ദേവരാഗം 12 [ദേവന്‍]

Posted by

“…ദേവേട്ടാ… ഞാന്‍ പറഞ്ഞത് സത്യല്ലേ..??”

“..ഉം…” ഞാന്‍ തലയാട്ടി സമ്മതിച്ചു… അവളിലൊരു ഞെട്ടലുണ്ടായി.. പിന്നെയൊരു നനഞ്ഞ പുഞ്ചിരിയോടെ എന്റെ മുഖത്ത് നിന്നും കണ്ണുമാറ്റി വെളിയിലേയ്ക്ക് നോക്കിയിരുന്നു.

“…ദേവേട്ടന്‍ ഇല്ലായെന്ന് പറയൂന്നാ ഞാന്‍ കരുതിയേ..?? ആദിയീക്കാര്യം പറയുമ്പോഴും അത് സത്യമാവില്ലാന്നാ ഞാന്‍ വിചാരിച്ചേ… എന്തായാലും ദേവേട്ടന്‍ നുണപറഞ്ഞില്ലല്ലോ… എനിക്ക് സന്തോഷായി… എന്നാലും ആ ബന്ധം തുടര്‍ന്നിരുന്ന നിലയ്ക്ക് സഹതാപത്തിന്റെ പേരിലാണെങ്കിക്കൂടി എന്നെ കല്യാണം കഴിക്കാന്‍ സമ്മതിക്കണ്ടായിരുന്നു… വര്‍ഷങ്ങള്‍ക്ക് ശേഷം ദേവേട്ടന്‍ എല്ലാം മറന്നു അവളോടൊപ്പം ഒരുമിച്ചു കഴിഞ്ഞപ്പോ ദേവേട്ടനുമായുള്ള ഒരു ജീവിതം അവള് സ്വപ്നം കണ്ടുതുടങ്ങിയിരുന്നു… പാവം…!! ഇപ്പോ അതൊക്കെ വെറുതേ ആയില്ലേ…?? എത്രയായാലും അവളൊരു പെണ്ണാ ദേവേട്ടാ… മോഹിച്ച പുരുഷന്‍ കൈക്കുമ്പിളില്‍ നിന്നും നഷ്ടപ്പെടുന്ന ഒരു പെണ്ണിന്റെ വേദന എനിക്ക് നന്നായി മനസ്സിലാവും… ഞാനും അതനുഭവിക്കുവാണല്ലോ…?? വേണ്ടായിരുന്നു ദേവേട്ടാ.. ഒന്നും വേണ്ടായിരുന്നു…” കടുത്ത ഹൃദയവേദന അനുഭവിക്കുന്നപോലെ അവള്‍ പറഞ്ഞു നിര്‍ത്തി.. ഒരു കുറ്റവാളിയെപ്പോലെ എല്ലാം കേട്ടിരിക്കാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ.

വീടിനു തൊട്ടുമുന്‍പ് മാണിക്യന്റെ വീടിനു മുന്നിലൂടെപ്പോകുമ്പോള്‍ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ തുടച്ച്  അവളൊരു കാര്യം കൂടിപ്പറഞ്ഞു..

“..ദേവേട്ടാ.. എത്രയും വേഗം അജുവേട്ടനെ കണ്ടെത്തണം… ഇനിയും ദേവേട്ടന്റെ ഭാര്യയായിരിക്കാന്‍ എനിക്ക് സാധിക്കില്ല… ദേവേട്ടനെ സ്നേഹിക്കാനുമെനിക്ക് കഴീല്ല… എന്നായാലും നമ്മള്‍ പിരിയണം… അതെത്രയും വേഗം വേണം… ഇപ്പോത്തന്നെ ഞാന്‍ എന്റെ വീട്ടിലേയ്ക്ക് പോകേണ്ടതാണ്… എന്നാല്‍ പറയാന്‍ എനിക്കൊരു കാരണമില്ല..   ആരെയും വേദനിപ്പിച്ചുകൊണ്ട് എനിക്കൊരു ജീവിതം വേണ്ടാ… പ്ലീസ്..!! അജുവേട്ടന്‍ വരുന്നവരെ ഒരഭയാത്രിയെപ്പോലെ ഞാന്‍ ശ്രീമംഗലത്ത് നിന്നോളാം.. ഇനി അജുവേട്ടന് എന്നെ വേണ്ടാന്നു പറഞ്ഞാലും നമ്മള്‍ ഒരുമിച്ച് ജീവിക്കില്ല..”

അവള്‍ പറഞ്ഞതൊക്കെ ഞാന്‍ സമ്മതിച്ചു… വേറെ നിവര്‍ത്തിയില്ലല്ലോ… അവളെപ്പോലൊരു നാടന്‍ പെണ്ണിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലല്ലോ ഞാന്‍ ചെയ്തിട്ടുള്ളതൊക്കെ… എന്തൊക്കെ വാദങ്ങള്‍ നിരത്തിയാലും അതൊന്നും ഞാന്‍ ചെയ്ത തെറ്റിനെ ന്യായീകരിക്കില്ല.

വീട്ടിലെത്തി, കാറില്‍ നിന്നിറങ്ങി ഒന്നും മിണ്ടാതെ അനു അകത്തേയ്ക്ക് പോയി… ഞാന്‍ ബാഗുകളൊക്കെ ഡിക്കിയില്‍ നിന്നുമിറക്കുമ്പോള്‍ ഭാസിയണ്ണന്‍ വന്നു സഹായിച്ചു… എന്റെ മുഖത്തെ വിഷമം കണ്ടു പുള്ളി കാരണം ചോദിച്ചെങ്കിലും ഞാനൊഴിഞ്ഞുമാറി..

Leave a Reply

Your email address will not be published. Required fields are marked *