ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം

Posted by

“സർ, ഓർഡർ പ്ലീസ്..”
ഓർഡറെടുക്കാൻ വേണ്ടി ഒരുപയ്യൻ വന്നുനിന്നു.

“ദീപാ, വാട്ട് യൂ വാണ്ട്…?”
മെനുകാർഡ് കൈയിൽപ്പിടിച്ചുകൊണ്ട് അജു അവളോട് ചോദിച്ചു.

“എനിക്കൊന്നും വേണ്ട… ”
മുഖത്തുനോക്കാതെ അവൾ പറഞ്ഞു .

“ടു കോഫി പ്ലീസ്…”

കോഫീക്ക് ഓർഡർ കൊടുത്ത് അജു അവളെയൊന്ന് നോക്കി.

കോഫിയുമായി ഹോട്ടൽബോയ്‌ വരുന്നത് വരെ അവർ രണ്ടുപേരും മൗനം പാലിച്ചു.

ടേബിളിന്റെ മുറത്തേക്ക് ആവിപറക്കുന്ന രണ്ട് കോഫി എടുത്തുവച്ചിട്ട് ഒരു പുഞ്ചിരിപാസ്സാക്കി കൂടെ ഒരു ആശംസയും പറഞ്ഞ് ഹോട്ടൽ ബോയ് നടന്നുനീങ്ങി.
ഇതുപോലെ എത്രയെത്ര പ്രണയാർദ്രമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന ആത്മസംതൃപ്തിയിൽ.
പ്രണയത്തിന്റെ തിരശീല മെല്ലെ മിഴി തുറന്നു.

“ദീപാ, എനിക്കൊരു കാര്യം പറയാനുണ്ട്..”

“ഉണ്ട്,അതിനല്ലേ ഇങ്ങോട്ട് വന്നത്..എന്താ കാര്യം..”

“രാവിലെ കുറച്ചുതിരക്കായിരുന്നു അതാ വിളിക്കാൻ പറ്റാഞ്ഞെ സോറി..”

ആദ്യംതന്നെ അജു അവളോട് മാപ്പപേക്ഷിച്ചു

“ഞാൻ എത്രനേരയി ഇവിടെ വന്നുനിൽക്കുന്നു എന്നറിയോ.?
കാത്തുനിന്ന് മനുഷ്യന്റെ മുട്ടുക്കാല് തേഞ്ഞു,”
രോഷത്തോടെ ദീപ പറഞ്ഞു.

“ചൂടാകാതെ ദീപാ, എബിൻ സർ വിളിച്ചിരുന്നു, സെൽവം ഈ നഗരത്തിൽ വന്നിട്ടുണ്ട്.”

അജു ഇരിക്കുന്ന കസേര ദീപയുടെ അടുത്തേക്ക് നീക്കിയിട്ടുകൊണ്ട് പതിയെ പറഞ്ഞു

“ഇന്ന് രാത്രി 65 കുട്ടികളെ മംഗലാപുരത്തേക്ക് കടത്തുന്നുണ്ട്
അത് തടയണം. സ്ഥലവും സമയവും എബിൻ സർ വിളിച്ചുപറയും.”

ദീപ ചുറ്റിലും നോക്കി.

“ദേവീ…. എവിടന്നാ ഇത്രേം കുട്ടികൾ.”

“അറിയില്ല, ”
പാന്റിന്റെ പോകേറ്റിൽനിന്നും ടവ്വലെടുത്ത് അവൻ ഒലിച്ചിറങ്ങുന്ന വിയർപ്പുതുള്ളികളെ ഒപ്പിയെടുത്തു.

“എന്താ പറയാനുണ്ടെന്ന് പറഞ്ഞേ…?”

“എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു, പക്ഷെ, എന്തോ അറിയില്ല.
മനസാകെ അസ്വസ്ഥമായി.
എന്തോ വലിയ അപകടം വരാൻനിൽക്കുന്നതായി ആരോപറയുന്നു ദീപാ…”

“ഏയ്‌ അങ്ങനെയൊന്നുമില്ല ചുമ്മാ മാഷിന് തോന്നുന്നതാ..”
അവൾ അജുവിനെ ആശ്വസിപ്പിച്ചു.

ആവിപറക്കുന്ന കോഫീ അവൻ ചുണ്ടോട് ചേർത്തുവച്ച് കുടിച്ചു.

“ഇന്നത്തോടെ അവസാനിക്കും എല്ലാം.!”
അവൻ സ്വയം പറഞ്ഞു

ദീപ നെറ്റിയൊന്ന് ചുളിച്ചു.

“എന്താ പറഞ്ഞേ.. എന്തവസാനിക്കും ന്ന്?”
അവൾ വീണ്ടും ചോദിച്ചു.

“ഏയ്‌ ഒന്നുല്ല്യാ..”

