സമയം എത്ര പെട്ടെന്ന പോണേ ..ദേ മണി നാല് ചിന്നു വരാറായി ഞാൻ പോട്ടെ
ശരി ചേച്ചി …സമയം കിട്ടുമ്പോളൊക്കെ വരണേ ..
അതുനീ പറഞ്ഞിട്ടുവേണോ …എന്ന ശരിയെടി
ആഹ് ശരിയേച്ചി …
ഞാൻ രേണു ..തനി നാട്ടിന്പുറത്തു ജനിച്ചു വളർന്നു നഗരത്തിലേക്ക് കല്യാണം കഴിപ്പിച്ചയച്ച വീട്ടമ്മ .അച്ഛനും അമ്മയും അനിയന്മാരും ഒരനിയത്തിയും അടങ്ങുന്ന കുടുംബം ..അല്പം സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന കൂട്ടത്തിലാണ് .അച്ഛന് കൃഷി പണിയും അല്ലറചില്ലറ കച്ചവടങ്ങളും ഒക്കെ ഉണ്ട് .2 ഏക്കർ പുരയിടത്തിലെ ഓടിട്ട രണ്ടുനില വീട്ടിൽ ജനിച്ചു ..പറമ്പിലും തൊടിയിലുമായി ബാല്യം .സമപ്രായക്കാരായ നിരവധി കൂട്ടുകാർ, ഇന്നുപല കുട്ടികളും കേട്ടിട്ടുപോലുമില്ലാത്ത പല കളികളും ഞങ്ങൾ കളിച്ചിട്ടുണ്ട് .മണ്ണപ്പം ചുട്ടു കറികളുണ്ടാക്കി വിളമ്പി കളിച്ചതും ഊഞ്ഞാലാടിയതും കുളത്തിൽ നീന്താൻ പഠിച്ചതും അമ്പലത്തിൽ നിന്നും മടങ്ങുമ്പോൾ കുന്നിക്കുരു പെറുക്കി സൂക്ഷിച്ചതും .അമ്മയും കുഞ്ഞുമായി കളിച്ചതും ..ഹോ എന്തൊരു കാലമായിരുന്നു അത് ഓർക്കുമ്പോൾ സങ്കടം തോന്നുന്നു .തോണിയിൽ പുഴയിലൂടെ ഉള്ള യാത്ര പുഴയിൽനിന്നും വീശുന്ന തണുത്ത കാറ്റ് ..ഇപ്പോഴുമുണ്ട് ആ കാറ്റിന്റെ കുളിര് ശരീരത്തിൽ ..സ്‌കൂളിൽ ചേർന്നതും കരഞ്ഞതും പിന്നെ പിന്നെ അതിഷ്ടമായതും ..കോരിച്ചൊരിയുന്ന മഴയത്തു പാവാടയും ബ്ലൗസും ധരിച്ചു മഴകൊണ്ട്, ഒഴുക്കുവെള്ളം തട്ടിത്തെറിപ്പിച്ചു നടന്ന കാലം ..മനയ്ക്കലെ മാവിനുനേരെ കല്ലെറിഞ്ഞതും നായ കടിക്കാൻ ഓടിച്ചതും ..നെഞ്ച് പിടക്കുന്നു ..ഇനി വരില്ലല്ലോ ആ കാലം ..ഓണത്തിന് പൂ പറിക്കാൻ പോയതും പൂക്കളം തീർത്തതും അമ്പലത്തിലേക്ക് മാലകെട്ടിയതും …കൂട്ടുകാരികളുടെ ചിരിയും ഇടക്കുള്ള കളിയാക്കലുകളും മുഖം കനപ്പിച്ചുള്ള നോട്ടവും …അല്പനേരത്തെ പിണക്കവും …പിന്നീട് ഇണങ്ങുമ്പോളുള്ള പുണരലും സ്നേഹം അതൊക്കെയായിരുന്നു നിഷ്കളങ്കമായ സ്നേഹം …വേനലവധിക്ക് സ്‌കൂളടച്ചു അമ്മവീട്ടിൽ പോയതും കുട്ടിസെറ്റുമായി കളിച്ചുനടന്നതും മാങ്ങപെറുക്കി ഉപ്പുംകൂട്ടി തിന്നതും ..ഓർക്കുമ്പോൾ വായിൽ വെള്ളമൂറുന്നു …കാവിലെ വേല കണ്ടതും വളയും ചാന്ധും മാലയും വാങ്ങിയതും ..അമ്മുമ്മ വറുത്തുവച്ച ചക്ക കട്ടെടുത്തു കഴിച്ചത് …അധികം ഓർക്കാൻ കഴിയുന്നില്ല കണ്ണിൽ നനവ് പൊടിയുന്നു …
അഖിലേട്ടൻ എന്നെ കാണുന്നതും ആദ്യമായി സംസാരിക്കുന്നതും മീരേച്ചിയുടെ കല്യാണത്തിനാണ് …എന്റെ അമ്മൂമ്മയുടെ അനിയത്തിയുടെ മകന്റെ മകളാണ് മീരേച്ചി .ചെറുപ്പം തൊട്ടേ ഞങ്ങൾ വലിയ കൂട്ടായിരുന്നു എന്റെ വീടിന്റെ അടുത്തല്ല അവരുടെ വീട് എന്നാലും അവധി ദിവസങ്ങളിൽ ഞാൻ അവിടെ പോകുമായിരുന്നു ഒരുപാടു കുട്ടികൾ ഉള്ള സ്ഥലമാണ് മീരേച്ചിയുടെ വീടിന്റെ പരിസരം അവരുമായി കളിക്കാനും കൂട്ടുകൂടാനും എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു ..മീരേച്ചിയും എന്റെ വീട്ടിലേക്ക് ഇടയ്ക്കിടെ വരുമായിരുന്നു ഞങ്ങൾ തമ്മിൽ വലിയ പ്രായവ്യത്യാസമില്ല സമപ്രായക്കാരെ പോലെയാണ് ഞങ്ങൾ പെരുമാറിയിരുന്നത് ചെറുപ്പത്തിൽ ചേച്ചി എന്ന് വിളിച്ചു ശീലിച്ചു അതിന്നും തുടരുന്നു .