അങ്ങനെ ഞാന്‍ കാത്തിരിപ്പ് തുടങ്ങി…
ഓരോ ദിവസവും പിന്നെ പതിയെയാണ് ഇഴഞ്ഞു നീങ്ങിയത്… ഒടുക്കം ഏപ്രില്‍ മാസത്തിന്റെ അവസാന ദിവസം അവര്‍ ബംഗ്ലാവില്‍ എത്തിയിട്ടുണ്ടെന്നു വൈകീട്ട് അമ്മ വീട്ടിലെത്തിയപ്പോള്‍ പറഞ്ഞു..
” അമ്മെ അപ്പൊ ഞാന്‍ നാളെ തന്നെ അമ്മേടെ കൂടെ വരും…”
“അങ്ങനാണെങ്കി കുട്ടി നേരത്തെ തന്നെ എഴുന്നേറ്റോളൂ ട്ടോ.. മൂട്ടില് വെയിലടിക്കണ വരെ കിടന്നുറങ്ങിയാ പിന്നെ കാണാന്‍ പറ്റില്ല.. ഞാന്‍ എട്ടു മണിക്ക് തന്നെ ഇറങ്ങും…”
അങ്ങനെ പിറ്റെ ദിവസമായി..
ആകാംക്ഷയില്‍ തലേന്നാളത്തെ പോലെ ഉറക്കം പോലും എനിക്ക് കാര്യമായി ഉണ്ടായിരുന്നില്ല..ഞാനാകട്ടെ അമ്മയേക്കാള്‍ നേരത്തെ അന്നേ ദിവസം എഴുന്നേറ്റിരുന്നു… അച്ഛന്‍ രാവിലെ തന്നെ കോട്ടയത്തെതോ മീറ്റിങ്ങിനെന്നു പറഞ്ഞു ഇറങ്ങി…..എട്ടുമണിയോടടുപ്പിച്ച് അമ്മയും അമ്മയ്ക്ക് പിറകെ ഞാനും..
മുന്‍പും പലവട്ടം അമ്മയ്ക്കൊപ്പം എസ്റ്റയിറ്റിൽ പോയിട്ടുണ്ടെങ്കിലും അന്നു പതിവിലുമധികം എന്‍റെ നെഞ്ഞിടിപ്പ് കൂടുതലായിരുന്നു..ബംഗ്ളാവിന്റെ വാതില്‍ കടന്നു ഞാന്‍ അമ്മയ്ക്ക് പിറകെ അതിനു മുന്നിലെത്തി… അവിടെ വിശാലമായ ഗാര്‍ഡനില്‍ ഒരു സ്ത്രീ ഇരുന്നിരുന്നു.. വട്ട മുഖവും തടിച്ച ശരീരവുമുള്ള അവര്‍ ഒരു നീല സാരിയാണുടുത്തിരുന്നത്.. അവരുടെ നെറ്റിയിലെ വട്ടപ്പൊട്ട് അവരുടെ സൗന്ദര്യത്തിനു തിളക്കം കൂട്ടി… ഒരു കൈയ്യില്‍ കാപ്പിക്കപ്പും പിടിച്ച് അവരെന്തോ വായിക്കുകയായിരുന്നു..
അവര്‍ക്ക് മുന്‍പില്‍ എത്തിയപ്പോള്‍ അമ്മയൊന്നു മുരടനക്കി..
അമ്മയെക്കണ്ടപ്പോള്‍ അവരൊന്നു ചിരിച്ചു…
“മാഡം, ഞാന്‍ ജാനകി…എനിക്കിവിടെ എസ്റ്റയിറ്റിലാണ് ജോലി.. ഇതെന്റെ മകനാണ്..അവന്‍ മാഡത്തിന്റെ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്.. അവന് ഇപ്പൊ മാഡത്തെ കാണണമെന്നും സംസാരിക്കണം എന്നും ആഗ്രഹം പറഞ്ഞപ്പോ ഞാന്‍ കൊണ്ടുവന്നതാ..”