ശരീരത്തിലെ മുറിവുകൾ മാത്രമേ അൽപമെങ്കിലും ആറിയിട്ടുള്ളൂ, മനസ്സ് ഇപ്പോളും ചുട്ട് പൊള്ളുകയാണ്… ഇനിയൊരിക്കലും തിരിച്ചു വരാത്ത അവളുടെ കന്യാത്വം അവളുടെ സമ്മതമില്ലാതെ പിടിച്ചു പറിക്കപ്പെട്ടതവിടെയാണ്… അവളുടെ കണ്ണുകൾ ആ ഓർമ്മയിൽ നിറഞ്ഞു രണ്ടു തുള്ളികൾ ചാലുകീറി ആ കവിളിനെ നനച്ചു…
കാടിന്റെ നന്മയും പരിശുദ്ധിയും മാത്രം കൈമുതലായുള്ള ആ കാട്ടു പെണ്ണിന്റെ ഹൃദയം കീറി മുറിച്ചു അവളുടെ വിശുദ്ധി കവർന്നു അവളെ പരമ ദരിദ്രയാക്കിയ ആ കാട്ടാളൻ… അവിടെ എവിടെയോ ഉണ്ട്. ആ സുന്ദരമായ മുഖം ഭീതിയിൽ ചുവന്നു…
തിരിച്ചു പോവുക തന്നെ, എല്ലാ കാര്യങ്ങളും അമ്മയോട് തുറന്നു പറയാം. അമ്മ കരുതിയിരിക്കുന്നത് ശേഖരൻ അധികാരിയാണ് തന്നെ നശിപ്പിച്ചത് എന്ന്. ആ പേടിയിലാണ് തന്നെ ഇങ്ങോട്ടു പറഞ്ഞു വിട്ടത്. അവൾ എല്ലാം തീരുമാനിച്ചുറപ്പിച്ചു, പിന്നെ പുഴയിലേക്ക് തിരികെ നടന്നു.
വെള്ളത്തിൽ ഇറങ്ങുന്നതിനു മുൻപ് അവൾ അക്കരെ അവളുടെ കുടിയുടെ നേരെ നോക്കി. അവിടെ നിന്ന് നോക്കിയാൽ അടുക്കള വാതിൽ കാണാം. അയ്യോ..! ആരാണ് അമ്മയുടെ പിന്നാലെ നടന്നു വരുന്നത്..? ശേഖരൻ അധികാരി..!
അവളുടെ പെരുവിരൽ മുതൽ വിറച്ചു കയറി. ഒരു നിമിഷം അവിടെ നിന്ന അയാൾ കുത്തു കല്ലുകൾ ഇറങ്ങി വരാൻ പോകുന്നത് പുഴയുടെ നേരെയാണോ..? അവളെ പിടികൂടാൻ അരയാലിനപ്പുറം പതുങ്ങിയിരിക്കുന്ന കാട്ടാളനെ അവൾ ക്ഷണ നേരം കൊണ്ട് മറന്നു.
അധികാരിയുടെ കണ്ണിൽ പെടാതിരിക്കാനായി അവൾ ഒരു മാൻ കുട്ടിയെ പോലെ കാടിനു നേരെ ചാടിയോടി. നിമിഷങ്ങൾക്കകം ഉരുളൻ കല്ലുകൾ നിറഞ്ഞ നദീതീരം കടന്നു അവൾ അരയാലിനു ചുവട്ടിലൂടെ കുതിച്ചോടി…
അൽപ്പം വെള്ളം കുടിക്കാനുള്ള അടങ്ങാത്ത ദാഹത്തിന്റെ ശക്തിയിൽ ശ്രീഹരി നീര് വന്നു വീർത്ത തന്റെ കാലും വലിച്ചു പുഴക്കരയിലേക്കു ഇഴഞ്ഞു… പക്ഷെ ഇനിയൊരിഞ്ചു കൂടി അനങ്ങാൻ കഴിയാത്ത വേദനയിൽ അവൻ തളർന്നു.