ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം

Posted by

“നല്ല കണ്ടുപരിചയമുള്ള മുഖം”
അവരെ കണ്ടപാടെ ദീപ സ്വയം പറഞ്ഞു.

ഡിസ്ചാർജ് പേപ്പറുംവാങ്ങി അവർ വീട്ടിലേക്ക് തിരിച്ചു.
യാത്രാമധ്യേയിലാണ് പുറത്തുനിന്ന് വാങ്ങാനുള്ള മരുന്നിനെ കുറിച്ചോർമ്മവന്നത് ഓട്ടോ ഒരു മെഡിക്കൽ ഷോപ്പിന്റെ അടുത്തു നിറുത്തി
മരുന്ന് വാങ്ങിയിറങ്ങുമ്പോഴാണ് ഓട്ടോക്കരികിൽ ഒരു കാർവന്നുനിന്നത്. അതിൽനിന്നൊരു പ്രായമായ സ്ത്രീ ഇറങ്ങി മെഡിക്കൽ ഷോപ്പിലേക്ക് കയറി,

“നല്ല കണ്ടുപരിചയമുള്ള മുഖം.”
അവരെ കണ്ടപാടെ ദീപ സ്വയം പറഞ്ഞു.
എന്നിട്ടവൾ അല്പനേരം ആലോചിച്ചു നിന്നു

“തേടിയവള്ളി കാലിൽചുറ്റി അജുവിന്റെ ‘അമ്മ”
ദീപ അമ്മയുടെ അടുത്തേക്ക് ചെന്നു.

“അമ്മേ… എന്നെ മനസ്സിലായോ….

“ഇല്ല്യാ..”
അവളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കികൊണ്ട് ‘അമ്മ പറഞ്ഞു.

“ഞാനിന്നലെ അജുവിന്റെ കൂടെ ആസ്പത്രിയിലുണ്ടായിരുന്നു..”

“ഓ…മോളാ….എന്താ ഇവിടെ?”
പുഞ്ചിരിച്ചുകൊണ്ട് ‘അമ്മ ചോദിച്ചു.

“അമ്മയെ ഡിസ്ചാർജ്ചെയ്തു മരുന്ന് വാങ്ങാൻവന്നതാ,
എന്താ രാവിലെത്തന്നെ പോയത്. ഞാൻ വന്നിരുന്നു അപ്പഴാ സിസ്റ്റർ പറഞ്ഞത് പോയിന്ന്.”

“അവനങ്ങനാ…പെട്ടന്നായിരിക്കും തീരുമാനം..”
മുഖം താഴ്ത്തികൊണ്ട് അമ്മ പറഞ്ഞു.

“എനിക്കൊന്നു കാണാൻ പറ്റുമോ എവിടെയാ വീട് ഞാൻ അങ്ങോട്ട് വരാം”

“ഇവിടെ അമ്പലമുക്കിൽ ഇറങ്ങി അഡ്വക്കേറ്റ് കൃഷ്ണൻനായരുടെ വീട് ചോദിച്ചാൽ മതി കാണിച്ചുതരും”
ദീപയുടെ കൈ പിടിച്ചുകൊണ്ട് ‘അമ്മ പറഞ്ഞു.

“ശരിയമ്മേ…. ഞാൻ വരാം.. ഇപ്പ ഞാൻ പോട്ടെ..”

“മ്..”
‘അമ്മ ഒന്ന് മൂളിയിട്ട് മെഡിക്കൽഷോപ്പ് ലക്ഷ്യമാക്കി നടന്നു.

ദീപ പുഞ്ചിച്ചുകൊണ്ട് ഓട്ടോയിൽ കയറി വീട്ടിലേക്ക് തിരിച്ചു.

മഴ ചെറിയതുള്ളികളായി ചാറിക്കൊണ്ടിരുന്നു.

ഓട്ടോ വീടിന്റെ മുറ്റത്തേക്ക് കയറ്റിനിർത്തിയപ്പോഴേക്കും.
സരളചേച്ചി വിവരമന്വേഷിക്കാൻ അവരുടെ അടുത്തേക്ക് വന്നു.
ഓട്ടോയിൽ നിന്നിറങ്ങിയ ദീപ പതിയെ അമ്മയെതാങ്ങിപ്പിടിച്ചു മുറിയിൽ കൊണ്ടുകിടത്തി.

