“മാറിനിൽക്ക് ”
അനി അവളുടെ കൈകളിൽ നിന്നും ഷാളിന്റെ ഒരറ്റംവാങ്ങി ശക്തമായി വലിച്ചു.
ഉടനെ ഉണങ്ങിയ ശിഖരവും ഷാളുംകൂടെ ഒരുമിച്ച് അനിയുടെ ദേഹത്തേക്കുവീണു.
അടുത്തനിമിഷം ശക്തമായകാറ്റുവീശാൻ തുടങ്ങി.
നിലത്തുനിന്ന് പിടഞ്ഞെഴുന്നേറ്റ അയാൾ ചുറ്റിയിലും നോക്കി.
ഇലകൾ കാറ്റിൽ ഉലഞ്ഞാടി അതിന്റെ ചില്ലകളെ തഴുകുന്നുണ്ടായിരുന്നു.
പെട്ടന്ന് പടർന്നുപന്തലിച്ച ഇലഞ്ഞിമരത്തിന്റെ മുകളിൽനിന്നും ഇണപിരിയുന്ന പാമ്പുകൾ ഗൗരിയുടെ കൈകളിൽ സ്പർശിച്ച് നിലത്തേക്കുവീണു.
ഭയന്നുവിളിച്ച ഗൗരി അനിയുടെ നെഞ്ചിലേക്ക് വീണു.
ചെറുപുഞ്ചിരിയോടെ അനി അവളെ ചേർത്തുപിടിച്ചു.
പെട്ടന്ന് ഗൗരി അയാളിൽനിന്നും പിന്മാറി.
“വാ,”
അനി മുൻപിലേക്കുനടന്നു.
കാട്ടുവഴിയിലൂടെയുള്ള യാത്രയിൽ ചെറുജീവികളുടെയും മറ്റും ഭീതിപ്പെടുത്തുന്ന നിലവിളി ഉയരാൻ തുടങ്ങിയിരുന്നു.
പതിയെ അരുണകിരണങ്ങൾക്ക് മങ്ങലേറ്റു.
മഴമേഘങ്ങൾ ചുറ്റിലും വ്യാപിച്ചു.
ഉൾക്കാട്ടിലേക്ക് പോകുംതോറും കരിഞ്ഞമാംസത്തിന്റെ ഗന്ധം ഒഴുകാൻ തുടങ്ങി.
ഭയം ഗൗരിയിൽ ഉടലെടുത്തു.
അവൾ ചുറ്റിലും നോക്കി.
ഘോരമായ വനം. ഒന്നലറിവിളിച്ചാൽപോലും ആരും തിരിഞ്ഞുനോക്കാൻ ഇല്ല.
“അനിയേട്ട, നമുക്ക് തിരിച്ചുപോകാം.
എനിക്കെന്തോ വല്ലാത്തഭയം തോന്നുന്നു.”
“ഏയ് പേടിക്കേണ്ട ഞാനില്ലേ, പിന്നെ നിനക്ക് ആത്മാവിനോട് സംസാരിക്കേണ്ടേ,”
“മ്, വേണം, “
“എങ്കിൽ വാ ”
അനി ഗൗരിയുടെ ഇടതുകൈതണ്ടയിൽ പിടിച്ചുകൊണ്ട് വേഗത്തിൽ നടന്നു.
കരിയിലകൾക്കിടയിലൂടെ അയാൾ ഓരോ പാദങ്ങൾ വച്ചു.
പെട്ടന്ന് കാലിൽ എന്തൊതട്ടി അനി തടഞ്ഞുവീഴാൻപോയി.
തിരിഞ്ഞുനോക്കിയ അനി അറ്റുപോയ മനുഷ്യന്റെ ചീഞ്ഞകാലുകണ്ട് ഗൗരിയെ പിന്നിലേക്ക് മാറ്റിനിർത്തി.
എവിടെനിന്നോവന്ന കുറച്ചു നായ്ക്കൾ വിശപ്പകറ്റാൻവേണ്ടി അറ്റുവീണ കാലിന്റെ ശേഷിക്കുന്ന മാംസം ഭക്ഷിക്കാൻ തുടങ്ങി.
അതിലൊരു നായയുടെ കണ്ണിൽനിന്നും രക്തം ഒലിച്ചിറങ്ങാൻ തുടങ്ങിയിരുന്നു.
മറ്റുള്ള നായക്കളിൽ നിന്നും അതുമാത്രം വേർതിരിഞ്ഞുനിന്നുകൊണ്ട് അനിയെ തന്നെ വീക്ഷിച്ചു.
ഉറക്കെ കുരച്ചുകൊണ്ട് അവ അനിയുടെനേരെ ഓടിവന്നു.
കഴുത്തിലുള്ള രക്ഷയെടുത്ത് അനി പുറത്തേക്ക് ഇട്ടതും മുൻപിൽ കണ്ടനായ്ക്കൂട്ടം നിമിഷനേരം കൊണ്ട് അപ്രത്യക്ഷമായതും ഒരുമിച്ചായിരുന്നു