ഒരിക്കൽ ശീമക്കൊന്നയുടെ കമ്പു വച്ച് വില്ലും ഈർക്കിൽ വച്ച് അമ്പും ഉണ്ടാക്കി യുദ്ധം ചെയ്തു കളിച്ചപ്പോൾ താൻ വിട്ട ഒരമ്പ് അനിയന്റെ കാലിൽ കുത്തിക്കൊണ്ടു… ചെറുതായി ചോര പൊടിഞ്ഞു… ഇതു കണ്ടുകൊണ്ടു വന്ന അച്ഛന്റെ കയ്യിൽ നിന്ന് തനിക്ക് അന്ന് പൊതിരെ തല്ല് കിട്ടി…
“ നീയെന്തിനാണെടാ അമ്പും വില്ലും കൊണ്ട് കളിച്ചത്?… കുട്ടികൾക്ക് കളിക്കാൻ വേറെ എന്തൊക്കെയുണ്ട്… ” അരിശം മൂത്ത് അച്ഛൻ തന്നോട് ചൂടായി…
“ ഞങ്ങൾ രാമായണം കളിച്ചതാ… ” കരഞ്ഞു കൊണ്ട് താൻ അതു പറഞ്ഞപ്പോൾ അച്ഛന്റെ ദേഷ്യം പിന്നെ മുത്തശ്ശിയോടായി…
“ ഈ അമ്മയാണ് കുട്ടികൾക്ക് വേണ്ടാത്ത കാര്യങ്ങളൊക്കെ പറഞ്ഞു കൊടുക്കുന്നത്… ” മുത്തശ്ശിയെ ഒന്ന് ദേഷ്യത്തോടെ നോക്കിക്കൊണ്ട് അച്ഛൻ അകത്തേക്ക് പോയി… വിഷമത്തോടെ കിടക്കാൻ പോയ മുത്തശ്ശിയുടെ അടുത്തേക്ക് താൻ ചെന്നു… കട്ടിലിൽ കിടക്കുന്ന മുത്തശ്ശിയുടെ അരികിൽ പുറത്ത് തട്ടി താൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു…
“ സാരമില്ല മുത്തശ്ശ്യേ… അച്ഛൻ ചുമ്മാ പറഞ്ഞതാന്നേ… ” അതു കേട്ട് മുത്തശ്ശി തന്നെ നോക്കി പുഞ്ചിരിച്ചു…
“ മോനേ രാഘവാ… രാമായണം… അത് നിന്റച്ഛൻ പറയുന്നതു പോലെ ചുമ്മാതൊരു കഥയല്ലെടാ… ” വിഷമത്തോടെയാണെങ്കിലും മുത്തശ്ശിയുടെ ശബ്ദം ഉറച്ചതായിരുന്നു…
“ കഥയല്ലന്നോ?… പിന്നെ?… ” സാമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലും താൻ സംശയത്തോടെ ചോദിച്ചു…
“ അത് നടന്ന സംഭവമാണ്… ” കലങ്ങിയ കണ്ണുകളോടെ മുത്തശ്ശി പറഞ്ഞു…
“ നടന്ന സംഭവമോ… മുത്തശ്ശി എന്താ പറയുന്നേ… അപ്പൊ ഇത് കഥയല്ലേ… “ ഞാൻ മുത്തശ്ശി പറയുന്നതെന്താണെന്ന് മനസ്സിലാക്കാതെ ഇരുന്നു…
“എന്റെ ചെറുപ്പകാലത്ത് ഞാൻ കേട്ടറിഞ്ഞതാണ് ഇതൊക്കെ… ആ ചിത്രകഥയിൽ പറയുന്ന രാമന്റെ രാജ്യമായ അയോദ്ധ്യ… അതിപ്പോഴും അവിടെയുണ്ട്… അവർ വനവാസകാലത്ത് താമസിച്ചിരുന്ന ദണ്ഡകാരണ്യം… രാമേശ്വരത്തുള്ള രാമസേതു… അങ്ങിനെ എത്രയോ എത്രയോ തെളിവുകൾ…” മുത്തശ്ശി തന്റെ പ്രായത്തെ മറന്ന് വർദ്ധിച്ച ആവേശത്തോടെ പറഞ്ഞു…
“ അതിനിപ്പോ എന്താ മുത്തശ്ശീ… “ മുത്തശ്ശി പറയുന്നതൊക്കെ ഒന്ന് മനസ്സിലിട്ട് ചിന്തിച്ച് ഞാൻ പറഞ്ഞു…