഇപ്പോഴാ എനിക്ക് സമാധാനം ആയെ.. എന്നാൽ ഞാൻ പോട്ടെ അപ്പച്ചി..പോട്ടെടാ കുരങ്ങാ…”
“ഇപ്പോൾ തന്നെ പോണോ മോളേ..?”
“പഠിക്കാനുണ്ട് അപ്പച്ചി…ഞാൻ പിന്നെ വരാം…”
“മോള് ഒറ്റക്ക് പോവണ്ട..സുധീ അച്ചുവിനെ വീട്ടിൽ കൊണ്ടു വിട്” സുധി അച്ചുവിനെ വീടിന്റെ പടിക്കൽ കൊണ്ടു വിട്ടു…
തിരിഞ്ഞു നടക്കുമ്പോൾ അവന്റെ മനസ്സിലെ അച്ചു എന്ന ഭ്രാന്തിന് തീവ്രത കൂടുന്നതായി അവനറിഞ്ഞു…അതേ സമയം തന്റെ കളിക്കൂട്ടുകാരന്റെ കണ്ണിലെ പ്രണയം നേരിൽ കണ്ടതിന്റെ ഫലമെന്നോണം അച്ചുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു….
കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമായി അച്ചുവിന്റെയും സുധിയുടെയും സ്കൂൾ കാലഘട്ടം കടന്നു പോയി…അച്ചു പഠനത്തിൽ ബഹു മിടുക്കിയും സുധി കുഴിമടിയനുമായതിനാൽ കോളേജിലെത്തിയപ്പോൾ രണ്ടു പേരും രണ്ടു വഴിക്കായി…പട്ടണത്തിലെ പേര് കേട്ട കോളേജിൽ അച്ചു ഡിഗ്രിക്ക് ചേർന്നു…അതിനടുത്തു തന്നെയുള്ള പാരലൽ കോളേജിൽ സുധിയും ചേർന്നു…രാഹുൽ സുധിയുടെ കോളേജിൽ തന്നെയുണ്ട്…എന്നാൽ അന്നത്തെ ആ സംഭവത്തിനു ശേഷം രാഹുൽ അച്ചുവിനെ ഒന്നു നോക്കിയിട്ടു പോലുമില്ല…
“സുധീ…”