മൃഗം 6 [Master]

Posted by

ജീവിതത്തില്‍ ആദ്യമായി ഡൈനിംഗ് മുറിയില്‍ അവര്‍ നാലുപേരും ഒത്തുകൂടി. രുക്മിണിക്ക് ഇത് സ്വപ്നമോ സത്യമോ എന്ന് വിശ്വസിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. വാസുവും ശങ്കരനും കൂടി ഒരുമിച്ച് ആദ്യമായി സുരപാനം നടത്തുകയാണ്. മേശയുടെ ഇരു വശത്തുമായി അവര്‍ നാലുപേരും ഇരുന്നു. ശങ്കരനെതിരെ രുക്മിണി ഇരുന്നപ്പോള്‍ വാസുവിനെതിരെ ദിവ്യ ഇരുന്നു. സന്ധ്യക്ക് അവള്‍ നെറ്റിയില്‍ ചാര്‍ത്തിയിരുന്ന ചന്ദനക്കുറി അവളുടെ സൌന്ദര്യം ഇരട്ടിപ്പിച്ചിരുന്നു.
“ചിയേഴ്സ്..” മദ്യഗ്ലാസ് വാസുവിന്റെ ഗ്ലാസുമായി മുട്ടിച്ച് ശങ്കരന്‍ പറഞ്ഞു. വാസു ഗ്ലാസ് മുട്ടിച്ചതെ ഉള്ളു.
മദ്യം അല്പം സിപ് ചെയ്ത് അതിന്റെ ചവര്‍പ്പ് മാറാന്‍ അല്പം മത്സ്യം കഴിച്ച ശേഷം ശങ്കരന്‍ സന്തോഷത്തോടെ രുക്മിണിയെ നോക്കി.
“നിനക്കറിയോ രുക്കൂ…” വളരെ സന്തോഷമുള്ള സമയത്താണ് രുക്കു എന്ന് അയാള്‍ ഭാര്യയെ വിളിക്കുക. “ഇന്ന് ഇവന്‍ കാരണം എന്റെ നഷ്ടമായ എത്ര രൂപ തിരികെ കിട്ടി എന്ന് നിനക്ക് അറിയാമോ..രൂപ കിട്ടിയതല്ല എന്റെ സന്തോഷത്തിനു കാരണം..എന്നെ കബളിപ്പിക്കാനായി പദ്ധതി ഇട്ടിരുന്ന എല്ലാവര്‍ക്കും ഇന്നുണ്ടായ ഞെട്ടലാണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്….എന്റെ ഈ പോന്നുമോനാണ് അത്ന്റെ കാരണം…..”
“ഇത്രയ്ക്ക് സന്തോഷിക്കാന്‍ ഇവനെന്താ ചെയ്തത്?” രുക്മിണി വാത്സല്യത്തോടെ അവനെ നോക്കി ചോദിച്ചു. ദിവ്യയുടെ കണ്ണുകള്‍ വാസുവിനെ തന്നെ ആരാധനയോടെ നോക്കുകയായിരുന്നു.
“മുസ്തഫ..ടൌണിലെ ഗുണ്ടാ നേതാവാണ്‌…പോലീസുകാര്‍ വരെ അവന്റെ പോക്കറ്റില്‍ ഉണ്ട്. നല്ല രാഷ്ട്രീയ പിന്‍ബലം…അവന്‍ എന്റെ പക്കല്‍ നിന്നും വാങ്ങിയ പണം തരാതായത്തോടെ പല വാലുമാക്രികളും പണം തരാതിരിക്കാന്‍ ഓരോരോ ഒഴികഴിവുകള്‍ പറയാന്‍ തുടങ്ങി. ഇന്ന് വാസുമോന്‍ ഓഫീസില്‍ വന്നപ്പോള്‍ ഞാന്‍ ആദ്യമായി അവനോട് അബദ്ധവശാല്‍ മുസ്തഫയുടെ കാര്യമാണ് പറഞ്ഞത്..കഴിഞ്ഞ ഒരു വര്‍ഷമായി എന്നും കയറിയിറങ്ങിയിട്ടും ഒരൊറ്റ രൂപ തരാതെ എന്നെ ഇട്ടു കുരങ്ങ് കളിപ്പിച്ച മുസ്തഫ, രണ്ടുലക്ഷം രൂപ എണ്ണി കൈയില്‍ ഏല്‍പ്പിച്ചു…” ശങ്കരന്‍ ബാക്കി മദ്യം കുടിച്ചു. വാസു പക്ഷെ ഗ്ലാസില്‍ തൊട്ടതേയില്ല.
“കുടിക്ക് മോനെ..ഇന്ന് നമ്മള് സന്തോഷിക്കണം..” ശങ്കരന്‍ അവനോടു പറഞ്ഞു.
“അച്ഛന്‍ ക്ഷമിക്കണം..നിങ്ങളുടെ മുന്‍പില്‍ വച്ച് എനിക്കിത് കുടിക്കാന്‍ പറ്റില്ല….പ്രത്യേകിച്ചും അമ്മയുടെ മുന്‍പില്‍ വച്ച്….ഞാന്‍ പുറത്ത് പോയി കുടിച്ചിട്ട് വരാം……” അവന്‍ വേഗം ഗ്ലാസുമായി പുറത്തേക്ക് പോയി.
അവന്‍ പറഞ്ഞത് കേട്ടപ്പോള്‍ ശങ്കരന്‍ ഞെട്ടിപ്പോയി. അയാളുടെ കണ്ണുകളില്‍ ജലകണങ്ങള്‍ ഉരുണ്ടുകൂടി. രുക്മിണി നിറഞ്ഞു തുളുമ്പിയ അവളുടെ കണ്ണുകള്‍ തുടയ്ക്കുന്നത് സ്വന്തം കണ്ണ് നിറഞ്ഞു പോയതിനാല്‍ അയാള്‍ കണ്ടില്ല.
“വാസുവേട്ടന്‍ പാവമാ അല്ലെ അമ്മെ..” ദിവ്യ കണ്ണുകള്‍ തുടച്ചുകൊണ്ടിരുന്ന അമ്മയോട് പറഞ്ഞു. രുക്മിണി നിറകണ്ണുകളോടെ തലയാട്ടി. ദിവ്യയുടെ ചെഞ്ചുണ്ടുകളില്‍ അതിമധുരമായ ഒരു പുഞ്ചിരി വിടര്‍ന്നു…അവളുടെ മനസ്സ് സ്വപ്നങ്ങളുടെയും മോഹങ്ങളുടെയും നീലാകാശത്ത് ഒരു വര്‍ണ്ണപ്പക്ഷിയെപ്പോലെ പാറിപ്പറക്കുകയായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *