അമ്പതുമീറ്ററോളം പറമ്പിലൂടെ റിവേഴ്‌സ് ഗിയറിൽ വന്ന കാർ അകലെ രഞ്ജൻ സുധിയെ തോളിൽകിടത്തി വരുന്നതുകണ്ട് പിന്നിലേക്ക് പോകാൻ കഴിയാതെ നിന്നു.
“സർ, കം ഫാസ്റ്റ്.”
ശ്രീജിത്ത് അലറിവിളിച്ചു.
രണ്ടോ മൂന്നോ മിനിറ്റിനുള്ളിൽ സുധിയുമായി രഞ്ജൻ കാറിന്റെ അടുത്തേക്ക് വന്നു. ബാക്ക് ഡോർ തുറന്ന് സുധിയെ അകത്തേക്ക് കിടത്തി രഞ്ജൻ കാറിനുള്ളിലേക്ക് കയറിയതും അർജ്ജുൻ ആക്സലറേറ്റിൽ കാൽ അമർത്തിച്ചവിട്ടി.
പൊടിപടലങ്ങൾ തൂളിച്ചുകൊണ്ട് കാർ മുന്നോട്ട് കുതിച്ചു.
പിന്നിലേക്ക് നോക്കിയ രഞ്ജൻ വടിവാളും മറ്റു ആയുധങ്ങളുമായി തങ്ങൾക്ക് നേരെ വരുന്ന ഒരുകൂട്ടം ആളുകളെ കണ്ട് പുഞ്ചിരിച്ചുകൊണ്ട് നോക്കി.
“ശ്രീ, വിളിച്ചിട്ട് കിട്ടിയില്ലല്ലോ? “
കാറിലേക്ക് ചാരിയിരുന്നുകൊണ്ട് രഞ്ജൻ ചോദിച്ചു.
“സർ, ഒരുപാട് ആളുകളുണ്ട് അവിടെ. കുറച്ചുപേരെ അനസ് കൂടെ കൊണ്ടുപോയി. കുറച്ചുപേർ എൻ്റെകൂടെയും. അല്പംകൂടി വൈകിയിരുന്നെങ്കിൽ ഹോ, ആലോചിക്കാൻകൂടെ വയ്യ.”
പോക്കെറ്റ് റോഡിൽ നിന്നും അർജ്ജുൻ കാർ ഹൈവേയിലേക് കയറ്റി.
“ഹെലോ അനസ്, വേർ ആർ യൂ നൗ?”
രഞ്ജൻ ഫോണെടുത്ത് വിളിച്ചു.
“സർ ഹൈവേയിൽ.”
“ആർ യൂ ഓക്കെ? ”
കിതച്ചുകൊണ്ടുള്ള അനസിന്റെ മറുപടികേട്ട രഞ്ജൻ ചോദിച്ചു.
“സർ, ദേ അനസ്.”
തന്റെ എതിർ ദിശയിൽ നിന്നും ഒരാൾ ഓടുന്നതുകണ്ട ശ്രീജിത്ത് പറഞ്ഞു.
അപ്പോഴേക്കും അനസിനെ മറികടന്നു കാർ മുന്നോട്ടുപോയിരുന്നു.
അടുത്തനിമിഷം അർജ്ജുൻ കാർ നടുറോഡിൽവച്ച് യൂ ടേൺ എടുത്ത് തിരിച്ചുനിറുത്തി. ശേഷം അനസിനെ പിന്തുടർന്നു. വൈകാതെ അർജ്ജുൻ ഇടതുവശം ചേർന്ന് കാർ ഒതുക്കിനിറുത്തി.
അനസ് കാറിലേക്ക് കയറിയ ഉടനെ അർജ്ജുൻ ഗിയർ മാറ്റി കാർ മുന്നോട്ടെടുത്തു.
“ഹോ, എന്റെ സാറേ..”
കാറിനുള്ളിൽ ഇരുന്നുകൊണ്ട് അനസ് വിളിച്ചു.
“എന്തുപറ്റി അനസേ?”
“ശ്രദ്ധതിരിക്കാൻ ഞാൻ അവരുടെ ഇടയിലേക്ക് കയറി ചെന്നു. പക്ഷെ അതിൽ ഒരു കഴുവേറിയുടെ മോൻ തിരിച്ചറിഞ്ഞു. അവൻ പോലീസാണെന്നു പറഞ്ഞ് ബഹളമുണ്ടാക്കിയതെ ഓർമ്മയുള്ളൂ. പിന്നെ തേനിച്ചകൂടിനു കല്ലേറ് കിട്ടിയപോലെ എല്ലാവരും തടിച്ചുകൂടി. ഓടുകയല്ലാതെ വേറെ വഴിയില്ല. അപ്പോഴാണ് ശ്രീ മറുവശത്ത് നിൽക്കുന്നത് കണ്ടത്.”
“എടാ, നീ മിണ്ടരുത്.”
മുൻസീറ്റിൽ ഇരുന്നുകൊണ്ട് ശ്രീജിത്ത് പറഞ്ഞു.