പാർക്കിംഗ് ഏരിയയിലേക്ക് ലിഫ്റ്റ് ചെന്ന് നിൽക്കുന്നത് വരെ ഞങ്ങൾ പിന്നീട് ഒന്നും സംസാരിച്ചില്ല.
ഇതിനിടയിൽ മൊബൈലിലേക്ക് വന്നു കൊണ്ടിരുന്ന കോളുകൾ രമ കട്ട് ചെയ്തു കൊണ്ടിരുന്നു.
ഒറ്റ നോട്ടത്തിൽ തന്നെ പോലീസിൽ ആണെന്ന് തോന്നിക്കുന്ന ഒരു മനുഷ്യൻ .. ഒരു 35 വയസ്സിനു മുകളിൽ പ്രായം കാണും .. പറ്റെ വെട്ടിയ മുടിയുടെ വശങ്ങൾ .. ക്ലീൻ ഷേവ് ഒപ്പം നല്ല കട്ടി മീശയും. കറുത്ത നിറം ആണെങ്കിലും ധരിച്ചിരിക്കുന്ന കറുത്ത ടീ ഷർട്ട് ശരീരത്തോട് ചേർന്നു കിടക്കുന്നു .. കയ്യിലെ മസിലുകൾ പെരുപ്പിച്ച് ഷോ കാണിക്കാൻ എന്നോണം ടീ ഷർട്ട് കൈ അല്പം തെറുത്തു കയറ്റി വെച്ചിരിക്കുകയാണ്
. അയാളുടെ മുഖത്തെ സ്ഥായിയായ ഭാവം രൗദ്രം ആണെന്ന് തോന്നുന്നു. രമ പറഞ്ഞ ജോണി അതു തന്നെയാണെന്ന് മനസിലാക്കുവാൻ എനിക്ക് അധിക നേരം ആലോചിക്കേണ്ടി വന്നില്ല.
ഞങ്ങൾ അടുത്തേക്ക് ചെന്ന മാത്രയിൽ സ്വിഫ്റ്റ് കാറിന്റെ പുറകിലത്തെ ഡോർ തുറന്നു തന്നു കൊണ്ട് രൗദ്ര ഭാവം കൈ വിടാതെ തന്നെ അയാൾ രമയോട് ചോദിച്ചു ,
“നിന്നെ ഞാൻ എത്ര നേരമായി വിളിക്കുന്നു നിനക്ക് ഫോൺ എടുത്തു കൂടെ … ?”
“സോറി ഡാ .. ആദ്യം വിളിച്ചപ്പോൾ പാർലർ ലായിരുന്നു ഇപ്പൊ വിളിച്ചപ്പോൾ ലിഫ്റ്റിലും “
കൊഞ്ചിക്കുഴഞ്ഞു കൊണ്ടു തന്നെയായിരുന്നു രമയുടെ മറുപടി.
എത്ര അടുത്ത ബന്ധം ഉണ്ടായാലും ഒരു സുപ്പീരിയർ ഓഫീസറുടെ ഭാര്യയെ നീ എന്നു വിളിക്കുവാനുള്ള സംസ്കാരം എനിക്ക് മനസു കൊണ്ട് അംഗീകരിക്കുവാൻ സാധിച്ചില്ല.