സ്നേഹമുള്ള തെമ്മാടി 2
SNEHAMULLA THEMMADI PART 2 AUTHOR ANURADHA MENON
അച്ചു ഭയന്ന് കണ്ണുകൾ ഇറുക്കിപിടിച്ചു..പെട്ടെന്ന് രാഹുൽ പുറകിലേക്ക് തെറിച്ചു വീണു…അച്ചു കണ്ണു തുറന്നപ്പോൾ മുന്നിൽ സുധി… അവളെ പുറകിലോട്ട് മാറ്റി നിർത്തി കയ്യിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റ് കൊണ്ട് സുധി രാഹുലിനേയും കൂട്ടുകാരെയും തലങ്ങും വിലങ്ങും തല്ലി…അവരുടെ സൈക്കിളുകളും നശിപ്പിച്ചു…
“ഡാ പുല്ലേ…സുധി ജീവിച്ചിരിക്കുമ്പോൾ നിനക്കൊന്നും അച്ചുവിനെ ഒരു കോപ്പും ചെയ്യാൻ കഴിയില്ല…വാടി ഇവിടെ…” സുധി അച്ചുവിന്റെ കൈ പിടിച്ച് വേഗം നടന്നു…അച്ചു തേങ്ങി തേങ്ങി കരഞ്ഞു…
“കരയാൻ മാത്രം ഇപ്പൊ ഒന്നും ഉണ്ടായിട്ടില്ല..ഇനി ഇതൊന്നും വീട്ടിൽ ആരോടും പറയാൻ നിൽക്കണ്ട…അവർക്കെല്ലാം വിഷമം ആവും.. അതിരിക്കട്ടെ…സ്കൂൾ വിട്ടു ഇത്ര നേരം നീ എവിടായിരുന്നു…?” “അ…അത്…ഞാൻ അപ്പുവേട്ടന്റെ വീട്ടിൽ…” ദേഷ്യം കൊണ്ട് സുധിയുടെ കണ്ണു ചുവന്നു…അവൻ അച്ചുവിന്റെ മുഖത്ത് ആഞ്ഞടിച്ചു..
“അവളുടെ ഒരു അപ്പുവേട്ടൻ.. എടീ നിനക്ക് അവനുമായി കിന്നരിക്കണമെങ്കിൽ ഈ നേരമാക്കണ്ട… രാവിലെ തന്നെ പൊക്കോ.. അല്ലെങ്കിൽ എന്തെങ്കിലും സംഭവിച്ചു പോയാൽ അവൻ നിന്നെ തിരിഞ്ഞു നോക്കില്ലെന്ന് എനിക്കുറപ്പുണ്ട്… ഇത്രേം വൈകീട്ടും നിന്നെ വീടു വരെ കൊണ്ടാക്കാൻ അവന് തോന്നിയില്ലല്ലോ…” അച്ചു സങ്കടത്തോടെ സുധിയെ നോക്കി.. വേദന കൊണ്ട് അവൾ കവിൾത്തടം കൈ കൊണ്ട് പൊത്തിയിരുന്നു…
“സുധി എന്താ പറഞ്ഞേ? ഞാൻ അപ്പുവേട്ടനുമായി കിന്നരിക്കാൻ പോയതാന്നോ..ദാ ഈ ചക്ക വറുത്തത് തരാൻ അപ്പച്ചി വിളിച്ചതോണ്ടാ ഞാൻ അങ്ങോട്ട് പോയേ..അപ്പുവേട്ടൻ കോളേജിൽ നിന്നും എത്തിയിട്ടു പോലും ഇല്ല… തൃപ്തിയായി സുധി…അന്ന് അപ്പുവേട്ടൻ…ഇന്ന് നീ… എല്ലാവരും അച്ചുവിനെ നല്ലോണം മനസ്സിലാക്കിയിട്ടുണ്ട്… രക്ഷിച്ചതിനു നന്ദി…ഞാൻ പോണു..”
അച്ചു കരഞ്ഞു കൊണ്ട് വീട്ടിലേക്കോടി… സുധി വിളിച്ചിട്ട് അവൾ നിന്നില്ല…അവളെ തല്ലിയതിൽ സുധിക്ക് കുറ്റബോധം തോന്നി… വീട്ടിലെത്തി ബുക്ക് തുറന്നു വെച്ചെന്നല്ലാതെ അച്ചുവിന് ഒന്നും പഠിക്കാൻ കഴിഞ്ഞില്ല…രാഹുലിന്റെ മുഖം ഓർക്കുമ്പോൾ അവൾ ഭയന്നു വിറച്ചു… അമ്മയോടും അച്ഛനോടും പറയാൻ അവൾക്ക് ധൈര്യം ഉണ്ടായില്ല…വിഷമിപ്പിച്ചെങ്കിലും സുധിയെ ഓർക്കുമ്പോഴെല്ലാം അവളുടെ മനസ്സ് തണുത്തു…സുധി അടിച്ച കവിളിൽ അവൾ പതിയെ തലോടി… പണ്ടും അപ്പുവേട്ടനോട് താൻ മിണ്ടുന്നത് സുധിക്ക് ഇഷ്ടമല്ലായിരുന്നു…ആരെങ്കിലും തന്നോട് വല്ലാതെ കൂട്ടു കൂടിയാലോ തന്നെ വിഷമിപ്പിച്ചാലോ അവരെ കണക്കിന് ഉപദ്രവിക്കും…പലപ്പോഴും താൻ ചെയ്തു കൂട്ടിയ വികൃതികൾക്കെല്ലാം അടി വാങ്ങിച്ചത് അവനായിരുന്നു…ബുക്കിൽ തല വെച്ച് അവൾ കിടന്നു…കണ്ണടക്കുമ്പോഴെല്ലാം സുധിയുടെ മുഖം കടന്നു വരുന്നു…