ഉമ്മറത്തേക്ക് വന്ന അവൾ ദീർഘശ്വസമെടുത്ത് വിട്ടു.
വീടിന്റെ കിഴക്കേമൂലയിലെ ഓമമരം ഇന്നലത്തെ കനത്തമഴയിൽ കടപുഴകിവീണത് കണ്ട ദീപ, ചാക്കേടുത്ത് താഴെ വീണുകിടക്കുന്ന ഓമക്കായയെല്ലാം പെറുക്കിയെടുത്തു.

പൊഴിഞ്ഞുവീണ ഇലകളെല്ലാം അടിച്ചുവരി, വീടും പരിസരവും വൃത്തിയാക്കി, അടുപ്പത്ത് രാത്രിക്കുള്ള അരി കലത്തിലിട്ട് അവൾ കുളിക്കാൻ കയറി.
തണുത്തുറഞ്ഞ ശരീരം ഷവറിന്റെ ചുവട്ടിലേക്ക് നീങ്ങിനിന്നപ്പോൾ ആർദ്രമായാ ജലകണികൾ അവളിലേക്ക് അലിഞ്ഞുചേർന്നു.

ഉച്ചതിരിഞ്ഞ് അവൾ അജുവിനെ ലക്ഷ്യമാക്കി യാത്ര തിരിച്ചു..
അമ്പലമുക്കിൽ ബസ്സിറങ്ങി,ചുറ്റിലും നോക്കി.

“പരിചയമില്ലാതസ്ഥലം, ആരോടായിപ്പചോദിക്കാ”

ദീപ നിന്നുപരുങ്ങി.

“എങ്ങോട്ടാ മോളെ..?”

പിന്നിലൂടെ ഒരു വൃദ്ധൻ വന്ന് ചോദിച്ചു.

“ചേട്ടാ…അഡ്വക്കേറ്റ് കൃഷ്ണൻ നായരുടെ വീടെവിടയാ”
അവൾ തിരിഞ്ഞുനിന്ന് ചോദിച്ചു.

“എവിടന്നാ പത്രത്തിന്നാണോ.?..”

“അല്ല …. എന്താ അങ്ങനെ ചോദിച്ചേ…”

“അവിടേക്ക് അധികം പത്രക്കാരാണ് വരാറ്‌ അതുകൊണ്ടു ചോദിച്ചതാ.”
ചുണ്ടിൽ കത്തിയെരിയുന്ന ബീഡി വലതുകൈ കൊണ്ട് എടുത്തുമാറ്റിയിട്ട് അയാൾ പറഞ്ഞു.
“ദേ…ആ വളവ് തിരിഞ്ഞാൽ ആദ്യം കാണുന്ന വീടാണ്.”

“ശരി ചേട്ടാ…”

ദീപ ആ വീടിനെ ലക്ഷ്യമാക്കി നടന്നു.
എന്തൊക്കെയോ ദുരൂഹതയുണ്ടല്ലോ അയാളെ ചുറ്റിപ്പറ്റി അവൾ മനസ്സിലോർത്തു.

പഴയകാലത്തെ പ്രമാണിമാർ രൂപകൽപ്പന ചെയ്ത വീട്,
കേരള ഹൈകോടതിയിൽ വർഷങ്ങളോളം സേവനമനുഷ്ടിച്ച വക്കീൽ കൃഷ്ണൻ നായരുടെ ഫോട്ടോ ഉമ്മറത്ത് മാലയിട്ട് വച്ചിരിക്കുന്നു .
കോളിങ് ബെൽ അടിച്ചുകൊണ്ടു അവൾ ചുറ്റിലും നോക്കി ആൾതാമസമില്ലാതെ കിടക്കുന്ന വീട് പോലെ.
വാതിൽ തുറന്നത് ഒരു പെൺകുട്ടിയായിരുന്നു.

“ആരാ…?..”

“അജു ഇല്ലേ..”

“ഏട്ടൻ കിടക്കുവാ…വരൂ..”

അവൾ ദീപയെ അജുവിന്റെ റൂമിലേക്ക് കൂട്ടികൊണ്ടുപോയി.. എന്തോ പുസ്‌തകം വായിക്കുകയായിരുന്നു അപ്പോളയാൾ

” ഏട്ടാ…ഒരു ആൾ കാണാൻ വന്നിരിക്കുന്നു”

ആദ്യം മുറിയിലേക്ക് കയറിയ പെൺകുട്ടി പറഞ്ഞു.

