“ഡേയ്..”
പിന്നിൽനിന്നും ആരോ വിളിച്ചപ്പോൾ രഞ്ജൻ നിന്നു.
പതിയെ തിരിഞ്ഞുനോക്കിയ രഞ്ജനും അർജ്ജുവും കൈയിൽ വാളുമായി നിൽക്കുന്ന കറുത്ത് കടിച്ച ഒരാളെ കണ്ടു.
“ഡേയ്, ഇന്ത എടത്തെ വിട്ട് എങ്കപോകിരെൻ, അന്ത പൊറുക്കിയെ കീളെ വച്ചിട്, ഇല്ലേ ഉൻകെ ഉയിർ പോണ വഴിയേ തെരിയാത്.”
“അർജ്ജുൻ, നീ പോയി കാർ സ്റ്റാർട്ട് ചെയ്ത് റെഡിയായിനിന്നോ. മ്, വേഗം.”
രഞ്ജൻ അർജ്ജുവിനോട് രഹസ്യമായി പറഞ്ഞു.
“സർ..”
അർജ്ജുൻ തിരിഞ്ഞോടിയതും വാളുമായി നിന്ന അയാൾ അവരുടെ അടുത്തേക്ക് അലറികൊണ്ട് വന്നു.
രഞ്ജൻ അരയിലുള്ള തോക്കെടുത്ത് അയാളുടെ കാൽമുട്ടിന് താഴേക്ക് വെടി വച്ചു.
തോക്കിന്റെ ശബ്ദം കേട്ടതും അയാളുടെകൂട്ടത്തിലുള്ള മറ്റുപലരും അവിടേക്ക് ഓടിയെത്തി.
അർജ്ജുൻ പിൻവശത്തെ വാതിൽ തുറന്ന് പുറത്തേക്ക് എടുത്തുചാടി മുന്നോട്ട് കുതിച്ചു. പിൻഭാഗത്തെ പടർന്നു പന്തലിച്ച പ്ലാവിന്റെ ചുവട്ടിലൂടെ അർജ്ജുൻ കാറിനെ ലക്ഷ്യമാക്കി ഓടി.
പ്ലാവിന്റെ ചുവട്ടിൽ കിതച്ചുകൊണ്ട് ഇരിക്കുന്ന ശ്രീജിത്തിനെ കണ്ടപ്പോൾ അർജ്ജുൻ ഒരു നിമിഷം അവിടെ നിന്നു.
“സർ, വരൂ വേഗം സമയമില്ല. “
“വാട്ട് ഹാപ്പൻഡ്?
“നമ്മൾ പ്രതീക്ഷിച്ചതിനെക്കാൾ ആളുകളുണ്ട് അതിനുള്ളിൽ.”
കിതച്ചുകൊണ്ട് അർജ്ജുൻ പറഞ്ഞു.
നിലത്തുനിന്നും എഴുന്നേറ്റ് ശ്രീജിത്തും അർജ്ജുവിനൊപ്പം കാറിനെ ലക്ഷ്യമാക്കി ഓടി.
രഞ്ജൻ സുധിയെ തന്റെ തോളിലേക്ക് കിടത്തി. അകലെനിന്നും വരുന്ന ഗുണ്ടകളുടെ കാൽമുട്ടിന് താഴേക്ക് അയാൾ ഓരോവെടിയും വച്ചു.
ശേഷം രഞ്ജൻ വന്നവഴിയെ വളരെ വേഗത്തിൽ നടന്നു.
കാറിലേക്ക് കയറിയ അർജ്ജുൻ എൻജിൻ സ്റ്റാർട്ട്ചെയ്ത് റിവേഴ്‌സ്ഗിയറിൽ ഗോഡൗണിനെ ലക്ഷ്യമാക്കി ഓടിച്ചു.