ദേവരാഗം 12 [ദേവന്‍]

Posted by

ആ ദേവേട്ടനെ വേറെയാരും സ്വന്തമാക്കാതിരിക്കാനാ ആദിചേച്ചി ഏട്ടനെ ഇഷ്ടാന്ന് പറഞ്ഞത്… വേറെയാരും ഏട്ടന്റെ ഇഷ്ടം പിടിച്ചു പറ്റാതിരിക്കാനുള്ള വാശി… ഏട്ടനും തിരിച്ച് ഇഷ്ടാന്ന് പറഞ്ഞപ്പോ നിങ്ങള് തമ്മില് പ്രേമായി… അങ്ങനെ എല്ലാരുടെം മുന്നില് ഏട്ടന്റെ പെണ്ണായി ചേച്ചി ഞെളിഞ്ഞു നടന്നു… എന്നാ മോനൂട്ടന്‍ മരിച്ച് ഏട്ടന്‍ അതിന്റെ വിഷമത്തില് നടന്നപ്പോ കോളേജിലോക്കെ ഏട്ടനെ കൊണ്ടുപോയി കൂട്ടുകാരികളെയൊക്കെ കാണിച്ച് എല്ലാരും ചേച്ചിയെ അസൂയയോടെ നോക്കുന്നത് കാണണം എന്ന ചേച്ചീടെ മോഹം നടന്നില്ല… പലപ്പോഴും ഏട്ടനോട് നാട്ടിലും കോളേജിലും ഒക്കെ വരാന്‍ പറഞ്ഞ് ചേച്ചി അന്നൊക്കെ നിര്‍ബന്ധിച്ചിരുന്നത് ഏട്ടന്‍ ഓര്‍ക്കണില്ലേ..??

“…ഉം…” ഞാന്‍ തലയാട്ടി..

“…ആളൊരു കോഴിയാണെങ്കിലും അന്ന് കോളേജിലെ സ്റ്റാറായിരുന്നു വരുണ്‍… ആ വരുണ്‍ ചേച്ചിയുടെ പുറകേ വന്നപ്പോ, എന്ത് കാരണംകൊണ്ട് ഏട്ടനെ ചേച്ചി ഇഷ്ടപ്പെട്ടുവോ അതെ കാരണംകൊണ്ട് അവനേം ഇഷ്ടപ്പെട്ടു… എട്ടനെ ചതിച്ചു…” വലിയൊരു കാര്യം പറഞ്ഞുതീര്‍ത്തതിന്റെ ആശ്വാസം പോലെ ശ്വാസമൊന്നു ആഞ്ഞുവലിച്ച് അവള്‍ അല്‍പ്പസമയം എന്റെ മുഖത്തേയ്ക്ക് നോക്കിനിന്നു… അന്ന് നടന്ന കാര്യങ്ങളൊക്കെ അച്ചുപറഞ്ഞതിന്റെ കൂടെ കൂട്ടിവായിച്ചുകൊണ്ട് ഞാന്‍ മുന്നോട്ടു നടന്നു… അവളും… അമ്പലത്തിന്റെ മതില്‍ക്കെട്ട് കടക്കുമ്പോള്‍ ശാസ്താവിനു മുന്നില്‍ ആരോ നേദിച്ച നീരാഞ്ജനത്തിന്റെ നെയ്മണം ഞങ്ങളെത്തഴുകി അന്തരീക്ഷത്തില്‍ പടര്‍ന്നു..

“…ഇത്രയും വര്‍ഷം ആദിചേച്ചി ഹാപ്പിയായിരുന്നു… എന്നാല്‍ ഏട്ടനോ..?? ഏട്ടന്‍ അനുഭവിച്ചതൊക്കെ എനിക്കറിയാം… വല്യേച്ചി ഇല്ലായിരുന്നേല്‍ ഏട്ടന്റെ അവസ്ഥ എന്തായിരുന്നിരിക്കുമെന്നുമറിയാം.. ഇപ്പോള്‍ ഏട്ടന്‍ പഴയതിനേക്കാള്‍ വല്യയാളാ… ശ്രീമംഗലത്തെ മുഴുവന്‍ ബിസ്സിനസുകളും നിയന്ത്രിക്കുന്നയാള്‍… എന്നാല്‍ ആ സ്റ്റാര്‍ഡത്തിന്റെ വച്ചുകെട്ടുകളൊന്നുമില്ലാത്ത സിംപിള്‍മാന്‍… എല്ലാവര്‍ക്കും ഏറ്റവും പ്രിയങ്കരന്‍… ഈ കാലത്തിനിടയ്ക്ക് എട്ടന് എത്ര കല്യാണാലോചനകള്‍ വന്നിരുന്നെന്നു എട്ടനറിയോ…? എവിടെച്ചന്നാലും ബന്ധുക്കള്‍ക്കൊക്കെ ഏട്ടന്റെ വിശേഷങ്ങളാണ് സംസാരിക്കാനുള്ളത്…  അങ്ങനെയുള്ള ശ്രീമംഗലത്തെ ദേവന്റെ ഭാര്യയാവുക എന്നതിലൂടെ ചേച്ചിക്ക് കിട്ടുന്ന സ്ഥാനം ചെറുതല്ല… അതിനു വേണ്ടി ചേച്ചി എന്തും ചെയ്യും… ഇപ്പോ ഏട്ടന്റെ കല്യാണം കഴിഞ്ഞിട്ടും അനുചേച്ചിയുമായി ഏട്ടനെ തെറ്റിക്കാനുള്ള കരുക്കള്‍ നീക്കുവാണ് ആദിചേച്ചി… എന്റെ പ്രതികരണമറിയാന്‍  അവളല്‍പ്പം നിര്‍ത്തി. എന്നാല്‍ ഞാന്‍ ആലോചനയിലായിരുന്നു..

“…കല്യാണം കഴിഞ്ഞ് ഇങ്ങോട്ട് തിരിച്ചുപോരുന്നവരെ അനുചേച്ചീടെ കൂടെത്തന്നെയായിരുന്നു ആദിചേച്ചി.. അന്നേ എനിക്ക് സംശമുണ്ടായിരുന്നു.. എന്തെങ്കിലും ഒക്കെപ്പറഞ്ഞ് നിങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ ആദിചേച്ചി ശ്രമിക്കുമെന്ന്… നിങ്ങള്‍ തമ്മില്‍ അകല്‍ച്ചയുണ്ടായതും ആദിച്ചേച്ചി കാരണമല്ലേ..??”

Leave a Reply

Your email address will not be published. Required fields are marked *