നീലാംബരി 9 [കുഞ്ഞൻ]

Posted by

നീലുദേഷ്യം കൊണ്ട് വിറച്ചു…
“നീലു… നീ എത്ര ദേഷ്യപെട്ടിട്ടും കാര്യമില്ല…” തമ്പുരാട്ടി ആക്രോശിച്ചു…
“തമ്പുരാട്ടി…അല്ലെങ്കിൽ എന്തിനാ ഇത്ര വിഷമിക്കുന്നെ… അവൻ വെറുമൊരു ജോലിക്കാരൻ… അവനെ അങ്ങ് പറഞ്ഞു വിട്ടേക്ക്… ഞാൻ കൊണ്ട് വരാം നല്ല ഡ്രൈവർമാരെ…” രൂപേഷ് പറഞ്ഞു
“ഹാ അതാ നല്ലത്…” തമ്പുരാട്ടി പിന്തുണച്ചു…
നീലുവിനെ ആരും അല്ലാതാക്കിയുള്ള രൂപേഷിന്റെ സംസാരം അവളെ കൂടുതൽ ചൊടിപ്പിച്ചു…
“ഇവിടെ ഞാൻ തീരുമാനമെടുക്കും… എന്റെ ഡ്രൈവർ ആയി വേറെ ആരും വരാൻ പോണില്ല… പിന്നെ ആരും ആരെയും പിരിച്ച് വിടാൻ പോകുന്നില്ല… അങ്ങനെ പറിച്ചു വിടാനാണെങ്കിൽ എനിക്ക് വേറെ പലരെയും പിരിച്ചു വിടേണ്ടി വരും… ” രൂപേഷിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് നീലാംബരി ഉറച്ച സ്വരത്തിൽ പറഞ്ഞു…
തമ്പുരാട്ടിയുടെ നെറ്റി ചുളിഞ്ഞു… ഇങ്ങനെയൊന്നും നീലു സംസാരിക്കാത്തതാണ്…
“അതുകൊണ്ട് എന്നെ അനുസരിപ്പിക്കാൻ ആരും മുതിരണ്ടാ… ആരും…അതിനുള്ള അർഹത തല്ക്കാലം ആർക്കും ഇല്ല…” അവൾ അമ്മയെ പാളി നോക്കികൊണ്ട് പറഞ്ഞു…
“നീലു…” ദേവി തമ്പുരാട്ടിയുടെ ഒച്ച ഉയർന്നു…
“അമ്മ ദേഷ്യപ്പെടേണ്ട… എന്റെ തീരുമാനം ഇതാണ്… ഇനി ഞാൻ അറിയാതെ ഒരു നിയമനവുംഇവിടെയോ കമ്പനിയിലോ നടക്കാൻ പാടില്ല… ഇതുവരെ നിയമിച്ചവരുടെ ഡീറ്റെയിൽസ് എന്റെ ടേബിളിൽ ഇന്ന് ഉച്ചക്ക് മുൻപ് എത്തണം… ഇല്ലെങ്കിൽ താൻ ഈ പൊസിഷനിൽ ഉണ്ടാവില്ല…” അവൾ രൂപേഷിന്റെ മുഖത്തേക്ക് കൈ ചൂണ്ടി കൊണ്ട് പറഞ്ഞു…
“പിന്നെ കോവിലകം ഗ്രൂപ്പിന്റെ എം ഡി ഇപ്പോഴും ഈ നീലാംബരി തന്നെയാണ്… ആ അവകാശം തല്ക്കാലം ഞാൻ ആർക്കും വിട്ടു കൊടുക്കാൻ പോകുന്നില്ല…” ദേവി തമ്പുരാട്ടിയുടെ മുഖത്തേക്ക് രൂക്ഷമായി നോക്കികൊണ്ട് അവൾ പറഞ്ഞു… പിന്നെ മുകളിലേക്ക് കേറി പോയി…
ആകെ ഞെട്ടി തരിച്ചിരിക്കുകയായിരുന്നു ദേവി തമ്പുരാട്ടി…
സ്വന്തം മകളുടെ വായിൽ നിന്നും ഇങ്ങനെ കേട്ടപ്പോ ശരിക്കും തളർന്നു… കൂട്ടിവെച്ചുണ്ടാക്കിയ ചീട്ടുകൊട്ടാരം ഒറ്റയടിക്ക് പൊളിഞ്ഞു വീഴുമോ…
“തമ്പുരാട്ടി… തൽക്കാലം നീലുവിനെ പ്രകോപിപ്പിക്കേണ്ടാ… നമ്മുടെ സംശയങ്ങൾ ശരിയാണെന്നു ഉറപ്പായില്ലെ…”
“ഉം… അവൾക്ക് പ്രേമിക്കാൻ കണ്ട ഒരുത്തൻ… പ്ഫ്യൂ… ” അൽപ്പം അകലെ നിന്ന് കാർ തുടക്കുന്ന ദീപനെ നോക്കി തമ്പുരാട്ടി ആഞ്ഞൊരു തുപ്പ് തുപ്പി.
“രൂപേഷ്… ഷംസുവിനെ കാണാൻ നേരമായി… ഒരു മീറ്റിങ് അറൈഞ്ച് ചെയ്യൂ…” രൂപേഷ് ദീപനെ നോക്കി കൊണ്ട് തലയാട്ടി…
***********************************
“ആഹാ… നല്ല ഭംഗിയുണ്ടല്ലോ…” ചുറ്റും നോക്കി കൊണ്ട് രജിതാ മേനോൻ പറഞ്ഞു…
“ഇത് എന്റെ പപ്പ സമ്മറിൽ വന്ന് താമസിച്ചിരുന്ന സ്ഥലമാണ്… ” സ്റ്റീഫൻ പറഞ്ഞു
“അല്ല എന്തിനാ എന്നെ കാണണമെന്ന് പറഞ്ഞത്…” രജിതാ വശ്യമായ ഒരു പുഞ്ചിരിയോടെ ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *