റൂമിലെ ടേബിളിൽ കിടന്നിരുന്ന ഇന്നത്തെ പത്രത്തിൽ കൊലപാതക
വാർത്ത ഉണ്ടോ എന്ന് ഞാൻ തിടുക്കത്തിൽ നോക്കി .. തൊട്ടടുത്ത നിമിഷം തലയിൽ കൈ കൊണ്ട് പതുക്കെ അടിചിട്ട് സ്വയം പറഞ്ഞു,
‘എന്തൊരു മണ്ടി യാണ് നീ … നാളത്തെ പത്രത്തിൽ അല്ലേ വാർത്ത ഉണ്ടാകൂ..’
റൂമിന്റെ മൂലക്ക് ഇരിക്കുന്ന ടീവി ഓൺ ആക്കിയാൽ ഒരു പക്ഷെ തൽസമയ വാർത്തകൾ കിട്ടിയേക്കും … പക്ഷേ ധൈര്യം വരുന്നില്ല.
പുഷ് ബാക്ക് ചെയറിൽ ഒന്ന് മലർന്ന് കിടന്നു കൊണ്ട് തലേ ദിവസത്തെ കാര്യങ്ങള് മനസ്സിലേക്ക് വന്നു .. ഒരു ചലച്ചിത്രം പോലെ.. !!
കോട്ടയം കൊല്ലം പാസഞ്ചർ ചവറ സ്റ്റേഷൻ കഴിഞ്ഞിരിക്കുന്നു. തരക്കേടില്ലാത്ത ഒരു വഴക്ക് കഴിഞ്ഞതിന്റെ അന്തരീക്ഷത്തിൽ ആയിരുന്നു ഞങ്ങളുടെ കമ്പാർട്ട്മെന്റ്. വഴക്കിന്റെ ദേഷ്യം മുഴുവനും ജിജോ യുടെ മുഖത്ത് തെളിഞ്ഞു കാണാം. ആ സമയത്ത് അവന്റെ ഫോൺ പിന്നെയും ശബ്ദിച്ചു.. ഫോൺ സ്ക്രീനിലേക്ക് ഞാൻ ഒന്ന് പാളി നോക്കിയപ്പോൾ കണ്ടത് , ‘ മുരളി മിൽക്ക് ‘ .
” ജിജോ … നീ എനിക്ക് വാക്ക് തന്നതാ ട്ടോ മുരളി ഇനിയും വിളിക്കുക ആണെങ്കിൽ നീ ഫോൺ എടുക്കും എന്ന് .. “
പരിഭവത്തോടെ അവന്റെ മുഖത്തേക്ക് നോക്കി ഞാൻ പറഞ്ഞു.
“എനിക്ക് ഒരു മടി … അയാള് എന്ത് കോടാലി കൊണ്ടാ വിളിക്കുന്നത് എന്ന് അറിയില്ല ലോ … ഒന്നാമത് ഇന്ന് ഒരു കഷ്ട്ട കാലം പിടിച്ച ദിവസം ആണ് “
ജിജോ പറഞ്ഞു.
തൊട്ട് മുൻപ് അവിടെ ഉണ്ടായ വഴക്കിനെ ഓർത്താണ് അവൻ അങ്ങനെ പറഞ്ഞത്.