യക്ഷയാമം 20
YakshaYamam Part 20 bY വിനു വിനീഷ്
Previous Parts
പിന്നിൽ ഇന്നത്തെ രാത്രികഴിഞ്ഞാൽ താൻ സ്വന്തമാക്കാൻപോകുന്ന ഗൗരിയെ ആനന്ദത്തോടെ വീക്ഷിക്കുകയായിരുന്നു അയാൾ.
എന്നാൽ അനി കാണാത്ത ഒരുമുഖംകൂടെ അയാൾക്ക് പിന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ഒരു നിഴൽപോലെ സീതയുടെ രൗദ്രഭാവമണിഞ്ഞ മുഖം.
അനി ഗൗരിയെയും കൂട്ടി നെല്ലിക്കുന്ന് എന്ന വനത്തിലേക്ക് നടന്നു.
അപ്പൂപ്പൻക്കാവിലെത്തിയപ്പോൾ സച്ചിദാനന്ദനൊപ്പം താനിരുന്ന ശിലയെകണ്ട ഗൗരി ഒരുനിമിഷം നിശ്ചലയായി നിന്നു.
“എന്താ, അവിടെ ?.”
മുൻപേനടന്ന അനി തിരിഞ്ഞുനിന്നുകൊണ്ട് ചോദിച്ചു.
“ഏയ് ഒന്നുല്ല്യാ ഏട്ടാ..”
ശിലയിൽനിന്നും കണ്ണെടുത്ത് ഗൗരി പറഞ്ഞു.
“എന്നാൽ വരൂ,”
അയാൾ വീണ്ടും നടന്നു. പിന്നാലെ ഗൗരിയും.
വനത്തിലൂടെയുള്ള യാത്രയിൽ അയാൾ ഗൗരിയുടെ ചിന്തകൾ മറ്റെങ്ങോട്ടും പോകാതിരിക്കാൻ ഓരോകാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു.
ചുരിദാറിന്റെ ഷാളിന്റെ ഒരു വശം നിലത്തുകിടന്ന് ഇഴയാൻ തുടങ്ങിയത് അവളറിഞ്ഞിരുന്നില്ല.
പിന്നിയനൂലുകൾ കരിയിലകളെയുംകൂട്ടി യാത്ര ആരംഭിച്ചു.
പെട്ടന്ന് ഗൗരിയുടെ ഷാൾ മാറിൽനിന്നും താഴേക്ക് തെന്നിവീണു.
താഴെ വീണുകിടക്കുന്ന ഷാളിനെ അവൾ കുനിഞ്ഞെടുക്കാൻ നിന്നതും ഷാൾ വീണ്ടും മുന്നോട്ട് ചലിച്ച് താഴെ വീണുകിടക്കുന്ന ഉണങ്ങിയ മരത്തിന്റെ ശിഖരത്തിൽ തട്ടി നിന്നു.
“ഏട്ടാ,”
അസ്വഭാവികമായ ആ കാഴ്ച്ചകണ്ട ഗൗരി അനിയെവിളിച്ചു.
മുന്നിലേക്ക് നടക്കുകയായിരുന്ന അനി തിരിഞ്ഞുനോക്കുമ്പോൾ നിലത്തുവീണുകിടക്കുന്ന ഷാളിനെ അവൾ ശക്തിയായി പിടിച്ചുവലിക്കുന്നുണ്ടായിരുന്നു.
“ന്താ ഗൗര്യേ, ”
അവളുടെ അടുത്തേക്ക് വന്നുകൊണ്ട് അനി ചോദിച്ചു.
“ഷാള് കിട്ടുന്നില്ല്യ ഏട്ടാ,”