“അവിടെ കിടക്കുന്ന ആ വലിയ പാറ കുട്ടിക്ക് പൊക്കാൻ കഴിയില്ലേ..?”
തേതി തിരിഞ്ഞു നോക്കി സാമാന്യം വലുപ്പമുണ്ടെങ്കിലും അവൾക്കു എടുക്കാൻ കഴിയും. അവൾ അവനെ നോക്കി കഴിയും എന്ന അർത്ഥത്തിൽ തലയാട്ടി…
പിന്നിലേക്ക് മറിയുന്ന കണ്ണുകൾ തേതിയുടെ കണ്ണുകളിൽ പണിപ്പെട്ടു ഉറപ്പിച്ചു ശ്രീഹരി വീണ്ടും പറഞ്ഞു…
“അതെടുത്തു കൊണ്ട് വന്നു എന്റെ തലയുടെ മേലെ ഇട്ടോളൂ… എല്ലാം പെട്ടന്ന് തീരും. ആരും ഒന്നും അറിയില്ല, എന്നിട്ടു നീ വെക്കം പൊക്കോളൂ…”
തേതി ഞെട്ടിപ്പോയി ഒരു നിമിഷം അവനെ തറപ്പിച്ചു നോക്കി നിന്ന അവൾ പറഞ്ഞു.
“നിക്കാരേം കൊല്ലേണ്ട അതൊക്കെ നിന്നെ പോലത്തെ ജന്തുക്കളാ ചെയ്ക… അങ്ങനെ കൊല്ലാനാരുന്നേൽ, അന്നാ പുഴയിൽ നിന്നെ രക്ഷിക്കണ്ടായിരുന്നു…”
ശ്രീഹരി വീണ്ടും കണ്ണുകൾ അടച്ചു അത് പക്ഷെ ബോധം കേട്ടതായിരുന്നില്ല അവൻ ഒന്ന് ദീർഘമായി ശ്വാസം എടുത്തു വീണ്ടും അവളെ കണ്ണ് തുറന്നു നോക്കി പറഞ്ഞു.
“ശരിക്കും ആരാ പെണ്ണേ നീയ്..? എങ്ങനെ നീ ഈ കാട്ടിൽ വന്നു..? കഞ്ചാവിന്റെ ലഹരിയിൽ മനസ്സറിയാതെ ആണെങ്കിലും മാനം പിച്ചിച്ചീന്തിയ ക്രൂരനല്ലേ ഞാൻ… എന്നിട്ടും കാല പാമ്പു കൊത്തിയ എനിക്ക് ഒരിറ്റു വെള്ളം തരാൻ നിനക്ക് എങ്ങനെ കഴിയുന്നു..? ഇനി നീ ഈ കാട്ടിലെ ദേവി തന്നെയോ..?’
ഒരു നിമിഷം ശ്രീഹരിയെ തന്നെ നോക്കി നിന്ന തേതി പെട്ടന്ന് മുത്തു മണികൾ ചിതറി വീഴുന്ന പോലെ പൊട്ടിച്ചിരിച്ചു. ആ പൊട്ടിച്ചിരികൾക്കിടയിൽ അവൾ അവനോടു പറഞ്ഞു…
“ഹ… ഹ… ദേവിയെ ഏനോ..? ഏനൊരു പാവം അടിയാത്തി പെണ്ണാ അക്കരെ ആണ് എന്റെ കുടി…”
നീണ്ടു വന്ന ചിരി അവളുടെ മുഖത്ത് നിന്നും മാഞ്ഞു പിന്നെ നിരാശയുടെ നിസ്സഹായതയുടെ നൊമ്പരത്തിന്റെ സ്വരത്തിൽ അവൾ തുടർന്നു…
“ചെന്നായിൽ നിന്നും രക്ഷപെടാൻ ഓടി സിംഹത്തിന്റെ വായിൽ വന്നു ചാടിയ മാനിന്റെ കഥ കേട്ടിട്ടുണ്ടോ..? ആ മാനാണ് ഞാൻ. പിന്നെ നിന്നെ കാല പാമ്പു അല്ല കൊത്തിയെ… കാട്ടിലെ കാരമുള്ള് കൊണ്ട് കേറിയതാ…”