പതിയെ കൈകളിലേക്കും മറ്റേകാലിലേക്കും നാഗങ്ങൾ പടർന്നുകയറി.
ഒരുനിമിഷം മരണം മുന്നിൽകണ്ട മാർത്താണ്ഡൻ ജീവനുവേണ്ടി നിലവിളിച്ചു.
അതിലൊരു നാഗം അയാളുടെ തുടകളിലൂടെ ഇഴഞ്ഞ് വയറിന്റെ മുകളിൽ ചുരുണ്ട് ഫണമുയർത്തി നിന്നു.
ശരീരമാസകലം വേദനകൊണ്ട് പുളഞ്ഞ മാർത്താണ്ഡനുനേരെ ശിൽക്കാരംമീട്ടി വയറിൽ നിന്നും ഇഴഞ്ഞ് നെഞ്ചിലേക്ക് ചലിച്ചു.
“ഭയം,തോന്നുന്നുണ്ടോ ?”
സീതയുടെ ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങിയ നാഗം ചോദിച്ചു.
“വേണ്ട സീതേ, എന്നെ കൊല്ലരുത്.”
“ഞാനും എന്റെ സച്ചിമാഷും ഒരുപാട് പറഞ്ഞതല്ലേ, എന്നിട്ടും നീ…
ഒന്നിച്ചുജീവിക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ഞങ്ങൾ. ഒരുമിച്ചു കണ്ടസ്വപ്നങ്ങൾ, ദിവസങ്ങൾ, യാത്രകൾ, എല്ലാം തകർത്തു നീ..”
അപ്പോഴേക്കും കരിനാഗങ്ങൾ അയാളുടെ ശരീരത്തെ ചുറ്റിവലിഞ്ഞിരുന്നു.
എല്ലാംകണ്ടുനിന്ന കരിമ്പൂച്ച പതിയെ അയാളുടെ അടുത്തേക്ക് നടന്നുവന്നു.
നാഗങ്ങൾ വലിഞ്ഞുമുറുക്കിയ ശരീരത്തിന്റെ അരികിലൂടെ നടന്നുവന്ന് അയാളുടെ മുഖത്തോട് ചേർന്നുനിന്നു.
ശേഷം അതിന്റെ നീളമുള്ള നാവുകൊണ്ട് മാർത്താണ്ഡന്റെ കവിളിനേയും, മൂക്കിനെയും നക്കിനോക്കി. മൂർച്ചയുള്ള പല്ലുകൾ ഇരുട്ടിന്റെ മറവിലും വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.
“ഇനിയെന്താ നിനക്ക് വേണ്ടത് എന്റെ ശരീരമാണോ ? എടുത്തോളൂ..”
നിമിഷനേരംകൊണ്ട് അയാളെ ചുറ്റിവരിഞ്ഞ കരിനാഗങ്ങൾ അപ്രത്യക്ഷമായി.
നിലത്തുനിന്നുമെഴുന്നേറ്റ മാർത്താണ്ഡന്റെ അരികിലേക്ക് സീത ഒഴുകിയെത്തി.
ശേഷം മുലകച്ചയണിഞ്ഞ സുന്ദരിയായ ഒരു യുവതിയായിമാറി.
രക്തത്തിനായി ദാഹിക്കുന്ന ശരീരവുമായി അവൾ അയാളെ വാരിപ്പുണർന്നു.
രക്ഷപെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
തന്റെ ശരീരം തീ ചൂടേറ്റപോലെ പൊള്ളാൻ തുടങ്ങിയപ്പോൾ അയാൾ കുതറിയകലാൻ ശ്രമിച്ചു.
പക്ഷെ ആ ശ്രമത്തിൽ അവർ രണ്ടുപേരും അടിതെറ്റി നിലത്തേക്കുവീണു.
ഭാഗ്യവശാൽ വീണത് തന്റെ ഉപാസനാ മൂർത്തിയായ ചുടലഭദ്രയുടെ കാൽച്ചുവട്ടിൽ നിന്നെടുത്ത പുഷ്പങ്ങൾ നിറച്ച തളികയുടെ ചുവട്ടിലേക്കായിരുന്നു.
അപ്പോഴേക്കും സീതയുടെ മൂർച്ചയുള്ള ദ്രംഷ്ഠകൾ വളർന്ന് മാർത്താണ്ഡന്റെ പിൻകഴുത്തിലേക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങി.