വേണ്ട… ഇത് അവന് വേണ്ടിയിട്ടല്ലേ… അവന്റെ ഇഷ്ടമായിരുന്നു എന്നെ സാരിയിൽ കാണണം എന്ന്… അപ്പോൾ ഇങ്ങനെ മതി… എങ്കിലും വല്ലാതെ വൾഗർ ആകാതിരിക്കാൻ അവൾ ശ്രദ്ധിച്ചു…. ഒരിക്കൽ കൂടി കണ്ണാടിയിൽ നോക്കിയ ശേഷം അവൾ തന്റെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി… ടി വി കാണുകയായിരുന്ന രേണുക തന്റെ മകളെ കണ്ട് ഒരു നിമിഷം അതിശയിച്ചു… ഭാസ്ക്കാരേട്ടാ… ഒന്നിങ്ങോട്ട് വന്നേ… അവർ വിളിച്ചുകൂവി… അവൾ നാണത്തോടെ തലതാഴ്ത്തി നിന്നു…
ഉമ്മറത്ത് പത്രം വായിച്ചുകൊണ്ടിരുന്ന ഭാസ്‌കരൻ തന്റെ വായനയിലെ ഫ്ലോ നഷ്ടപ്പെട്ടതിന്റെ അവജ്ഞയോടെ ഹാളിലേക്ക് കടന്നു വന്നു…
“എന്താടി വിളിച്ചു കൂവുന്നെ…”
“നിങ്ങടെ മോളെ നോക്ക് മനുഷ്യാ…”
ഭാസ്‌കരൻ കണ്ണ് മിഴിച്ച് നോക്കിനിന്നു… എന്തോ ഒരു മായിക വലയം അയാളെ ആ സമയത്ത് വേട്ടയാടിയിരുന്നു… ഒരു നിമിഷം സ്വന്തം അമ്മയെ അയാൾ തന്റെ മകളുടെ സ്ഥാനത്ത് കണ്ടു… ചെറുപ്പത്തിൽ തന്നെ സ്കൂളിൽ കൊണ്ടുവിടാൻ വേഗം സാരിയുടുത്ത് വരുന്ന അമ്മയെക്കാൾ ഭംഗിയുള്ള ഒരു പെണ്ണിനേയും അയാൾ അന്നോളം കണ്ടിട്ടിലായിരുന്നു…. ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി… ഭാസ്കരൻ അവളുടെ അടുത്ത് വന്ന് അവളുടെ തലയിൽ തലോടി…
“കൊള്ളാം…”
എന്റെ മോള് വല്യേ പെണ്ണായി… അയാളുടെ കണ്ണ് നിറഞ്ഞൊഴുകിയിരുന്നു…
അത് കണ്ട് അവളുടെയും മുഖം വാടി…
” എന്താ അച്ച ഇത്…” അവൾ അയാളുടെ കണ്ണ് തുടച്ചു….
“ഏയ് ഒന്നൂല്യ… ഇത് …
ഇങ്ങനല്ല ഉടുക്കണ്ടേ…”
അതും പറഞ്ഞ് തന്റെ കണ്ണ് തുടച്ച ശേഷം അയാൾ അവളുടെ കാൽക്കൽ ഇരുന്ന് സാരിയുടെ തുമ്പ് ഓരോരോ ഇഴകളായി അടിയിലേക്ക് വലിക്കാൻ തുടങ്ങി…. എല്ലാ ഇഴകളും ശരിയാക്കിയ ശേഷം എണീക്കുന്നതിന് മുൻപായി അയാൾ അവളുടെ കാലുകൾ ഒന്ന് പിടിച്ചു… താൻ അറിഞ്ഞോ അറിയാതെയോ ചെയ്‌ത എല്ലാ തെറ്റുകൾക്കും അയാൾ ഒരു നിമിഷം മാപ്പപേക്ഷിച്ചു…
രേഷ്മക്ക് എന്തോ പന്തികേട് തോന്നി…
അവൾ അച്ഛനോട് ചേർന്നിരുന്നു…
” എന്താ എന്റെ അച്ഛന് പറ്റിയത്…”
അയാൾ അവളുടെ കവിളിൽ തലോടി… ഞാൻ എന്റെ അമ്മയെ ഒന്ന് ഓർത്തതാ മോളെ….
നിന്റെ അച്ഛമ്മയെ…”
ഞങ്ങൾ ആണുങ്ങൾക്ക് ഈ അമ്മമാരോട് വല്ലാത്ത ഒരു അടുപ്പം കൂടുതൽ ആയിരിക്കും…
നിന്നെ ഇങ്ങനെ കണ്ടപ്പോ ശരിക്ക് എന്റെ അമ്മയുടെ പോലെയാടി… എന്റെ അമ്മക്ക് സാധിച്ചു കൊടുക്കാൻ പറ്റാത്ത എല്ലാ കാര്യങ്ങളും ഇപ്പൊ ഓർമ്മ വരാ……. ഞാൻ തൊറ്റുപോയി മോളെ……”
അയാളുടെ വാക്കുകൾ അവൾക്കും താങ്ങാനായില്ല…
“അച്ഛമ്മ എല്ലാം മോളിലിരുന്ന് കാണുന്നുണ്ടാവും അച്ഛ… അച്ഛനെക്കൊണ്ട് പറ്റുന്ന പോലെ ഒക്കെ അച്ഛൻ അച്ഛമ്മയെ നോക്കിട്ടുണ്ട്… അതൊക്കെ മതിന്നെ… എണീറ്റേ…” അവൾ ഭാസ്കരനെ എഴുന്നേൽപ്പിച്ചു….
അയാൾക്ക് പുറകിൽ നിന്ന് രേണുകയും ആ വാക്കുകൾ കേട്ട് തലർന്നുപോയി…
” നിങ്ങള് ഇതെന്താ ഭാസ്ക്കാരേട്ടാ കൊച്ചു കുട്ടികളെ പോലെ…”
രേണുക ആ മനുഷ്യനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു…
” അമ്മക്ക് ഞാൻ എന്നും കുട്ടി ആയിരുന്നെടി….”