ദേവരാഗം 1
Devaraagam Author ദേവന്‍
എന്‍റെ പ്രിയതമയെ ഞാന്‍ നേരില്‍ കണ്ടിട്ട് ഇന്നേയ്ക്ക് 8 മാസം കഴിയുന്നു….
നാട്ടിലേയ്ക്കുള്ള ട്രെയിനില്‍ പുറത്തെ കാഴചകള്‍ കണ്ടിരിക്കുന്നതിനിടയില്‍ ഞാന്‍ ചിന്തകളില്‍ മുഴുകി… ഈ യാത്ര ആവശ്യമുണ്ടായിട്ടല്ല… പക്ഷെ മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ അവള്‍ എനിക്ക് വേണ്ടി കാത്തിരിക്കുന്നു… പോയെ തീരൂ..
ദേവേട്ടാ… ദേവേട്ടന്‍ എന്താ ഇങ്ങനെ.. എന്റെ ഫ്രണ്ട്സിന്റെ ഒക്കെ ലവേര്‍സ് അവരെ സിനിമയ്ക്ക് കൊണ്ടുപോകും, കറങ്ങാന്‍ കൊണ്ടുപോകും, ഇഷ്ടമുള്ളതൊക്കെ വാങ്ങിക്കൊടുക്കും, എപ്പോഴും വിളിക്കുകേം മെസ്സേജ് അയക്കുകേം ഒക്കെ ചെയ്യും.. ദേവേട്ടനോ… ഞാന്‍ അങ്ങോട്ട് മിസ് അടിച്ചാലല്ലാതെ വിളിക്കില്ല, മെസ്സേജ് അയച്ചാല്‍ റിപ്ലൈ ഇല്ല… ഈ ദേവേട്ടന് എന്നോട് ഒരു സ്നേഹവുമില്ല… ഞാന്‍ പിണക്കാ… ഈ ഉത്സവതിനെങ്കിലും ദേവേട്ടന്‍ വന്നില്ലേ ഇനി ദേവേട്ടന്‍ ഈ ആദിയെ മറന്നേരെ…
ചൊവ്വാഴ്ച വിളിച്ചപ്പോള്‍ ആദി പറഞ്ഞതാണ് ഇത്രയും.. ഇന്ന്‍ വെള്ളി… നാളെയും മറ്റന്നാളും ആണ് അവളുടെ വീടിന് അടുത്തുള്ള അമ്പലത്തില്‍ ഉത്സവം…
ആദി…., ആരതി എന്നതിനെ ചുരുക്കി അവളെ എല്ലാവരും അങ്ങനാ വിളിക്കുന്നത്… എന്റെ അമ്മാവനെ മോളാണ് അവള്‍… അതായത് എന്റെ അമ്മയുടെ മൂത്ത ആങ്ങളയായ അച്യുതന്‍ എന്ന അച്ചുമാമയുടെ മോള്‍…. എന്റെ മുറപ്പെണ്ണ്‍… എന്റെ ജീവന്റെ പാതി….
ഞാന്‍ ദേവന്‍ മുഴുവന്‍ പേര് ദേവന്‍ രാജശേഖരന്‍…, വള്ളുവനാടിന്റെ വടക്ക് കിഴക്ക് പ്രതാപിയായ ശ്രീമംഗലം തറവാട്ടിലെ സന്താനം… ശ്രീമംഗലത്തെ രാജശേഖരന്റെയും ദേവയാനിയുടെയും 4 മക്കളില്‍ മൂത്തവന്‍… ഇപ്പോള്‍ കോഴിക്കോട്ടുള്ള പ്രമുഖ എന്ജിനീയറിംഗ് കോളേജില്‍ മൂന്നാം വര്ഷം ബി ടെക് കമ്പ്യൂട്ടര്‍ സയന്‍സിന് പഠിക്കുന്നു..
ഞാന്‍ ആദിയെ കാണാന്‍ പോകാതിരുന്നതിനും കഴിഞ്ഞ 8 മാസത്തോളം നാട്ടില്‍ വരാതിരുന്നതും, അവള്‍ പറയും പോലെ അവളോട് സ്നേഹമില്ലാതിരുന്നിട്ട് ആയിരുന്നില്ല… എന്റെ നാടും ശ്രീമംഗലം എന്ന എന്റെ വീടും ഒക്കെ നിറഞ്ഞു നില്‍കുന്ന മോനൂട്ടനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്നുമുള്ള ഒളിച്ചോട്ടമായിരുന്നു എന്റെ ഈ അജ്ഞാതവാസം…