“ജോനകപ്പുറം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അല്ലേ പോകേണ്ടത് എന്താണ് നേരെ പോകുന്നത് … ?”
കൊല്ലം സ്റ്റാൻഡിൽ നിന്നും വീട്ടിലേക്ക് പോകുന്ന പതിവ് വഴിയിൽ നിന്നും മാറി മറ്റൊരു വഴിയിലൂടെ ഓട്ടോ പോകുന്നത് കണ്ട് ഞാൻ ശശിയോട് ചോദിച്ചു.
“അവിടെ ജപ്പാൻ കുടി വെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി കിടക്കുന്നതു കൊണ്ട് വണ്ടി വിടുന്നില്ലെന്ന് കേട്ടു .. അതുവഴി പോയി റിസ്ക് എടുക്കണ്ട നമുക്ക് കടപ്പാക്കട വഴി ചുറ്റി പോകാം “
ഒട്ടും ആശങ്കക്ക് വക വയ്ക്കാത്ത രീതിയിൽ ശശി പറഞ്ഞു.
അസമയത്ത് പതിവ് വഴി തെറ്റിച്ച് അപരിചിതനായ ഒരാളുടെ ഒപ്പമുള്ള യാത്ര എന്നെ തെല്ലൊന്ന് ഭയപ്പെടുത്തി. എന്തെങ്കിലും അരുതാത്തത് സംഭവിച്ചാൽ പെട്ടെന്ന് എത്തിച്ചേരാൻ കഴിയുന്ന ദൂരത്തിൽ ജിജോയും മുരളിയും ഉള്ളത് എനിക്ക് ധൈര്യം പകർന്നു.
സ്വന്തം മകനെ പറ്റിയുള്ള ചിന്ത പോലും ഈ സമയമത്രയും എൻറെ മനസ്സിൽ നിന്നും പോയിരുന്നു. ഈ രാത്രിയിൽ വൈകി മാത്രമേ അവൻ വീട്ടിൽ എത്തൂ എന്ന് പറഞ്ഞിരുന്നു അവൻ വീട്ടിൽ എത്തിയോ .. അഥവാ എത്തിയെങ്കിൽ എന്നെ അന്വേഷിക്കില്ലെ.. കുറെ മണിക്കൂറുകൾക്ക് ശേഷം കുടുംബത്തെപ്പറ്റിയുള്ള ചിന്ത എന്നെ മനസ്സിലേക്ക് കടന്നു വന്നു. വിനീഷിനെ വിളിക്കുന്നതിനു വേണ്ടി ഞാൻ ഫോൺ ഡയൽ ചെയ്തു.
ഔട്ട് ഓഫ് കവറേജ് ആണ് പറയുന്നത്ഔട്ട് ഓഫ് കവറേജ് ആണ് പറയുന്നത്. അതിൻറെ അർത്ഥം അവൻ വീട്ടിൽ എത്തിച്ചേർന്നിട്ടില്ല എന്നല്ലേ .. എവിടെയാണ് എൻറെ മകൻ.
പെട്ടെന്ന് സ്ഥല കാല ബോധത്തിലേക്ക് തിരികെ വന്ന നിമിഷം ഞാൻ മനസ്സിലാക്കി ഓട്ടോ ഓടിക്കൊണ്ടിരിക്കുന്നത് ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത വഴികളിലൂടെയാണ്. ഇരു വശങ്ങളിലും കൂരിരുട്ട് മാത്രമാണ് , മുന്നിൽ ഓട്ടോയുടെ അരണ്ട മഞ്ഞ വെളിച്ചത്തിൽ കാണുന്ന റോഡ് മാത്രം.
ഭയം എന്ന വികാരം മാത്രമായി ഇപ്പോൾ മനസ്സിൽ.