15 – 11 – 2018 വ്യാഴാഴ്ച്ച പുലർച്ചെ ഒരുമണിക്കും രണ്ടുമണിക്കുമിടയിൽ ഇന്ദിര വിമൻസ് ഹോസ്റ്റലിലെ അടുക്കളയിൽ തൂങ്ങിമരിച്ചു. മരണകാരണം വ്യക്തമല്ല. ഒരു ആത്മഹത്യകുറിപ്പുപോലുമില്ല. രണ്ടു ദിവസം മുൻപ്. അതായത് 12-11-2018 തിങ്കളാഴ്ച്ച ‘അമ്മ ആനിയുമായി രാത്രിഒരു വഴക്ക് കഴിഞ്ഞിരുന്നു. ആ ദേഷ്യത്തിന് ‘അമ്മ ആനി അവളുടെ ഇടതുകവിളിൽ ഒരടികൊടുത്തു. അതിന്റെ ഫലമായി വീട്ടിൽനിന്നും പിറ്റേന്ന് രാവിലെ അതായത് ചൊവ്വാഴ്‌ച്ച തിരിച്ചു ഹോസ്റ്റലിലേക്ക് വന്നു. മരണപ്പെടുന്നതിന് മുൻപ് അമ്മയോട് ഫോണിൽ സംസാരിച്ചിരുന്നു. പക്ഷെ നേരത്തെ വഴക്കിട്ടതിന്റെ ദേഷ്യമോ വിഷമമോ ഒന്നും ആ സംഭാക്ഷണത്തിൽ നിന്നും ഉണ്ടായിട്ടുമില്ല. പിന്നെ എങ്ങനെ ?
അതാണ് കണ്ടുപിടിക്കേണ്ടത്. “
ഐജി ചെറിയാൻപോത്തൻ ദീർഘശ്വാസമെടുത്തുവിട്ടു.
“ആത്മഹത്യകുറിപ്പ് ഇല്ല, ഫിംഗർ പ്രിന്റ് ഇല്ല, ആരുടെ മൊഴിയിലും ഒരു അസ്വാഭാവികതയില്ല. എന്തിന് തെളിവിന് തുണ്ട് കടലാസുപോലുമില്ല ല്ലേ..”
രഞ്ജൻഫിലിപ്പ് തന്റെ മീശയുടെതലപ്പ് ഇടതുകൈകൊണ്ട് മെല്ലെ തടവി.
“ഇല്ല.. ഇന്നേക്ക് പതിനാലാം ദിവസം നീനയുടെ മരണത്തിന്റെ കാരണം എനിക്ക് അറിയണം. പിന്നെ, തന്നെ അസിസ്റ്റ് ചെയ്യാൻ സി ഐ അനസും, സി ഐ ശ്രീജിത്തും ഉണ്ടായിരിക്കും. രണ്ടു ദിവസം കൂടുമ്പോൾ എനിക്ക് നേരിട്ട് റിപ്പോർട്ട് സമർപ്പിക്കണം. “
“സർ.”
രഞ്ജൻ കേസ്ഫയൽ മടക്കിവച്ചിട്ട് ഇരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റ് ഐജിയെ സല്യൂട്ട് അടിച്ച് ഓഫീസിൽനിന്നും പുറത്തേക്കിറങ്ങി.
ശേഷം തന്നെ അസിസ്റ്റ് ചെയ്യാൻ നിയോഗിച്ച സിഐ അനസിനെയും, ശ്രീജിത്തിനെയും ഫോണിൽ ബന്ധപ്പെട്ടു.
ശേഷം മൂവരുംകൂടെയുള്ള ഒരു മീറ്റിങ്ങിന് വേദിയൊരുക്കി. അന്ന് ഉച്ചക്കുതന്നെ അവർ മറൈൻ ഡ്രൈവിൽ കണ്ടുമുട്ടി.
രണ്ടായിരത്തിപതിനേഴിൽ ഉണ്ടായ വെണ്മല കൂട്ടകൊലപാതകേസിൽ രഞ്ജൻഫിലിപ്പിനെ അസിസ്റ്റ് ചെയ്തിരുന്നത് ഇവർ രണ്ടുപേരുമാണ്.
“അനസ്, കേസ് വായിച്ചല്ലോ? എന്താണ് അഭിപ്രായം.”
തെക്കുനിന്ന് വരുന്ന കാറ്റിൽ പാറിനടക്കുന്ന തന്റെ മുടിയിഴകളെ കോതിയൊതുക്കികൊണ്ട് രഞ്ജൻ ചോദിച്ചു.
“സർ, ആത്മഹത്യ ആണെങ്കിൽ ഒരു കുറിപ്പ് ഉണ്ടാകും ഇല്ലങ്കിൽ എന്തെങ്കിലും ഒരു സൂചന അവർവെയ്ക്കും. ഒന്നുമില്ലെങ്കിലും എന്റെ മരണത്തിന് ഉത്തരവാദി ആരുമല്ല എന്നെങ്കിലും എഴുതിവക്കും.ഇതൊന്നും ഇല്ലാത്തപക്ഷം ഇതൊരു കൊലപാതകമായികൂടെ?
“മ്, സാധ്യതയുണ്ട് അനസ്. ശ്രീജിത്ത്?.