“ഞാൻ റാഷിദ ഇത് എന്റെ അനിയത്തി ഫസീറ ” നിങ്ങളുടെ പേര് കണ്ണൻ എന്നല്ലേ? റാഷിദ ചോദിച്ചു
“അതെ ,അസ്മിനതാത്ത പോകുമ്പോൾ വീടിന്റെചാവി എന്നെ ഏൽപ്പിച്ചിരുന്നു, ഇപ്പോൾ കൊണ്ടു വരാം ” ഞാൻ വീട്ടിനകത്തേക്ക് കയറുവാൻ തുടങ്ങി.
” നിൽക്ക് ഞങ്ങളുമുണ്ട് ഇവിടെ ഒറ്റയ്ക്ക് നിർത്തല്ലേ ” ഫസീറ വേഗം എന്നോടൊപ്പം വന്നു പിന്നാലെ റാഷിദയും. ഞാനവരേയും കൊണ്ട് അകത്ത് കയറി, ഇരിക്കുവാൻ പറഞ്ഞു. കിച്ചണിൽ കയറി രണ്ട് ചായ ഉണ്ടാക്കി. ചായയുമായി ഞാൻ ഉമ്മറത്തേക്ക് ചെല്ലുമ്പോൾ മിണ്ടാനാകാതെ പേടിച്ച് റാഷിദയും ഫസീറയും സോഫയുടെ ഒരു മൂലയിൽ പതുങ്ങിയിരിക്കുന്നു. എന്റെ നാല് ഗാർഡ് ഡോഗുകളും അവരെ വന്ന് മണത്ത് നോക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും ചേച്ചിയും, അനിയത്തിയും ദയനീയമായി നോക്കി.
“പേടിക്കണ്ട നിങ്ങളെ പരിചയപ്പെടുന്നതാ” , ഞാൻ ചായ നൽകിക്കൊണ്ട് പറഞ്ഞു.?.
“ഒരു പ്രാവശ്യം നിങ്ങളുടെ മണം കിട്ടി കഴിഞ്ഞാൽ ഇവർ പിന്നെ നിങ്ങളെ കണ്ടാൽ കുരയ്ക്കില്ല – ”
നായ്ക്കൾ പുറത്തേക്ക് പോയി അവരുടെ വീടിന്റെ താക്കോൽ കൂട്ടം ഞാൻ റാഷിദയ്ക്ക് നൽകി.
“കണ്ണൻ എന്തു ചെയ്യുന്നു ” റാഷിദ ചോദിച്ചു.
” ഇവിടെ കുറച്ച് കൃഷിയും കാര്യങ്ങളുമായി കഴിഞ്ഞുകൂടുന്നു”.
“നിങ്ങൾ ഒറ്റയ്ക്കാണോ വന്നത് വേറെ ആരും കൂടെ വന്നില്ലേ.?”
ഇല്ല, ഞങ്ങൾക്കും അങ്ങനെ പറയാൻ ബന്ധുക്കളാരുമില്ല, ഞങ്ങളുടെ പേരന്റ്സിന്റേത് പ്രണയ വിവാഹമായിരുന്നു. ഒരു ഹിന്ദുവിനെ കല്യാണം കഴിച്ചതുകൊണ്ട് ഉമ്മയുടെ വീട്ടുകാരും, ഒരു മുസ്ലീമിനെ വിവാഹം കഴിച്ചതുകൊണ്ട് അച്ഛന്റെ വീട്ടുകാരും അവരെ പുറത്താക്കി. അച്ഛന്റെ സുഹൃത്തുക്കളാണ് അവരെ ഗൾഫിലേക്ക് കൊണ്ടു പോയതും ജോലി ശരിയാക്കി നൽകിയതും ” റാഷിദ പറഞ്ഞു നിർത്തി.
“ഞങ്ങൾ ജനിച്ചതും വളർന്നതുമെല്ലാം ഗൾഫിലായിരുന്നു. നാട്ടിലേക്ക് ഇതാദ്യമായാണ് വരുന്നത്. രണ്ട് വർഷം മുൻപ് ഗൾഫിൽ വെച്ചുണ്ടായ ഒരാക്സിഡന്റിൽ അച്ഛൻ മരിച്ചു. 6 മാസം മുമ്പാണ് അച്ഛന്റെ സ്പോൺസർ അറബി ഉമ്മയെ വിവാഹം കഴിച്ചത്, അതോടെ ഞങ്ങൾ ഇങ്ങോട്ട് പോന്നു.” ഇത് പറയുമ്പോൾ ഇരുവരുടേയും മുഖത്ത് സങ്കടം നിഴലിച്ചിരുന്നു.
“നാല് മാസമായി നിങ്ങളുടെ വീട് ക്ലീൻ ചെയ്തിട്ട്, ഇന്നെന്തായാലും നമുക്കിവിടെ കൂടാം, നാളെ പണിക്കാരെ വിളിച്ച്, അവിടം ഒന്ന് വൃത്തിയാക്കിയതിനു ശേഷം താമസം തുടങ്ങിയാൽ മതി.” ഞാൻ പറഞ്ഞു.
“താങ്ക്യൂ കണ്ണേട്ടാ, ഞങ്ങൾ വന്നത് ബുദ്ധിമുട്ടായി അല്ലേ ” ഫസീറ ചോദിച്ചു
ഞാൻ ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്യു. ഞാനവരോടൊപ്പം ചെന്ന് വണ്ടിയിലുണ്ടായിരുന്ന സാധനങ്ങൾ വീട്ടിൽ ഇറക്കി വെച്ചു. മാറ്റിയിടാനുള്ള വസ്ത്രങ്ങളുമെടുത്ത് അവർ എനിക്കൊപ്പം വന്നു. ഞാനവർക്കുള്ള മുറി കാണിച്ചു കൊടുത്തു. ഞാൻ നേരെ അടുക്കളയിൽ കയറി രാത്രിക്കുള്ള ഭക്ഷണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. കുളിക്കഴിഞ്ഞ് അവരുമെത്തി.ഞങ്ങൾ ഒരുമിച്ച് ജോലികൾ ചെയ്തു. 8 മണിയോടെ ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചു. പാത്രങ്ങളെല്ലാം കഴുകി വെച്ച് ഹാളിൽ പോയിരുന്നു. കുറേ കാര്യങ്ങൾ സംസാരിച്ചു.
ഇരുമതങ്ങളുടേയും യാതൊരു വിധ ആചാരങ്ങളും പഠിക്കാതെയാണ് അവർ വളർന്നത്, അതുക്കൊണ്ട് തന്നെ സാധാരണ മുസ്ലീം കുട്ടികൾ ധരിക്കുന്ന, പർദ്ദയോ, തട്ടമോ അവർ ധരിച്ചിരുന്നില്ല. ഇരട്ടകളാണ് റാഷിദയും, ഫസീറയും.എന്നാൽ രൂപസാദൃശ്യം തീരെയില്ല. റാഷിദയ്ക്കും ഫസീറയ്ക്കും എന്നേക്കാൾ 2 വയസ് കുറവാണ്. ഫസീറ അവളേക്കാളും 2 മിനിട്ടിന് ഇളയതായതിനാൽ തന്നെ ഇത്താ എന്നാണ് റാഷിദയെ വിളിക്കുന്നത്. ഡിഗ്രി കഴിഞ്ഞ് റാഷിദ അവിടെ വക്കീൽ പഠനത്തിന് ചേർന്നു.എന്നാൽ അച്ഛന്റെ മരണം കാരണം കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല.