എപ്പൊഴോ അവളുടെ മുറിയിൽ തന്നെ കിടന്ന് ഉറങ്ങിപ്പോയി…പിറ്റേന്ന് അവളുടെ ചെക്കൻെറ വീട്ടിലേക്ക് പോകുന്നേരം തലയ്ക്കൽ നിന്നത് താനാണ്… അമ്മ അത് കണ്ട് അത്ഭുതപ്പെട്ട് നോക്കുന്നത് മനപൂർവം കണ്ടില്ലെന്ന് വെച്ചു….
ആ വീട്ടിൽ അവിടുത്തെ മകളായി അവൾ നിൽക്കുന്നത് കണ്ടപ്പോൾ ഉള്ളിൽ സന്തോഷം കലർന്ന ഒരു വിങ്ങൽ തോന്നി… താലിയും സിന്ദൂരവുമണിഞ്ഞ് ഭാര്യയായി നിൽക്കുന്ന അവളെ നോക്കി.. ചിരിക്കാൻ ശ്രമിച്ചുവെങ്കിലും ശീലമില്ലാത്തത് കൊണ്ട് ചിരി വന്നില്ല….തിരികെ ഇറങ്ങാൻ നേരം ഞങ്ങൾ പോകുന്നത് നോക്കി വിങ്ങിപ്പൊട്ടി നിൽക്കുന്ന അവളെ ചേർത്ത് പിടിച്ച് നെറുകയിൽ ഒരു ഉമ്മ കൊടുത്തു…. ഒതുക്കി വെച്ചിരുന്ന കരച്ചിലെല്ലാം അറിയാതെ അണ പൊട്ടിയൊഴുകി….
അമ്മയും അച്ഛനും കണ്ട് നിന്ന മറ്റുള്ളവരും അത് കണ്ട് കണ്ണു തുടയ്ക്കുന്നുണ്ടായിരുന്നു….
ഇന്നവൾ മറ്റൊരു വീടിൻെറ മകളാണ്.. അവളുടെ നല്ലപാതിയുടെ മാത്രം സ്വത്ത്… ഇനിയവൾ തിരികെ വരുന്നത് ഒരു വിരുന്നുകാരിയായിട്ടാവും…..ഒരുമിച്ച് ചിലവഴിക്കേണ്ടിയിരുന്ന നല്ല നിമിഷങ്ങളൊക്കെ നശിപ്പിച്ചതിൻെറ കുറ്റബോധവും പേറി ഞാനാ വീട്ടിൽ നിന്നും പടിയിറങ്ങി……പല വീടുകളിലുണ്ടാവും ഒരേട്ടൻ ഉണ്ടായിട്ടും ആ സ്നേഹവും കരുതലും കൊതിക്കുന്ന ഒരനിയത്തി… നിയന്ത്രണങ്ങളുടെ തണലിൽ എന്നും തളച്ചിടുന്നതിന് പകരം അവളെ വല്ലപ്പോഴും ചേർത്തു പിടിക്കണം.. അല്ലെങ്കിൽ ആ സ്നേഹം ആസ്വദിക്കാനും തിരികെ കൊടുക്കാനും ശ്രമിക്കുന്ന സമയത്ത് അവൾ പിറന്ന വീട്ടിലെ വിരുന്നുകാരിയായിട്ടുണ്ടാവും,.