അകത്തേയ്ക്ക് ചെല്ലുമ്പോള്‍ എല്ലാരും ഹാളിലുണ്ട്… സമയം ഒരു മണിയാകാറായി.. അനു മുറിയിലേയ്ക്ക് പോയിരുന്നു… പുഞ്ചിരിക്കാന്‍ ശ്രമിച്ച് ഞാന്‍ എല്ലാരോടും സംസാരിച്ചു… വീട്ടിലെല്ലാവരും വളരെ സന്തോഷത്തിലാണ്… അനുവിന്റെ മുഖത്ത് നിന്നും അവരൊന്നും അറിഞ്ഞിട്ടില്ല… അവളുടെ വിഷമംപോലും.. അതെനിക്കാശ്വാസമായി.
ഡ്രസ്സ് മാറാനായി ഞാന്‍ മുറിയില്‍ ചെല്ലുമ്പോള്‍ അനു വേഷമൊക്കെ മാറിയിരുന്നു… ഒരു പിങ്ക് ചുരിദാര്‍ ധരിച്ച് ബാഗില്‍ നിന്നും സാധങ്ങള്‍ മാറ്റിക്കൊണ്ടിരുന്ന അവള്‍ ഞാന്‍ അടുത്തുണ്ടെന്ന യാതൊരു തോന്നലുമില്ലാത്ത രീതിയില്‍ അവളുടെ പണികളില്‍ വ്യാപ്രുതയായി.. എങ്കിലും എനിക്ക് മാറാനുള്ള ബനിയനും ട്രാക്സും കട്ടിലില്‍ വച്ചിരുന്നു… ഞാനതെടുത്ത് ബാത്രൂമില്‍ കയറി ഡ്രസ്സ് മാറിക്കൊണ്ടിരിക്കുമ്പോള്‍ ഞങ്ങളെ ഊണ് കഴിക്കാന്‍ വിളിക്കുന്നു എന്ന് മാളു വന്നു പറയുന്ന കേട്ടു..
എല്ലാവരും ഒരുമിച്ചിരുന്നു ഊണ് കഴിച്ചശേഷം മുത്തും സഞ്ജുവും പോകാനിറങ്ങി… ഇങ്ങോട്ട് വന്നപ്പോള്‍ ചിരിയും കളിയുമായി വന്ന മുത്തിന് പോകാന്‍നേരം ചെറിയ വിഷമം.. കാറില്‍ കയറുന്നതിനു മുന്‍പ് നിറകണ്ണുകളോടെ അവളെന്റെ മാറിലമര്‍ന്നു… അത്രയും നേരം എല്ലാരേം ഭരിച്ചു നടന്നിരുന്ന ചേച്ചിപ്പെണ്ണിന്റെ സങ്കടം കണ്ടപ്പോ മറ്റുള്ളവര്‍ക്ക് ചിരിയാണ് വന്നത്… എല്ലാരും കൂടിപ്പാവത്തിനെ വാരി.. “..ഞാന്‍ കരഞ്ഞില്ലാല്ലോ…നിങ്ങക്ക് തോന്നീതാ…”ന്നും പറഞ്ഞ് അവള്‍ പിണങ്ങിയപ്പോള്‍ ചിരി കൂട്ടച്ചിരിയായി… അവസാനം എന്നോടും അനുവിനോടും സമയംപോലെ അവരുടെ വീട്ടിലേയ്ക്ക് ചെല്ലണമെന്നും പറഞ്ഞു അവര്‍ യാത്രയായി.
അന്ന് രാത്രി അനു ഒരുപാട് നിര്‍ബന്ധിച്ചിട്ടും വിശാലമായ എന്റെ ഫാമിലികോട്ട് കട്ടിലില്‍ ഞാന്‍ അവള്‍ക്കൊപ്പം കിടന്നില്ല… പകരം ആ മുറിയില്‍ത്തന്നെ കട്ടിലിനു സമാന്തരമായി അകത്തി ജനലിനോട് ചേര്‍ത്തിട്ടിരുന്ന കൌച്ചില്‍ കിടന്നു… ലൈറ്റുകളണച്ച് കിടന്ന് നേരം ഒരുപാടായിട്ടും ഉറക്കം വരാതെ അനു തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് ഉറങ്ങാതെ കിടന്ന ഞാന്‍ അറിയുന്നുണ്ടായിരുന്നു… രാത്രി എപ്പോഴോ ഞാനുറങ്ങി.
“…ദേവൂട്ടാ… നിനക്കിന്നു ഓഫീസില്‍ പോണോ…??” രാവിലെ അടുക്കളയിലെ സ്ലാബില്‍ കയറിയിരുന്ന് ചെറിയമ്മ തേങ്ങ ചിരകുന്നതില്‍നിന്നും കൈയിട്ടു വാരിത്തിന്നുകൊണ്ടിരിക്കുമ്പോള്‍ ചിരവയ്ക്കടുത്തേയ്ക്ക് നീണ്ട എന്റെ കൈയില്‍ പതുക്കെ തല്ലി ശാസിക്കുന്നതിനിടയില്‍ ചെറിയമ്മ ചോദിച്ചു..