“അത്…അമ്മ കരഞ്ഞപ്പോൾ…അമ്മ കരഞ്ഞാൽ എനിക്ക് സഹിക്കില്ലെടീ..” അച്ചുവിന്റെ കണ്ണും നിറഞ്ഞു…
“അച്ചൂ…നിനക്കെന്നോട് പിണക്കമില്ലേ?”
“എന്തിന്?”
“നിന്നെ തല്ലിയതിന്?”
“പിണക്കമുണ്ടെൽ നിന്നെ കാണാൻ ഞാൻ വരോ? പിന്നെ നിന്റെ തല്ലും എനിക്ക് പുത്തരിയല്ലല്ലോ…” അച്ചു ചിരിച്ചു…സുധിയും…
“നിനക്ക് വേദനിച്ചോടി പൊട്ടിക്കാളി?”
“ഏയ്…അതൊക്കെ മാറി…പിന്നെ സുധി… നീയെന്തിനാ അപ്പുവേട്ടന്റെ പേര് പറയുമ്പോൾ തന്നെ എന്നെ കടിച്ചു കീറാൻ വരുന്നേ?”
“അത്..അത് നീ അവനോട് മിണ്ടുന്നത് എനിക്കിഷ്ടല്ല…അതോണ്ട്..”
“കാരണം എന്താ?”
“കുന്തം…ദേ പെണ്ണേ ഇനി ഞാൻ വല്ല തെറിയും പറയും…അവളുടെ ഒരു ചോദ്യം ചെയ്യല്..”
“നീ പറഞ്ഞാൽ ഞാൻ തിരിച്ചും പറയും കാട്ടുമാക്കാനേ…ഞാൻ കുറച്ച് പാവായപ്പോൾ അവൻ എന്റെ തലേൽ കേറാ…ഹും…” സുധി ചിരിച്ചു…
“ദേ ഈ അച്ചുവിനെയാ എനിക്കിഷ്ടം… ഉരുളക്കുപ്പേരി മറുപടി പറയുന്ന എന്റെ പഴയ അച്ചുവിനെ..നിന്നോട് സംസാരിച്ചപ്പോൾ എന്റെ സങ്കടൊക്കെ പോയി..”
“സുധി വാ…അപ്പച്ചിയെങ്കിലും സത്യം അറിയണം…അങ്ങനെ എല്ലാരുടെയും മുന്നിൽ നീ ഒരു തെമ്മാടി ആവണ്ട…സുധി തെറ്റൊന്നും ചെയ്തിട്ടില്ല എന്നറിയുമ്പോൾ അപ്പച്ചിയുടെ വിഷമമൊക്കെ മാറും..”
“വേണ്ട അച്ചൂ…അത് സാരല്യ…അമ്മയുടെ പിണക്കൊക്കെ ഞാൻ മാറ്റിക്കോളാം…”
“ഞാൻ പറയുന്നതങ്ങ് കേട്ടാൽ മതി.. നീ വന്നേ..”