ആദി എഴുതുന്നു
Aadi Ezhuthunnu Author : ഏകാകി
ഹായ്…
ഞാൻ ആദി.
നിങ്ങൾ എന്നെ ആദി എന്ന് തന്നെ വിളിച്ചാൽ മതി.
ലാലേട്ടന്റെ മോന്റെ പേരുതന്നെയാണ് ഞങ്ങൾ (ഞാനും ലാലേട്ടന്റെ മോനും) ഒരേ പ്രായക്കാരാണ്….
അവൻ ലാലേട്ടൻ മോനും ഞാൻ കൂലിപ്പണിക്കാരൻ മോഹനന്റെ മോനും അത്രയേ വ്യത്യാസം ഉള്ളു…
പണ്ടത്തെ ഇടത്തരം വീടുകളിൽ സ്ഥിരം കണ്ടുവന്നിരുന്ന ഒരു കാലാപരിപാടി ഉണ്ട് “കള്ളുകുടിച്ചു വന്ന് ഭാര്യയെ തല്ലൽ” ആ കലാപരിപാടി മുറതെറ്റാതെ നടന്നു വന്ന എന്റെ വീട്ടിലെ അടുപ്പ് തണുത്തുറഞ്ഞു പോകാതെ നോക്കിയിരുന്നത് അമ്മയാണ്…
ഞങ്ങളുടെ (എന്റെയും ചേട്ടന്റെയും) ഇന്നത്തെ ഈ ജീവിതം ഞങ്ങളുടെ അമ്മയുടെ വിയർപ്പും കണ്ണീരും കൊണ്ട് വാർത്തെടുത്തതാണ്…
ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ പത്രം ഇടാൻ പോകുമായിരുന്നു ഞാൻ…
അതിരാവിലെ മൂന്ന് മണിക്ക് സൈക്കിൾ എടുത്തു ടൗണിൽ പോയി പത്രം എടുത്ത് വ്യായാമം ചെയ്യാൻ പോവും(നൂറിൽ കൂടുതൽ വീടുകളിൽ പത്രം ഇടാൻ ഉണ്ടാകും). അത് കഴിഞ്ഞു വരുന്ന വഴി പുഴയിൽ ഒന്ന് നീന്തി കുളിക്കും., , ഉമ്മറത്ത് ഇരുന്നു കുറച്ചു നേരം പഠിച്ച് യൂണിഫോം ഒക്കെ ഇട്ട് സ്കൂളിൽ പോവും, കഞ്ഞി കുടിച്ചാണ് സ്കൂളിൽ പോവാ അതാവുമ്പോ അരി അതികം ചിലവില്ലല്ലോ….
ഉച്ചക്ക് മൃഷ്ട്ടാനം ഊണ് (ചോറും ചെറുപയറ് കറിയും)
ക്ലാസ്സിൽ ഇരുന്നു ഉറക്കം തൂങ്ങുമ്പോൾ ടീച്ചർ പറയാറുണ്ട് തിന്നാനും ഉറങ്ങാനും അലാതെ ഒന്നിനും കൊള്ളാത്തവനാണ് ഞാൻ എന്ന്…
ടീച്ചർക്കറിയില്ലല്ലോ മ്മടെ സെറ്റപ്പ്..