ടേബിളിന്റെ മുകളിൽ കൈകൾ വച്ചുസംസാരിക്കുകയായിരുന്ന അവളുടെ വിരലുകൾ അജു കൂട്ടിപ്പിടിച്ചു.

“ദീപാ……”

അഞ്ജനമെഴുതിയ അവളുടെ കണ്ണുകളിൽ നിന്നും അജുവിന് വായിചെടുക്കാൻ കഴിയുന്നുണ്ടായിരുന്നു
പ്രണയമെന്ന വികാരം അവളിൽ ഉടലെടുത്തു തുടങ്ങിയെന്ന്.

പെട്ടന്നുതന്ന ദീപ കൈകൾ പിന്നിലേക്ക് വലിച്ചതും അജുവിന്റെ ഫോൺ ബെല്ലടിച്ചതും ഒരുമിച്ചായിരുന്നു.

പോക്കറ്റിൽ കിടന്ന ഫോണെടുത്ത് അവൻ ഇരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റു.

“ഹലോ…അതെ അജുവാണ് ,
എപ്പോ…ദാ വരുന്നു.”

ഫോൺ കട്ട് ചെയ്ത് ദീപയുടെ അടുത്തേക്ക് ചെന്നു.

“ദീപാ…ഞാൻ പോവ്വാ, ഒരു അത്യാവശ്യ മീറ്റിംഗ് ഉണ്ട്.
നീ പൊക്കോ ഞാൻ വൈകുന്നേരം വിളിക്കാം..”

“ആരാ ഫോണിൽ വിളിച്ചേ,?”
സംശയത്തോടെ അവൾ ചോദിച്ചു.

“അത്… അതൊരു ഫ്രണ്ട്, ഒന്ന്,
ഒന്നുകാണണമെന്ന് പറഞ്ഞു.”

അജു നിന്നുപരുങ്ങി.

“മാഷ് എന്തോ എന്നിൽനിന്നും ഒളിക്കുന്നുണ്ട്, ന്താചാ പറയൂ..,
പറയാനുണ്ടെന്ന് പറഞ്ഞ കാര്യമോ പറഞ്ഞില്ല.”

നിരാശയോടെ ദീപ പറഞ്ഞു.

“അയ്യോ…ദീപാ… ഇന്ന് എനിക്കൽപ്പം സമയം തരൂ, നാളെ ഞാൻ നിന്റെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത ഒരുദിവസമാക്കിത്തരും. വൈകിക്കേണ്ട നീ പൊക്കോ രാത്രി ഞാൻ വിളിക്കാം.”

യാത്രപറഞ്ഞു അജു തന്റെ പൾസറിൽ കയറി ഇരിക്കുമ്പോഴാണ് ദീപ അവനുവേണ്ടി ഇന്നലെ രാത്രിയെഴുതിവച കവിതയെക്കുറിച്ച്‌ ഓർമ്മവന്നത്.

“മാഷേ….. ഒരുമിനുറ്റ്.”

ദീപ ബാഗിൽനിന്നും ഒരുവെള്ളപേപ്പറെടുത്ത് അവനുനേരെ നീട്ടി.

“എന്തായിത്…?”
ആകാംക്ഷയോടെ അജു ചോദിച്ചു.

“പണ്ട് എന്നോട് ചോദിച്ചില്ലേ, എനിക്കൊരു കവിത എഴുതിത്തരുമോന്ന്.
ആ കവിതയാണ്, ഈ കവിത.”

അജു അതുവാങ്ങി നാലായി മടക്കി തന്റെ പോക്കറ്റിൽ ഇട്ടു.

“ഒന്നെടുത്തു നോക്കിക്കൂടെ…”
ദേഷ്യത്തോടെ അവൾ ചോദിച്ചു.

“സമയമില്ല ദീപാ, എന്നെക്കാത്ത് ഒരാൾ ഓഫീസിൽ നിൽക്കുന്നുണ്ട് , കവിത ഞാൻ വായിച്ചിട്ട് മറുപടി രാത്രിവിളിക്കുമ്പോൾ പറയാം എന്തേ..”

പുഞ്ചിരിച്ചുകൊണ്ട് അജു പറഞ്ഞു.

“മ്..”
അധരങ്ങളിൽ പുഞ്ചിരിതൂകികൊണ്ട്
ദീപ ഒന്നുമൂളി.

ബൈക്ക് സ്റ്റാർട്ട് ചെയ്ത്
അജു കൺമുൻപിൽ നിന്നും മായുന്നവരെ ദീപ അവനെത്തന്നെ നോക്കി നിന്നു.

ആദ്യപ്രണയം തളിരിട്ടതിന്റെ ആത്മസംതൃപ്‌തയിൽ അവൾ തിരികെ നടന്നു..

സന്ധ്യകഴിഞ്ഞു അന്ധകാരം ചുറ്റിലും പരക്കാൻ തുടങ്ങി തെരുവ് വിളക്കുകൾ മിഴിതുറന്നു.

Leave a Reply

Your email address will not be published. Required fields are marked *