അന്ന് ശനിയാഴ്ചയായിരുന്നു. വൈകുന്നേരം ചെറുതായി ചാറ്റൽ മഴ പെയ്യുന്നുണ്ട്. ആയിടയ്ക്കാണ് കുളമൊന്ന് ശരിയാക്കിയത്ത് സൈഡുകളെല്ലാം ഒന്നുകൂടി ഉയർത്തി വെള്ളം വറ്റിച്ച് ടൈൽസ് ഇട്ടു. കുളത്തിലെ പൊത്തും, പോടുമെല്ലാം അടച്ചു. കുളത്തിന്റെ എല്ലാ ഭാഗത്തേക്കും ലൈറ്റുകളും ഫിറ്റ് ചെയ്തു. കുളക്കടവിലെ താഴത്തെ പടവ് ഏതാണ്ട് നാലടി വീതിയുണ്ടായിരുന്നു. അന്ന് ഉച്ചയ്ക്ക് ശേഷം തിരക്ക് പൊതുവെ കുറവായിരുന്നതിനാൽ പുറത്തേക്ക് പോയില്ല. കുളപ്പടവിൽ ഒരു ഷീറ്റ് വിരിച്ച് ചെറിയ ഷോർട്ട്സും ധരിച്ച് ചാറ്റൽ മഴ ആസ്വദിച്ച് ഞാൻ ആകാശവും നോക്കി കിടന്നു.തൊട്ടടുത്ത് ഒരു ബക്കാഡിയുടെ കോഫി ഫ്ലേവറും ഉണ്ടായിരുന്നു. ഒരു ഗ്ലാസ് ഞാൻ തീർത്തിട്ടുണ്ട്. അങ്ങിനെ കിടന്ന് ഞാൻ ചെറുതായൊന്നു മയങ്ങി.
നായ്ക്കളുടെ നിർത്താതെയുള്ള കുരയാണ് എന്നെ ഉണർത്തിയത്. ഞാൻ ചെന്ന് നോക്കിയപ്പോൾ വീട്ട് മുറ്റത്തെ മൂവാണ്ടൻ മാവിന്റെ ചുറ്റും നിന്ന് ടൈഗറും ഷെല്ലിയും മുകളിലേക്ക് നോക്കി കുരക്കുകയായിരുന്നു, ഒപ്പം രണ്ട് സ്ത്രീകളുടെ പേടിയോടെയുള്ള നിലവിളിയും . ഞാനടുത്ത് ചെന്ന് മുകളിലേക്ക് നോക്കി. മുകളിൽ രണ്ട് സുന്ദരിപെണ്ണുങ്ങൾ പേടിച്ച് ഇരിപ്പുണ്ടായിരുന്നു.
ഞാൻ നായക്കളോട് മാറി നിൽക്കാൻ പറഞ്ഞു. അവർ അപ്പുറത്തേക്ക് പോയി. മരത്തിൽ ഇരുന്നവരോട് താഴോട്ടിറങ്ങി വരാൻ പറഞ്ഞു. എന്നാൽ കയറിയത് പോലെ എൂപ്പമല്ലായിരുന്നു ഇറങ്ങിവരാൻ.ഒരു വിധം അവർ താഴെയിറങ്ങി.
“ആരാ, എവിടുന്നാ, എന്തിനാ ഇവിടേക്ക് വന്നത് ” ?
” ഹേ മിസ്റ്റർ നിങ്ങൾക്ക് ബോധമില്ലേ ,ഇങ്ങനെയാണോ ഇവറ്റകളെ വളർത്തേണ്ടത്, അവറ്റകൾ എങ്ങാനും ഞങ്ങളെ കടിച്ചിരുന്നെങ്കിൽ ” , കൂട്ടത്തിൽ ജീൻസും ടോപ്പുമിട്ട കുട്ടി എന്നോട് കൈ ചൂണ്ടി തട്ടിക്കയറി.
എന്റെ നേരെ ഉച്ച ഉയർത്തി കൈ ചൂണ്ടി സംസാരിക്കുന്നത് കണ്ടിട്ടാവണം ടൈഗറും ഷെല്ലിയും കുരച്ചുക്കൊണ്ട് അവർക്ക് നേരെ പാഞ്ഞടുത്തു. അവർ പേടിച്ചലറിക്കൊണ്ട് എന്റെ പിന്നിൽ വന്നൊളിച്ചു.
” അവരെ ഒന്ന് പറഞ്ഞ് വിട് പ്ലീസ്”
” ഞാൻ ബോധമില്ലാത്തവനല്ലേ, ഞാൻ പറഞ്ഞാൽ അവർ കേൾക്കില്ല, ബോധമുള്ള ചേച്ചിമാർ അവരെ പറഞ്ഞ് മനസിലാക്ക്”. ഞാൻ പതിയെ തിരിഞ്ഞ് നടന്നു.
“പ്ലീസ്…. പ്ലീസ്….. പ്ലീസ് ഒന്ന് പറഞ്ഞ് നിർത്ത് ഇനി ആവർത്തിക്കില്ല പ്രോമിസ്” ചെറിയവൾ എന്റെ കയ്യിൽ പിടിച്ചു
ഞാനവർക്ക് സിഗ്നൽ നൽകി പറഞ്ഞ് വിട്ടു.
“ഞങ്ങൾ അപ്പുറത്തെ വീട്ടിലെ താമസക്കാരാ, ഇന്ന് വൈകീട്ടാണ് എത്തിയത് .ഗേറ്റ് തുറന്ന് ഉള്ളിൽ കയറി നോക്കുമ്പോൾ വീട് പൂട്ടിയിരിക്കുന്നു. നേരെ ഇവിടെ വന്ന് നോക്കുമ്പോൾ ഇങ്ങോട്ടുള്ള ഗേറ്റും അടച്ചിരിക്കുന്നു. ഗേറ്റ് ചാടിക്കടന്ന് ഇവിടെ എത്തിയതേയുള്ളൂ, അപ്പോഴേക്കും അവന്മാർ ഞങ്ങൾക്കുനേരെ ഓടി വന്നു, ഞങ്ങൾ പേടിച്ച് ഈ മരത്തിലും കയറി ‘.
“നിങ്ങളുടെ പേര് ? “