ആരെന്ന ഭാവത്തിൽ അയാൾ വലിഞ്ഞു നോക്കി
“ഹാ…ദീപാ…..വരൂ ഇരിക്കു എന്താ ഇവിടെ… ഞാൻ തീരെ…”

“പ്രതീക്ഷിച്ചില്ല്യാല്ലേ…”
അവൾ ഇടയ്ക്കു കയറി.

“പ്രതീക്ഷിക്കാത്തതാണല്ലോ നടക്കുന്നത്…എന്താ എന്നോട് പറയാണ്ട് ഡിസ്ചാർജ് ചെയ്തേ.”

“ക്ഷമിക്ക് സാഹചര്യം അതായിരുന്നു സോറി..”
കൈകൾ കൂപ്പി അജു ക്ഷമാപണം നടത്തി.

“എനിക്കറിയണം,
ആരാണ് നിങ്ങൾ.?
എന്താണ് നിങ്ങളുടെ പ്രശ്‌നം?
എന്നോട് സംസാരിക്കണം എന്ന് പറഞ്ഞതെന്താണ്.?.”

ഒറ്റയടിക്ക് ദീപ അവൾക്കാവശ്യമായ ഉത്തരങ്ങൾക്കുള്ള ചോദ്യങ്ങൾ ചോദിച്ചു.

“പറയാം..”

മാറോട് ചേർത്തുപിടിച്ച പുസ്തകം അയാൾ മടക്കിവച്ചു.

“ഞാൻ അജു.
അഡ്വക്കേറ്റ്‌ കൃഷ്ണൻ നായർ എന്റെ അച്ഛനല്ല…ഇവിടെയുള്ളത് എന്റെ അമ്മയും അനിയത്തിയുമല്ല,”

“പിന്നെ..?”
സംശയത്തോടെ ദീപ ചോദിച്ചു.

“എനിക്ക് 8 വയസുള്ളപ്പോളാണ് ഭിക്ഷാടന സംഗത്തിൽനിനെന്നെ ഈ അച്ഛൻ രക്ഷപ്പെടുത്തിയത്, അന്നെന്നെ മാത്രമല്ല കൂടെയുണ്ടായിരുന്ന നാലുപേരെയും,
വൈകാതെ ബാക്കിയുള്ള നാല് പേരെയും അവർ പിടിച്ചുകൊണ്ടുപോയി എന്നെമാത്രം അവരിൽ നിന്നും അച്ഛൻ മറച്ചുപിടിച്ചു.എനിക്ക് ഉടുക്കാൻ ഉടുപ്പ് തന്നു,കഴിക്കാൻ ഭക്ഷണംതന്നു, നല്ല വിദ്യാഭ്യാസം തന്നു, സ്നേഹിക്കാൻ അമ്മയെയും, കുസൃതിക്കാട്ടി കളിക്കാൻ ഒരു കുഞ്ഞനിയത്തിയെയും തന്നു.”

നിറഞ്ഞുതുളുമ്പിയ കണ്ണുകൾ അജു ഇടതുകൈകൊണ്ട് തുടച്ചുനീക്കി.

“എന്നിട്ട്..?”

“കഴിഞ്ഞവർഷം ഭിക്ഷാടനസംഗത്തിനെതിരെ അച്ഛൻ ഒരു കേസ് ഫയൽ ചെയ്തു.അത് വലിയ പ്രശ്നമായിമാറി, പിന്നീടവർ ദിവസവും വീട്ടിൽവിളിച്ചു ഭീക്ഷണി പെടുത്തി,
കേസ് പിൻവലിച്ചില്ലെങ്കിൽ കൊന്നുകളയുംമെന്നുപറഞ്ഞു.
പക്ഷെ അതൊന്നും അച്ഛൻ വക വച്ചില്ല കേസുമായി മുന്നോട്ടുപ്പോയി, നവംബർ ഇരുപതിനു കേസ് വിധിവരാനിരിക്കെ പതിനാറാം തിയ്യതി പുഴയിലൊരു ശവം പൊങ്ങി.

Leave a Reply

Your email address will not be published. Required fields are marked *